rgy

ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി പ്രശ്നത്തിൽ പ്രധാനമന്ത്രിക്കെതിരെ വീണ്ടും പ്രസ്താവനയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. "ചൈനയുടെ കടന്നു കയറ്റത്തിനും അക്രമങ്ങൾക്കുമെതിരെ ലഡാക്കിലെ ജനങ്ങൾ സർക്കാരിന്റെ സഹായം തേടിയിരുന്നു. അവരുടെ സഹായാഭ്യർത്ഥനയും സങ്കടവും അവഗണിച്ചാൽ അങ്ങേയറ്റം രാജ്യത്തിന് ദോഷമാകും." ചൈന നിരന്തരം കടന്നുകയറുന്നു എന്ന് ലഡാക്കിലെ പൗരന്മാർ ആരോപിക്കുന്ന മാദ്ധ്യമ റിപ്പോർട്ടും ട്വിറ്ററിൽ അദ്ദേഹം പങ്കുവച്ചു. പ്രധാനമന്ത്രിയുടെ ലേ, നിമു സന്ദർശനത്തിന് പിന്നാലെയാണ് രാഹുലിന്റെ ഈ വിമർശനം.

'ലഡാക്കിലെ പ്രദേശവാസികൾ ചൈനയുടെ കടന്നുകയറ്റത്തിനെതിരെ അവരുടെ ശബ്ദമുയർത്തുന്നുണ്ട്. അവരുടെ ആപൽസൂചന ഇന്ത്യക്ക് അങ്ങേയറ്റം ദോഷം ചെയ്യും. ഇന്ത്യയുടെ നന്മയ്ക്കായി പ്രധാനമന്ത്രി അവർ പറയുന്നത് കേൾക്കൂ.' രാഹുൽഗാന്ധി ട്വിറ്ററിൽ കുറിച്ചു.

ഇന്നലെയും ലഡാക്കിലെ ഇന്ത്യ ചൈന വിഷയത്തിൽ രാഹുൽഗാന്ധി സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. 'ലഡാക്കിലെ ജനങ്ങൾ ചൈന ഞങ്ങളുടെ ഭൂമി തട്ടിയെടുക്കുന്നു എന്ന് പറയുന്നു. എന്നാൽ പ്രധാനമന്ത്രി ആരും നമ്മുടെ സ്ഥലം അപഹരിച്ചിട്ടില്ല എന്നാണ് പറയുന്നത്. ആരോ ഒരാൾ കള‌ളം പറയുകയാണ്.' എന്നായിരുന്നു രാഹുൽ ട്വിറ്ററിൽ കുറിച്ചത്.