e-mobility


'ഉച്ചിക്ക് കൈവയ്‌ക്കും മുൻപ് ഉദകക്രിയയ്ക്ക് ഒരുങ്ങുന്നവർ' എന്ന ശീർഷകത്തിൽ കേരള കൗമുദി ജൂലായ്...... മൂന്നിന് പ്രസിദ്ധീകരിച്ച എഡിറ്റോറിയൽ വായിച്ചു. സംസ്ഥാനത്ത് ഇലക്‌ട്രോണിക് വാഹനങ്ങൾ നിർമ്മിക്കാനോ ഇറക്കുമതി ചെയ്യാനോ ഉള്ള ഇ-മൊബിലിറ്റി പദ്ധതിയെക്കുറിച്ച് പ്രതിപക്ഷമുയർത്തിയ ആക്ഷേപങ്ങളെ വിമർശിച്ചുകൊണ്ടുള്ള എഡിറ്റോറിയലിലെ ചില പരാമർശങ്ങളോട് യോജിക്കാനാവില്ല. ഇ -മൊബിലിറ്റി പദ്ധതിയെയും വൈദ്യുത വാഹനങ്ങളെയും എതിർക്കുകയാണെന്ന ധ്വനിയാണ് എഡിറ്റോറിയലിൽ ഉടനീളം. അത് തെറ്റാണ്. നാളത്തെ വാഹനങ്ങൾ ഇലക്ട്രിക് വാഹനങ്ങൾ തന്നെയാണെന്ന് ഉത്തമബോദ്ധ്യമുണ്ട്. ഒരു കാലത്ത് ചിലർ കമ്പ്യൂട്ടറിനെ എതിർത്തതുപോലെ ഇലക്ട്രിക് വാഹനങ്ങളെ എതിർക്കാനുള്ള മൗഢ്യമൊന്നും ഞങ്ങൾക്കില്ല. ഞങ്ങൾ എതിർക്കുന്നത് ആരുമറിയാതെ എല്ലാ ചട്ടങ്ങളും കാറ്റിൽ പറത്തി കൊണ്ടുവന്ന പദ്ധതിയിലെ ദുരൂഹതയെയാണ്. അഴിമതി തടയുന്നതിന് ആവിഷ്‌കരിച്ചിട്ടുള്ള ഉപാധികളെ ബോധപൂർവം ലംഘിച്ചുകൊണ്ട് ഒരു പദ്ധതി കൊണ്ടുവരുമ്പോൾ അത് പൂർണമായും നിർദോഷമാണെന്ന് കരുതാൻ കഴിയില്ല.


4500 കോടി രൂപയുടെ ഇ - മൊബിലിറ്റി കേരളത്തെ സംബന്ധിച്ചിടത്തോളം വമ്പൻ പദ്ധതിയാണ്. എന്നാൽ പദ്ധതിയുടെ ധാരണാപത്രം ഒപ്പിട്ടോ, അതോ ഒപ്പിടാൻ പോകുന്നേയുള്ളോ എന്ന കാര്യത്തിൽ പോലും സംശയം നിലനിൽക്കുകയാണ്. സിസ് കമ്പനിയായ ഹെസിന്റെ വെബ്‌സൈറ്റിൽ കാണുന്നത് സംസ്ഥാന സർക്കാരുമായി അവർ ധാരണാപത്രത്തിൽ ഒപ്പിട്ടു കഴിഞ്ഞെന്നാണ്. എന്നാൽ, മുഖ്യമന്ത്രി പറയുന്നത് ധാരണാപത്രം ഒപ്പിട്ടില്ലെന്നാണ്. ഇതാണ് പദ്ധതിയുടെ തുടക്കത്തിലേയുള്ള അവസ്ഥ.


പദ്ധതി തുടങ്ങുന്നതിനു മുമ്പ് ഫീസിബിലിറ്റി സ്റ്റഡി നടത്തണം. സർക്കാരിന് വൈദഗ്ധ്യമില്ലെങ്കിൽ വൈദഗ്ധ്യമുള്ള കൺസൾട്ടൻസി കമ്പനികളെ ഏല്പിക്കും. പക്ഷേ, അതിന് നടപടിക്രമങ്ങളുണ്ട്. ഗ്ലോബൽ ടെണ്ടർ വിളിച്ച് കമ്പനിയെ കണ്ടെത്തി മന്ത്രിസഭയുടെ അംഗീകാരത്തോടെയാണ് നിയമിക്കേണ്ടത്.


പക്ഷേ, ഇവിടെ നേരെ തിരിച്ചാണ് കാര്യങ്ങൾ നീങ്ങിയത്. ആദ്യം ഹെസ് എന്ന കമ്പനിയുമായി ചർച്ച നടത്തി കരാർ ഉറപ്പിച്ചു. അതനുസരിച്ച് ധാരണാപത്രം ഒപ്പിടാനുള്ള ഘട്ടമെത്തിയപ്പോഴാണ് ഫയൽ ചീഫ് സെക്രട്ടറിയുടെ അടുത്ത് എത്തുന്നതും നടപടിക്രമങ്ങൾ പാലിച്ചാണോ ഹെസ്സിനെ തിരഞ്ഞെടുത്തതെന്ന് അദ്ദേഹം ഫയലിൽ എഴുതുന്നതും. ധനകാര്യവകുപ്പും അതേ ചോദ്യമുയർത്തി. തുടർന്നാണ് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കൺസൾട്ടൻസിക്കായി പി.ഡബ്ള്യു.സി.യെ നിയോഗിച്ചത്. അവിടെയും ചട്ടങ്ങൾ പാലിച്ചില്ല. പദ്ധതിക്കായി ഹെസ് എന്ന വാഹന നിർമ്മാണ കമ്പനിയെ തിരഞ്ഞെടുത്തപ്പോഴോ, കൺസൾട്ടന്റായി പി.ഡബ്ല്യു.സി.യെ തിരഞ്ഞെടുത്തപ്പോഴോ നിയമാനുസൃതം പൂർത്തിയാക്കേണ്ട നടപടി ക്രമങ്ങൾ ഒന്നും പാലിച്ചിട്ടില്ല. ഈ വീഴ്ച അവഗണിക്കാൻ കഴിയില്ല. കാരണം അത് വലിയ അഴിമതിയിലേക്ക് വഴി തുറക്കും. പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത് അതാണ്.

സാധാരണ സി.പി.എമ്മും ഇടതുപക്ഷവും ചെയ്യുന്നതുപോലെ ഏതു പദ്ധതിയെയും കണ്ണുംപൂട്ടി എതിർക്കുകയും അക്രമാസക്തമായ സമരങ്ങൾ കൊണ്ട് അവയെ തുരങ്കം വയ്ക്കുകയും ചെയ്യുന്ന സമീപനം യു.ഡി.എഫിന് ഇല്ല. എഡിറ്റോറിയലിൽ ചൂണ്ടിക്കാണിച്ചതുപോലെ ദേശീയപാതാ വികസനത്തെയും ഗെയിൽ പൈപ്പ് ലൈൻ പദ്ധതിയെയുമൊക്കെ പ്രതിപക്ഷത്തായിരുന്നപ്പോൾ എത്ര രൂക്ഷമായ സമരങ്ങൾ വഴിയാണ് സി.പി.എം. എതിർത്തതെന്ന് ഓർക്കുമല്ലോ. കൊച്ചിയിൽ സ്മാർട്ട് സിറ്റി പദ്ധതി കൊണ്ടുവന്നപ്പോൾ റിയൽ എസ്റ്റേറ്റ് കച്ചവടമെന്ന് ആക്ഷേപിച്ച് അതിനെ അട്ടിമറിക്കാൻ ശ്രമിച്ചവർ ആരാണ് ? എന്തിന് കേരളത്തിന്റെ എക്കാലത്തെയും വലിയ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ എത്ര ശക്തമായ പ്രതിഷേധമാണവർ ഉയർത്തിയത്.? കേരളത്തിന്റെ അഭിമാനങ്ങളിലൊന്നായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള പദ്ധതിക്കെതിരെ നടന്ന സമരാഭാസങ്ങൾ ആരും മറന്നിട്ടില്ല.
പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിന് സെബിയുടെ വിലക്കില്ലെന്ന എഡിറ്റോറിയലിലെ പരാമർശം തെറ്റിദ്ധാരണ കൊണ്ട് ഉണ്ടായതാണെന്ന് തോന്നുന്നു. ഓഡിറ്റിംഗ് കമ്പനിക്ക് മാത്രമല്ല, പി.ഡബ്ല്യു.സി.യുടെ എല്ലാ അനുബന്ധ കമ്പനികൾക്കും വിലക്ക് ബാധകമാണെന്ന് സെബിയുടെ ഉത്തരവിലുണ്ട്.


ഏറ്റവുമൊടുവിൽ ഞാൻ പുറത്തുവിട്ട വിവരം ഭരണ ആസ്ഥാനമായ സെക്രട്ടേറിയറ്റിൽ പി.ഡബ്ല്യു.സി.ക്ക് ഓഫീസ് തുറക്കാൻ അനുമതി നൽകാൻ പോകുന്നു എന്നതാണ്. നിർദ്ദോഷമായ ഒരു നീക്കമായി അതിനെ കാണാൻ കഴിയില്ല. ചാടിച്ചാടി വളയമേ വേണ്ടാത്ത ചാട്ടമാണ് നടക്കുന്നത്. സർക്കാരിന്റെ വീഴ്ചകൾ കണ്ടെത്തുകയും ഭരണപക്ഷത്തിന്റെ കൈയേറ്റങ്ങളിൽ നിന്ന് സംസ്ഥാനത്തെ രക്ഷിക്കുകയും ചെയ്യേണ്ട കടമയാണ് ഒരു ജനാധിപത്യക്രമത്തിൽ പ്രതിപക്ഷത്തിനുള്ളത്. പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതുകൊണ്ടാണ് സ്‌പ്രിംഗ്ളർ, പമ്പയിലെ മണൽക്കൊള്ള ,ബെവ് ക്യു ആപ്പ് തുടങ്ങിയ ഒട്ടേറെ അഴിമതികൾ തടയാനായത്. അഴിമതിക്കെതിരായ പ്രതിപക്ഷത്തിന്റെ പോരാട്ടത്തിന് കേരളകൗമുദിയുടെ വിലപ്പെട്ട പിന്തുണ ഞങ്ങൾക്ക് ഇനിയും ലഭിക്കുമെന്നുറപ്പുണ്ട്.