തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് സമൂഹവ്യാപനമുണ്ടെന്നത് യാഥാർത്ഥ്യമാണെന്ന് ഐഎംഎ (ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍) പ്രസിഡന്റ് ഡോ. എബ്രഹാം വർഗീസ്. കൊവിഡ് ബാധ വർദ്ധിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ സമൂഹവ്യാപനഭീഷണി രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ സമ്പർക്കം വഴി 27 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടമറിയാത്ത കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരികയാണ്. കേരളത്തിൽ ഇത്തരത്തിൽ എൺപതോളം കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്തും, പൊന്നാനിയിലും, എറണാകുളത്തും സമൂഹ്യവ്യാപന ഭീഷണി ഗുരുതരമായിക്കൊണ്ടിരിക്കുകയാണ്. കൊവിഡ് രോഗികളുമായി സമ്പർക്കത്തിലേർപ്പെടാത്ത ആരോഗ്യ പ്രവർത്തകർക്ക് രോഗബാധ സ്ഥീരികരിക്കുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകരുടെ കൊവിഡ് ടെസ്റ്റുകൾ വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. എടപ്പാളിൽ സെന്റിനൽ ടെസ്റ്റിന്റെ ഫലം വരാൻ പത്ത് ദിവസമെടുത്തിരുന്നു.
സാധാരണ നിലയിൽ ഇത്രയും കാലതാമസം വരാറില്ല. റിസൽട്ട് വരുന്നതുവരെയുള്ല പത്ത് ദിവസവും ഇവർ രോഗികളെ പരിചരിച്ചിക്കുകയും മറ്റുള്ളവരുമായി ഇടപെടുകയും ചെയ്തിരുന്നു. ഇത്തരം സ്ഥിതിഗതികൾ കൊവിഡ് വ്യാപനത്തിന് കാരണമായി മാറിയേക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. കൂടാതെ സംസ്ഥാനത്ത് അനുവദിച്ചിട്ടുള്ല ഇളവുകൾ ജനങ്ങൾ ദുരുപയോഗം ചെയ്യാതിരിക്കാൻ അധികാരികൾ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ടെന്നും എബ്രഹാം വർഗീസ് അറിയിച്ചു.