pinarayi

"ഞാൻ പിണറായിയിലെ ഒരു പാർട്ടി പരിപാടിയിൽ പ്രസംഗിക്കാൻ പോയിരുന്നു. അവിടെ മിടുക്കനായ ഒരു ചെറുപ്പക്കാരന്റെ പ്രസംഗം കേട്ടു. അവന് വലിയ ഭാവിയുണ്ട്." പിണറായിലെ പാർട്ടി പരിപാടിയിൽ പങ്കെടുക്കാൻ പോയ എ.കെ.ജി അന്നത്തെ ചുറുചുറുക്കുള്ള പിണറായി വിജയന്റെ പ്രസംഗം കേട്ട് രൈരു നായരോട് പറഞ്ഞ വാക്കുകളാണിത്. കോഴിക്കോട് വച്ച് കണ്ടുമുട്ടിയപ്പോൾ തന്നോട് എ.കെ.ജി പറഞ്ഞ വാക്കുകൾ ഇട‌യ്ക്കിടെ രൈരു നായർ അനുസ്‌മരിക്കാറുണ്ടായിരുന്നു. അന്ന് പിണറായി വിജയൻ യുവജന സംഘടനയുടെ നേതാവാണ്. നാട്ടുകാരനെന്ന നിലയിൽ ആളെ അറിയാമെന്നല്ലാതെ രൈരു നായർക്ക് അടുപ്പമൊന്നും ഉണ്ടായിരുന്നില്ല.

രൈരു നായർ കോഴിക്കോട് മെഡിക്കൽ ഷോപ്പ് നടത്തുമ്പോൾ പിണറായിയിലെ സഖാവായിരുന്ന ചെറായി അനന്തന്റെ ചികിത്സാർത്ഥം സി.എച്ച്.കണാരൻ പറഞ്ഞതനുസരിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ സൗകര്യം ചെയ്‌ത് ഏർപ്പാടാക്കി കൊടുക്കേണ്ടി വന്നു. അന്ന് അനന്തന് രക്തം നൽകാൻ വന്ന പിണറായിയിലെ യുവാക്കളിൽ ഒരാൾ വിജയനായിരുന്നുവെന്നും അന്ന് ഗൗരവത്തിലൊരു ചിരി ചിരിച്ചതല്ലാതെ വിജയൻ ഒന്നും മിണ്ടിയിരുന്നില്ലെന്നും രൈരു നായർ ഓർക്കാറുണ്ട്.

അതിനുശേഷം പടിപടിയായി ആ സൗഹൃദം വളർന്നു. കോഴിക്കോട് എന്തെങ്കിലും പാർട്ടി പരിപാടിക്ക് പോയാൽ പിണറായി രൈരു നായരുടെ മുറിയിലായിരുന്നു താമസം. അങ്ങനെയാണ് അവർ തമ്മിലുള്ള ആത്മബന്ധം വളർന്നത്. ഓണത്തിന് ഇരുവരും ഓണക്കോടിയും മറ്റും കൈമാറാറുണ്ടായിരുന്നു. രൈരു നായർ ആശുപത്രിക്കിടക്കയിലായിരുന്നപ്പോൾ തിരക്കിനിടയിൽ പോലും പിണറായി വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുമായിരുന്നു. ഇരുവരുടെയും കുടുംബങ്ങൾ തമ്മിലും വളരെ അടുപ്പത്തിലായിരുന്നു. പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷം രൈരു നായരെ ക്ലിഫ് ഹൗസിലേക്കു ക്ഷണിക്കുകയും സുഹൃത്തായ ജെമിനി ശങ്കരനുമൊത്ത് അവിടെ പോവുകയും ചെയ്തിരുന്നു.

പ്രായത്തിൽ വലിയ വ്യത്യാസമുണ്ടെങ്കിലും പിണറായി വിജയനും രൈരു നായരും തമ്മിലുള്ള സൗഹൃദം ദൃഢമായിരുന്നു. ഒരേ നാട്ടുകാരായ ഇരുവരും തമ്മിൽ ആഴത്തിലുള്ള ബന്ധമാണുണ്ടായിരുന്നത്. പിണറായി വിജയന്റെ പടിപടിയായുള്ള രാഷ്ട്രീയ വളർച്ച കാണുകയും അതിനെ പ്രോത്സാഹിപ്പിക്കുയും ചെയ്ത ആളായിരുന്നു രൈരു നായർ. കൊവിഡ് തിരക്കുകളായതിനാൽ തന്നെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് അദ്ദേഹത്തെ അവസാനമായി കാണാൻ കഴിയാത്തതിലെ നിരാശയുമുണ്ട്.