കാലാളുകളെയും സേനയെയും അണിനിരത്തി ഇന്ത്യയ്ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ചതുരംഗം കളിക്കുകയായിരുന്നു ചൈന. ഒടുവിൽ പോർമുഖത്ത് നേരിട്ടിറങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി, ചൈനയുടെ കളിക്ക് ചെക്ക് വച്ചു. ഇതിനർത്ഥം കളി അവസാനിച്ചെന്നോ, എന്നെന്നേക്കുമായി തോൽവി സമ്മതിച്ച് ചൈന പിന്മാറിയെന്നോ അല്ല. എന്നിട്ടും മോദിയുടെ ലഡാക്ക് സന്ദർശനം എങ്ങനെയാണ് ചൈനയ്ക്ക് മറുപടിയാകുന്നത്..?
തങ്ങളുടെ അതിർത്തികൾ ഓരോ രാജ്യത്തിനും പരമപ്രധാനവും പവിത്രവുമാണ്. അതിന്മേലുള്ള ഏതൊരു ചെറിയ കൈകടത്തലുകളും അതത് രാഷ്ട്രത്തെ സംബന്ധിച്ച് അവരുടെ പരമാധികാരത്തെ കളങ്കപ്പെടുത്തലാണ്. അതിർത്തിയിലെ ചൈനയുടെ അതിക്രമങ്ങൾ ഇന്ത്യയ്ക്കും മുറിവുകളായി മാറിയിട്ട് നാളുകൾ കഴിഞ്ഞു. പാകിസ്ഥാന് മേൽ ഒരുരാത്രി ഇരുട്ടിവെളുത്തപ്പോഴേക്കും സർജിക്കൽ സ്ട്രൈക്കുമായി ചെന്ന് പകരംവീട്ടിയ ഇന്ത്യ, ചൈനയോട് മൗനം പാലിച്ചതിന് പിന്നിൽ മറ്റുചില നയതന്ത്രനീക്കങ്ങളായിരുന്നു ലക്ഷ്യമെന്നാണ് പ്രതിരോധരംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.
നാളുകളായി നീണ്ടുനിന്ന സംഘർഷത്തിനൊടുവിൽ ചൈനയും ഇന്ത്യയും അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുമെന്ന വാർത്തയ്ക്ക് പിന്നാലെ മറ്റൊരു വിവരവും പുറത്തുവന്നു, പ്രധാനമന്ത്രി മോദി ലഡാക്ക് സന്ദർശിക്കുന്നു. ആദ്യം അമ്പരന്നെങ്കിലും പെട്ടെന്ന് തന്നെ മാദ്ധ്യമങ്ങൾ ആ വിവരം സ്ഥിരീകരിച്ചുകൊണ്ട് വാർത്ത നൽകിത്തുടങ്ങി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അതിർത്തി സന്ദർശിക്കുമെന്നായിരുന്നു ആദ്യതീരുമാനം. പിന്നീട് ആ സന്ദർശനം റദ്ദാക്കി. പകരം സംയുക്തസേനാ മേധാവി പോകുമെന്ന് വ്യാഴാഴ്ച അറിയിപ്പെത്തി. എന്നാൽ, ലേയിൽനിന്ന് 35 കി.മീ അകലെയുള്ള നിമുവിലെ എട്ടാം സേനാ ഡിവിഷൻ ആസ്ഥാനത്ത് അണിനിരന്ന സൈനികർക്കു നടുവിലേക്ക് മോദി തന്നെ നേരിട്ടെത്തി. സൈന്യത്തിലെയും പ്രതിരോധമന്ത്രാലയത്തിലെയും ചുരുക്കം ചില ഉന്നത ഉദ്യോഗസ്ഥർക്ക് ഒഴികെ, അണിയറയിലെ നീക്കം സംബന്ധിച്ച് ആർക്കും സൂചനകളുണ്ടായിരുന്നില്ല. ചൈനീസ് ആപ്പുകൾ നിരോധിച്ച ഇന്ത്യൻ നടപടിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചുകൊണ്ട് ചൈനീസ് അധികൃതർ രംഗത്തുവന്നപ്പോൾ ഇന്ത്യയുടെ മറുപടി പ്രധാനമന്ത്രിയെ അതിർത്തിയിൽ എത്തിച്ചുകൊണ്ടായിരുന്നു.
ഒരു വെടിക്ക് ഒരുപാട് പക്ഷികൾ
മോദിയുടെ ലഡാക്ക് സന്ദർശനം ചൈനയ്ക്കുള്ള ശക്തമായ താക്കീത് മാത്രമായിരുന്നില്ല. കടുത്ത മഞ്ഞിലും തണുപ്പിലും അതിലുപരി ശത്രുവിന്റെ ആയുധമുനയ്ക്ക് മുന്നിലും രാജ്യത്തെ സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ട സൈന്യത്തിന് ആശ്വാസവും ആത്മവിശ്വാസവും പകരുക, താൻ രാജ്യത്തിന്റെ പരമാധികാര സംരക്ഷണത്തിന് മറ്റെന്തിനേക്കാളും കരുതൽ നൽകുന്നുവെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തുക, രാഷ്ട്രീയ എതിർസ്വരങ്ങളെ നേരിടുക തുടങ്ങിയവ ഇതിൽപ്പെടുന്നു.
"ഹിമാലയത്തോളം ഉറപ്പും ദൃഢനിശ്ചയവുമുള്ളവരാണ് നിങ്ങൾ. ലഡാക്ക് ഇന്ത്യയുടെ ശിരസാണ്. നിങ്ങളിൽ നിന്ന് ഊർജമുൾക്കൊണ്ട് സ്വയംപര്യാപ്തത കൈവരിക്കാനുള്ള ആത്മനിർഭര യജ്ഞം രാജ്യം യാഥാർത്ഥ്യമാക്കും." എന്ന് സൈന്യത്തെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞപ്പോൾ അത് രാജ്യത്തിന് മുഴുവനുമുള്ള ഊർജസ്രോതസായി മാറുകയായിരുന്നു. മാത്രമല്ല, ഇരുരാജ്യങ്ങൾക്കുമിടയിലെ നയതന്ത്രചർച്ചകൾ മുന്നോട്ടു നീങ്ങുമ്പോൾ, സമാധാനം കൂടുതൽ ആഗ്രഹിക്കുന്നവരെന്ന നിലയിൽ ഇന്ത്യ അല്പം അയഞ്ഞാൽ അതുണ്ടാക്കുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങൾ വലുതായിരിക്കും. 20 ധീരസൈനികരുടെ ജീവന്, ഇതുവരെ രാജ്യത്തിനുവേണ്ടി ജീവൻ നൽകിയ സൈനികരുടെ വീരമൃത്യുവിന്, ഓരോ അതിർത്തികളിലുമുള്ള പതിനായിരക്കണക്കിന് സൈനികരുടെ ആത്മവിശ്വാസത്തിന് ഒക്കെ അതേൽപ്പിക്കുന്ന ആഘാതം മരണത്തേക്കാൾ ഭയാനകമായിരിക്കും. ഇതിനെല്ലാമുള്ള മറപടിയായിരുന്നു മോദിയുടെ അതിർത്തി സന്ദർശനം. ലേയിലെത്തിയ മോദി സൈനികരെ അഭിസംബോധന ചെയ്യുക മാത്രമല്ല, അവരുടെ സഹപ്രവർത്തകരുടെ വീരമൃത്യു വെറുതെയാവില്ലെന്ന് ഉച്ചത്തിൽ പ്രഖ്യാപിച്ചു. പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന സൈനികരെയും സന്ദർശിച്ചു.
നാടകീയം, പക്ഷേ അപ്രതീക്ഷിതമോ?
അതീവ നാടകീയമായി അതിർത്തിയിലെത്തി അമ്പരപ്പുണ്ടാക്കിയെങ്കിലും സന്ദർശനം തീരെ അപ്രതീക്ഷിതമായി എടുത്ത തീരുമാനമായിരുന്നില്ല എന്നാണ് സൂചനകൾ. പ്രതിരോധമന്ത്രിയുടെ പേരിൽ, പിന്നീട് സേനാമേധാവിയുടെ പേരിൽ മോദിയുടെ വരവിന് അരങ്ങൊരുക്കുകയായിരുന്നു അണിയറപ്രവർത്തകർ. പാകിസ്ഥാന് തിരിച്ചടി നൽകാനെടുത്ത വേഗം എന്തുകൊണ്ട് ചൈനയ്ക്കെതിരെ ഇല്ല എന്നുള്ള ചോദ്യം രാജ്യത്തെ പ്രതിപക്ഷത്തിന്റേതു മാത്രമല്ല, സാധാരണ ജനങ്ങളുടേതു കൂടിയാണെന്ന് മോദിക്കും എൻഡിഎ സർക്കാരിനും നന്നായി അറിയാം. ദേശീയതയും പരമാധികാരവും കൂട്ടിക്കുഴച്ച് വിശദീകരിച്ചിട്ടും ആ സംശയങ്ങൾക്ക് മറുപടിയായിരുന്നില്ല. അങ്ങനെ ഏവരെയും അമ്പരിപ്പിച്ച് പ്രധാനമന്ത്രി അതിർത്തിയിൽ സൈന്യത്തിന്റെ മുന്നണിയിലെത്തി. അവിടെ പറഞ്ഞ വാക്കുകൾപോലും നന്നായി തയാറാക്കി പരിശീലിച്ചവയായിരുന്നു എന്ന് വ്യക്തം.
ലോകവും ചർച്ച ചെയ്യുന്നു
അന്താരാഷ്ട്രതലത്തിലും മോദിയുടെ അതിർത്തിസന്ദർശനം ഇതിനകം ചർച്ചയായിട്ടുണ്ട്. ചൈനാ വിഷയത്തിൽ ശക്തമായി പ്രതികരിക്കാൻ ഇന്ത്യ മടിക്കില്ല എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. 1967 ൽ നാഥുലയിലെ ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റത്തിനെതിരെ ശക്തമായ സൈനികനീക്കമാണ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നടത്തിയത്. ഒടുവിൽ ഗതിമുട്ടി ചൈനീസ് സൈന്യം പിന്മാറുകയായിരുന്നു. 1987ൽ സുംദോരോഗ് ചൂവിലുണ്ടായ പ്രശ്നത്തിൽ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയും സ്വീകരിച്ചത് കടുത്ത നിലപാടുകളായിരുന്നു. ഇപ്പോൾ മോദിസർക്കാരിന്റെ നിലപാടുകളും ചൈനയെ ആശങ്കപ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തം.
ഇതിനുമുമ്പും അതിർത്തിയിൽ
സാധാരണഗതിയിൽ രാഷ്ട്രീയനേതാക്കളും പ്രത്യേകിച്ച് പ്രതിരോധമന്ത്രിമാരും, പ്രതിരോധ, സേനാവിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരും പോരാട്ടമുഖങ്ങളിൽ സൈന്യത്തെ അഭിസംബോധന ചെയ്യുന്ന പതിവ് ഇന്ത്യയ്ക്കുണ്ട്. സേന, രാഷ്ട്രത്തിന്റെ അവിഭാജ്യഘടകമാണെന്ന് സൈന്യത്തിലെ ഓരോരുത്തരെയും ബോദ്ധ്യപ്പെടുത്തുകയും ആത്മവിശ്വാസം പകരുകയും ചെയ്യുന്നതിനു വേണ്ടിയാണിത്. പ്രതിരോധമന്ത്രിയായിരുന്ന കാലത്ത് എ.കെ. ആന്റണി ഇത്തരത്തിൽ സ്ഥിരം മുന്നണി സന്ദർശിച്ചിരുന്നു. എന്നാൽ, അപൂർവം അവസരങ്ങളിൽ പ്രധാനമന്ത്രിമാരും മുന്നണിയിലെത്താറുണ്ട്. 1965ലെ യുദ്ധകാലത്ത് ലാഹോറിലെ അതിർത്തിയിൽ പ്രധാനമന്ത്രിയായിരുന്ന ലാൽബഹദൂർ ശാസ്ത്രി സൈനികരെ അഭിസംബോധന ചെയ്തിരുന്നു.