കൊച്ചി: അങ്കമാലി ജോസ്‌പുരത്ത് അച്ഛൻ കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടുമാസമായ കുഞ്ഞ് ആശുപത്രി വിട്ടു. അമ്മേയയും കുഞ്ഞിനെയും പുല്ലുവഴിയിലെ മാതൃശിശു കേന്ദ്രത്തിലേക്കാണ് മാറ്റിയത്. വനിത കമ്മീഷൻ നിർദ്ദേശത്തെ തുടർന്നാണ് നടപടി. ഭർത്താവിന്റെ ജോസ്‌പുരത്തെ വീട്ടിലേക്ക് പോകാനില്ലെന്ന് കുഞ്ഞിന്റെ അമ്മ പൊലീസിനെ അറിയിക്കുകയായിരുന്നു.
കേസിന്റെ നടപടികൾ തീരുന്നത് വരെ അമ്മയും കുഞ്ഞും മാതൃശിശു കേന്ദ്രത്തിൽ താമസിക്കും. ഭർത്താവിനോടൊപ്പം കഴിയാനാകില്ലെന്നും സ്വദേശമായ നേപ്പാളിലേക്ക് മടങ്ങണമെന്നുമാണ് കുഞ്ഞിന്റെ അമ്മ പറയുന്നത്. കഴിഞ്ഞ മാസം 18നാണ് അച്ഛൻ ഷൈജു കട്ടിലിലേക്ക് വലിച്ചെറിഞ്ഞതിനെ തുടർന്ന് കുഞ്ഞിന് ഗുരുതര പരിക്കേറ്റത്. ഇയാൾ റിമാൻഡിലാണ്. കേസിൽ ഒരുമാസത്തിനകം ചാർജ് ഷീറ്റ് നൽകുമെന്ന് ആങ്കമാലി സി.ഐ ബാബു അറിയിച്ചു.
രണ്ട് മാസം പ്രായമായ കുഞ്ഞ് പൂർണ ആരോഗ്യത്തോടെയാണ് ആശുപത്രി വിടുന്നത്. എന്നാൽ ഓരോ മാസവും കുട്ടിക്ക് പരിശോധന നടത്തേണ്ടതുണ്ടെന്ന് ആശുപത്രിയിലെ ഡോക്‌ടർമാർ അറിയിച്ചു. ശസ്ത്രക്രിയക്ക് ശേഷം കുട്ടിയുടെ തലയിലിട്ടിരുന്ന തുന്നൽ മാറ്റി. ഓക്സിജൻ സപ്പോർട്ടും നീക്കം ചെയ്തു. ദഹന പ്രക്രിയ സാധാരണനിലയിലായെന്നും കുഞ്ഞ് തനിയെ മുലപ്പാൽ കുടിക്കുന്നുമുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു.