1. കൂടുതല്‍ പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ തലസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങളും ജാഗ്രതയും. കൊവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരം എ.ആര്‍ ക്യാമ്പിലെ പൊലീസുകാരന്റെ സമ്പര്‍ക്ക പട്ടികയില്‍ 28 പേര്‍. മുഴുവന്‍ പേരെയും നിരീക്ഷണത്തില്‍ ആക്കി. എ.ആര്‍ ക്യാമ്പിലെ ക്യാന്റീന്‍ അടച്ചു. സാഫല്യം കോംപ്ലക്സിലെ കടയില്‍ ജോലി ചെയ്തിരുന്ന അസം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പാളയം മാര്‍ക്കറ്റ് അടച്ചു. ഈ ഭാഗത്തെ തിരക്കേറിയ കടകളും ഹോട്ടലുകളും ചായക്കടകളും ഏഴ് ദിവസത്തേക്ക് അടിച്ചിടും. ഇവിടെ വഴിയോര കചവടവും അനുവദിക്കില്ല.
2. സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായവരുടേയും ഉറവിടമറിയാത്ത രോഗികളുടേയും എണ്ണം ഉയരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തി ഇരിക്കുന്നത്. കൂടുതല്‍ മേഖലകള്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. നഗരൂര്‍ ഗ്രാമപഞ്ചായത്തിലെ അഞ്ചാം നമ്പര്‍ വാര്‍ഡായ ചെമ്മരുത്തി മുക്ക്, ഒറ്റശേഖരമംഗലം ഗ്രാമ പഞ്ചായത്തിലെ പത്താംനമ്പര്‍ വാര്‍ഡായ കുറവര, പാറശാല ഗ്രാമ പഞ്ചായത്തിലെ പതിനെട്ടാം നമ്പര്‍ വാര്‍ഡായ വന്യകോട്, പാറശാല ഗ്രാമപഞ്ചായത്തിലെ പതിനാറാം നമ്പര്‍ വാര്‍ഡായ ഇഞ്ചി വിള എന്നിവയാണ് പുതിയതായി കണ്ടെയിന്‍മെന്റ് സോണുകളാക്കിയത്. നിലവില്‍ കണ്ടെയിന്‍മെന്റ് സോണുകളായ ആറ്റുകാല്‍, കുരിയാത്തി , കളിപ്പാന്‍ കുളം മണക്കാട് , തൃക്കണ്ണാപുരം വാര്‍ഡിലെ ടാഗോര്‍ റോഡ്, മുട്ടത്തറ വാര്‍ഡിലെ പുത്തന്‍പാലം എന്നിവിടങ്ങള്‍ ഏഴു ദിവസങ്ങള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി തുടരും. ഈ പ്രദേശങ്ങളില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ അല്ലാതെ പൊതുജനങ്ങള്‍ പുറത്തിറങ്ങരുതെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
3. അതേസമയം, രോഗവ്യാപനം ഉണ്ടാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമെന്ന് സംശയിക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അപേക്ഷയും അഭ്യര്‍ത്ഥനയും മാത്രമല്ല കൊവിഡ് കാലത്ത് നിയന്ത്രണങ്ങള്‍ പാലിക്കുന്നതിനുള്ള കര്‍ശന നടപടികള്‍ സര്‍ക്കാര്‍ സ്വീരിക്കുകയാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സെക്രട്ടറിയേറ്റിലേക്കുള്ള പ്രവേശനം ഇന്ന് മുതല്‍ നിരോധിക്കും. അത്യാവശമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. ഇതിനിടെ, കൊച്ചി ചമ്പക്കര മാര്‍ക്കറ്റില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച അന്‍പതോളം പേരെ കസ്റ്റഡിയില്‍ എടുത്തു. ഒരു കട പൂട്ടിച്ചു. പൊലീസും നഗര സഭാ അധികൃതരും ചേര്‍ന്നായിരുന്നു പരിശോധന . നിബബന്ധന പാലിച്ചില്ലെങ്കില്‍ മാര്‍ക്കറ്റ് അടയ്ക്കും എന്നാണ് മുന്നറിയിപ്പ്
4.. അങ്കമാലിയില്‍ സ്വന്തം അച്ഛനാല്‍ ക്രൂരമര്‍ദനത്തിന് ഇരയായി കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന പിഞ്ചുകുഞ്ഞ് ആശുപത്രി വിട്ടു. കഴിഞ്ഞ മാസം 18നാണ് കുഞ്ഞിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ 54 ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ സങ്കീര്‍ണമായ ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയത്. 15 ദിവസമായി ന്യൂറോ ഐ.സി.യുവില്‍ തുടരുക ആയിരുന്നു. കുഞ്ഞിനെ അമ്മയെ ഏല്‍പ്പിക്കും. പെരുമ്പാവൂരിനടുത്ത് പുല്ലുവഴിയിലുള്ള സ്‌നേഹ ജ്യോതി ആശ്രയ ഭവനിലായിരിക്കും അമ്മയും കുഞ്ഞും തല്കാലം കഴിയുക. ജില്ലാ ശിശുക്ഷേമ സമിതിയും വനിതാ കമ്മീഷനുമാണ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി ഇരിക്കുന്നത്.
5. പാലക്കാട് അട്ടപ്പാടിയില്‍ അവശനിലയില്‍ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു. ഷോളയൂര്‍ പഞ്ചായത്തിലെ വീട്ടിക്കുണ്ട് ഊരിന് സമീപത്ത് കാണപ്പെട്ട കുട്ടിക്കൊമ്പനാണ് കഴിഞ്ഞ രാത്രിയില്‍ ചരിഞ്ഞത്. വായുടെ ഭാഗത്ത് മുറിവുള്ള കാട്ടാന ദിവസങ്ങളായി തീറ്റ എടുത്തിരുന്നില്ല. ഏത് രീതിയിലുള്ള മുറിവാണെന്നും മരണകാരണം എന്താണെന്നും പോസ്റ്റുമോര്‍ട്ടത്തിലൂടെയേ വ്യക്തമാകു. വിശദമായ അന്വേഷണം നടത്തുമെന്ന് പാലക്കാട് സി.സി.എഫ് അറിയിച്ചു. ഉദ്ദേശം ആറു വയസ് പ്രായമുള്ള കൊമ്പനാണിത്. ഒരു മാസം മുന്‍പ് മണ്ണാര്‍ക്കാട്ട് പന്നിപ്പടക്കം പൊട്ടി പരുക്കേറ്റ് കാട്ടാന ചരിഞ്ഞ കേസിലെ മുഖ്യപ്രതികള്‍ ഇപ്പോഴും ഒളിവിലാണ.്
6.. നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസില്‍ ജാമ്യം ലഭിച്ച മൂന്ന് പ്രതികളെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. മുഖ്യപ്രതി ഷെരീഫ്, അബൂബക്കര്‍, ശരത് എന്നിവരെ ആണ് ഇന്നലെ രാത്രി വീണ്ടും അറസ്റ്റ് ചെയ്തത്. രാത്രി കൊടുങ്ങല്ലൂരിലെ വീടുകളില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പരസ്യ ചിത്രത്തിന് എന്ന പേരില്‍ പെണ്‍കുട്ടികളെ വാളയാറില്‍ തടഞ്ഞു വച്ചു ഭീഷണിപ്പെടുത്തിയ കേസില്‍ ആണ് അറസ്റ്റ്.
7. ഇന്നലെയാണ് ഇവര്‍ക്കു ജാമ്യം ലഭിച്ചത്. പൊലീസിന്റെ വീഴ്ച മൂലമെന്ന വിമര്‍ശനത്തിന് ഇടെയാണ് ജാമ്യം ലഭിച്ചത്. അബൂബക്കറും ശരത്തും ഷംനയുടെ വീട്ടിലെത്തിയ സംഘത്തില്‍ ഉള്ളവരായിരുന്നു. ആറാം പ്രതി ഹാരിസ് മുഖ്യപ്രതിയായ റഫീഖിന്റെ സഹോദരനാണ്.
8. ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അതി വേഗത്തില്‍ വര്‍ധിക്കുന്നു. ഇതുവരെ 5,29,113 പേരാണ് വൈറസ് ബാധയേ തുടര്‍ന്ന് മരിച്ചത്. വൈറസ് ബാധിതരുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. 1,11,90,680 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. അതേസമയം, രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ധന ആശങ്കകള്‍ക്ക് ഇടയിലും ചില പ്രതീക്ഷകളും നല്‍കുന്നുണ്ട്. നിലവില്‍ 62,97,911 പേരാണ് കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുള്ളത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരമാണിത്. കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ അമേരിക്കയാണ് ഏറ്റവും മുന്നില്‍, 28,90,588 പേര്‍. ബ്രസീല്‍ , റഷ്യ എന്നീ രാജ്യങ്ങളാണ് തൊട്ടു പിന്നില്‍. ഇറാന്‍, പാക്കിസ്ഥാന്‍, തുര്‍ക്കി, സൗദി അറേബ്യ 2,01,801 എന്നിവിടങ്ങളിലും കൊവിഡ് ബാധിതരുടെ എണ്ണം രണ്ടു ലക്ഷം കടന്നു.