pic

ടോറോന്റോ: കനേ‌ഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഗേറ്റിൽ ട്രക്ക് കൊണ്ട് ഇടിച്ച് തകർത്ത മിലിട്ടറി ഉദ്യോഗസ്ഥനെതിരെ 22 കേസുകൾ രജിസ്റ്റർ ചെയ്തു. ഇയാളുടെ കൈയിൽ നിന്നും ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. 46 കാരനായ കോറി ഹുറൻ എന്ന കനേഡിയൻ മിലിട്ടറിയിലെ ഉദ്യോഗസ്ഥനാണ് പ്രധാനമന്ത്രിയുടെ ഗേറ്റ് ട്രക്ക് കൊണ്ട് ഇടിച്ച് തകർക്കാൻ ശ്രമിച്ചത്. വ്യാഴാഴ്ച രാവിലെ ആറരയോടെ ആയിരുന്നു സംഭവം. ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റു ചെയ്ത് കസ്റ്റഡിയിലാക്കി.

തോക്ക് കൈവശം വച്ചതിനും നിരോധിത മേഖലയിൽ ഉപയോഗിച്ചതിനും കോറി ഹുറനെതിരെ കേസെടുത്തു. ഇയാളുടെ കൈയിൽ നിന്നും നിരവധി മോഡൽ തോക്കുകൾ പിടിച്ചെടുത്തതായി പൊലീസ് പറയുന്നു. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയതായും പറയപ്പെടുന്നു. സംഭവം നടക്കുമ്പോൾ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വീട്ടിലില്ലായിരുന്നു. അതേസമയം പ്രധാനമന്ത്രി സുരക്ഷിതനാണെന്നും സംഭവത്തിന് പിന്നിൽ ഗൂഡാലോചനയില്ലെന്നും പൊലീസ് പറഞ്ഞു.