
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എൽ.ഡി.എഫ് - യു.ഡി.എഫ് ധാരണ ആരോപിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇരു മുന്നണികൾക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് സുരേന്ദ്രൻ ഉന്നയിച്ചിരിക്കുന്നത്. എന്ത് വില കൊടുത്തും തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തോൽപ്പിക്കണമെന്ന കോടിയേരിയുടെ പ്രസ്താവനയോട് യു.ഡി.എഫ് പ്രതികരിക്കാത്തത് ധാരണ പ്രകാരമാണെന്ന് കെ.സുരേന്ദ്രൻ ആരോപിച്ചു.
പലയിടങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും ഇടത് മുന്നണിയും യു.ഡി.എഫും ഇപ്പോൾ തന്നെ ധാരണ ഉണ്ടാക്കിയിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. പാലക്കാട് നഗരസഭയിലെ പല വാർഡുകളിലും ഇടത് മുന്നണിയും യു.ഡി.എഫും ധാരണ ഉണ്ടാക്കിയിട്ടുണ്ട്. സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് ഇതെന്നും കെ സുരേന്ദ്രൻ ആരോപിക്കുന്നു. തിരുവനന്തപുരം കോർപറേഷനിലും സി.പി.എം കോൺഗ്രസ് ധാരണയുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ആരോപിച്ചു.
വെൽഫയർ പാർട്ടിയടക്കമുള്ളവരുമായി മുസ്ലീം ലീഗ് നടത്താൻ ഉദ്ദേശിക്കുന്ന പ്രാദേശിക സഹകരണത്തെയും അദ്ദേഹം വിമർശിച്ചു. ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടാൻ ലീഗ് തയ്യറായി. മുസ്ലീം ലീഗിന്റെ നീക്കത്തിന് കോൺഗ്രസിന്റെ പിന്തുണയുണ്ടെന്നും സുരേന്ദ്രൻ വിമർശിച്ചു.