മുംബയ് : സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഘട്ടത്തിൽ മന്ത്രിമാർക്കും സഹമന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും 1.37 കോടി രൂപ ചെലവിട്ട് ആറ് ആഡംബര കാർ വാങ്ങാനൊരുങ്ങി മഹാരാഷ്‌ട്ര സർക്കാർ. 22.8 ലക്ഷം രൂപ വിലമതിക്കുന്ന ഓരോ കാറും വാങ്ങാൻ ധനകാര്യ വകുപ്പും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും അനുമതി നൽകി.
സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകുന്നതിന് മഹാരാഷ്ട്ര സർക്കാർ ലോണെടുക്കേണ്ട ഗതികേടിലാണെന്ന് മന്ത്രി വിജയ് വഡെട്ടിവാർ പറഞ്ഞതിന് പിന്നാലെയാണ് സർക്കാർ കോടികൾ മുടക്കി ആഡംബര കാർ വാങ്ങാൻ പോകുന്ന വാർത്ത പുറത്തുവരുന്നത്. അടുത്ത മാസത്തേക്കു ശമ്പളം നൽകണമെങ്കിൽ ലോണെടുക്കേണ്ട അവസ്ഥയാണ് സംസ്ഥാന സർക്കാരിനുള്ളതെന്നും മൂന്ന്, നാലെണ്ണം ഒഴിച്ച് ബാക്കിയുള്ള എല്ലാ വകുപ്പുകളുടെയും ചെലവ് വെട്ടിച്ചുരുക്കാൻ പോകുകയാണെന്നുമായിരുന്നു ഈ ആഴ്ച മന്ത്രി നടത്തിയ പ്രസ്ഥാവന. കൊവിഡ് 19നെ കൈകാര്യം ചെയ്യാൻ മതിയായ പണം സംസ്ഥാനത്തില്ലെന്ന് പറഞ്ഞ വഡെട്ടിവാർ കേന്ദ്രം ഫണ്ട് അനുവദിക്കുന്നില്ലെന്ന് വിമർശിക്കുകയും ചെയ്തിരുന്നു.
കൊവിഡ് ലോക്ക്ഡൗൺ കാരണം കഴിഞ്ഞ നാല് മാസത്തിനിടെ മഹാരാഷ്ട്ര സർക്കാരിനുണ്ടായ വരുമാന നഷ്ടം ഏകദേശം 50,000 കോടിയാണെന്നാണ് കണക്ക്. മന്ത്രിമാരും എം.എൽ.എമാരും ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർക്ക് ശമ്പളത്തിന്റെ 40 ശതമാനം മാത്രമേ നൽകാൻ കഴിയൂ എന്നും, ബാക്കി തുക രണ്ട് തവണകളായി നൽകുമെന്നും മാർച്ചിൽ സർക്കാർ പറഞ്ഞിരുന്നു. ഖജനാവിൽ പണമില്ലെന്ന് പറയുന്ന ഈ ഘട്ടത്തിൽ 1.37 കോടി രൂപ ചെലവിട്ട് ആഡംബര കാറുകൾ വാങ്ങാൻ പോകുന്ന സർക്കാർ നീക്കത്തിനെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷ പാർട്ടിയായ ബി.ജെ.പി.
ജനങ്ങളെയും പ്രതിരോധ പ്രവർത്തനത്തിൽ മുന്നിലുള്ള പൊലീസുകാരെയും സർക്കാർ സംരക്ഷിക്കുന്നില്ലെന്നും ജീവനക്കാർക്ക് ശമ്പളം വാങ്ങാൻ പണമില്ലാത്ത സർക്കാരിന് മന്ത്രിമാർക്ക് വേണ്ടി ആഡംബര വാഹനം വാങ്ങാൻ പണമുണ്ടെന്നും ബി.ജെ.പിയുടെ റാം കദം ആരോപിച്ചു.
രാജ്യത്ത് വ്യാവസായിക മേഖലയിൽ ഏറ്റവും കൂടുതൽ സംഭാവ നൽകുന്ന സംസ്ഥാനങ്ങളിലൊന്നായ മഹാരാഷ്ട്ര ലോക്ക്ഡൗൺ പ്രാബല്യത്തിൽ വന്നതോടെ പ്രതിസന്ധിയിലാണ്. സംസ്ഥാനത്തെ സാമ്പത്തിക വ്യവസ്ഥയെ പുനഃരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി വിദേശ കമ്പനികളുമായി 16,000 കോടി രൂപയുടെ 12 കരാറിലേർപ്പെടാൻ ഒരുങ്ങുകയാണ് താക്കറെ സർക്കാർ. രാജ്യത്ത് കൊവിഡ് കനത്ത നാശം വിതച്ച മഹാരാഷ്ട്രയിൽ ഇതേവരെ 1.93 ലക്ഷത്തിലേറെ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 8,376 പേർക്ക് ജീവൻ നഷ്ടമായി.