ജെനേവ: ആദ്യമായി കൊവിഡ് മുന്നറിയിപ്പ് നൽകിയത് ചൈനയല്ല തങ്ങളാണെന്ന അവകാശവാദവുമായി ലോകാരോഗ്യ സംഘടന. ചൈനയിലുള്ള ഡബ്ല്യു. എച്ച്.ഒയുടെ ഓഫീസിൽ നിന്നാണ് ആദ്യമായി അത്തരമൊരു മുന്നറിയിപ്പ് വന്നത്. ചൈനയാണ് ആ മുന്നറിയിപ്പ് നൽകിയതെന്ന വാർത്ത തെറ്റാണെന്നും ഡബ്ല്യു. എച്ച്.ഒ അധികൃതർ പറയുന്നു.
ചൈനയിലെ വുഹാനിൽ 2019 ഡിസംബർ 31ന് ആദ്യ വൈറൽ ന്യുമോണിയ കേസ് റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ അതേക്കുറിച്ച് വിശദമായി അന്വേഷിക്കാൻ അവിടുത്തെ ആരോഗ്യവകുപ്പിനെ അറിയിച്ചിരുന്നു. അവരുടെ റിപ്പോർട്ട് ജനുവരി 3ന് ലഭിക്കുകയും തൊട്ടടുത്ത ദിവസം തന്നെ ആരോഗ്യപ്രവർത്തകരുടെ യോഗം വിളിച്ച് കൊവിഡ് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ജനീവയിൽ ഇറങ്ങുന്ന ഒരു മാഗസിനിൽ ഡബ്ല്യു. എച്ച്.ഒ അധികൃതർ വിശദീകരിച്ചു. ഏപ്രിൽ ഒമ്പതിന് ലോകാരോഗ്യ സംഘടന കൊവിഡ് വ്യാപനത്തിനെതിരെ എടുത്ത പ്രാരംഭ നടപടികളുടെ ടൈം ലൈൻ പ്രസിദ്ധീകരിച്ചിരുന്നു.
ഈ സമയം വെച്ച് നോക്കുകയാണെങ്കിൽ വുഹാൻ മുനിസിപ്പൽ ഹെൽത്ത് കമ്മീഷൻ മേഖലയിൽ 31 ന്യൂമോണിയ കേസുകൾ റിപ്പോർട്ട് ചെയ്‌തെന്നാണ് പറയുന്നത്. എന്നാൽ, ആരാണിത് ആദ്യം ശ്രദ്ധയിൽ പെടുത്തിയതെന്ന് ഇതിൽ പറയുന്നില്ല.
ഏപ്രിൽ 20ന് ഡബ്ല്യു. എച്ച്.ഒ ഡയറക്ടർ നടത്തിയ വാർത്താ സമ്മേളനത്തിലാണ് കേസ് ആദ്യം റിപ്പോർട്ട് ചെയ്തത് ചൈനയിൽ നിന്നാണെന്നു പറഞ്ഞത്. അപ്പോഴും വിശദാംശങ്ങൾ പുറത്തുവിട്ടിരുന്നില്ല. എന്നാൽ ഈ ആഴ്ച പ്രസിദ്ധീകരിച്ചിരിക്കുന്ന ടൈം ലൈനിൽ ഇവ വ്യക്തമാവുന്നുണ്ട്. ഇത് പ്രകാരം ചൈനയിലെ ലോകാരോഗ്യ സംഘടന ഓഫീസ് ഡിസംബർ 31 ന് ഒരു വൈറൽ ന്യൂമോണിയ കേസുമായി ബന്ധപ്പെട്ട പ്രാദേശിക വിഷയം അറിയിച്ചെന്ന് സൂചിപ്പിക്കുന്നുണ്ട്. അതേസമയം, കൊവിഡ് 19 വിഷയത്തിൽ ചൈനയിൽ നിന്ന് അലംഭാവമുണ്ടായതായി കരുതുന്നില്ലെന്നും ഡബ്ല്യു.എച്ച്.ഒ പറയുന്നു.
കൊറോണ വൈറസിന്റെ ഉത്ഭവം കണ്ടെത്താൻ
ഡബ്ല്യു.എച്ച്.ഒ സംഘം ചൈനയിലേക്ക്
കൊവിഡ് മഹാമാരിക്ക് കാരണമായ സാർസ് കോവ്-2 വൈറസിന്റെ ഉറവിടം അന്വേഷിക്കാൻ ചൈനയിലേക്ക് വിദഗ്ദ്ധ സംഘത്തെ അയയ്ക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന. അടുത്ത ആഴ്ച സംഘം ചൈനയിലെത്തും. ചൈനയിലെ ലാബിൽനിന്നാണ് വൈറസ് ഉണ്ടായതെന്ന അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങളുടെ ആരോപണങ്ങൾക്കിടെയാണ് ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനം വന്നിരിക്കുന്നത്.'വൈറസിന്റെ ഉറവിടം കണ്ടെത്തേണ്ടത് വളരെ, വളരെ പ്രധാനമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഇത് ശാസ്ത്രമാണ്, പൊതുജനാരോഗ്യമാണ്. വൈറസിന്റെ ആവിർഭാവം ഉൾപ്പടെയുള്ള കാര്യങ്ങളെ കുറിച്ച് പൂർണമായി മനസിലാക്കിയാൽ വൈറസിനെതിരെ വളരെ ശക്തമായി നമുക്ക് പോരാടാനാകും.' ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം പറഞ്ഞു.'ഞങ്ങൾ അടുത്ത ആഴ്ച ഒരു സംഘത്തെ ചൈനയിലേക്ക് അയയ്ക്കുന്നുണ്ട്. അത് വൈറസ് വ്യാപനം എങ്ങനെ ആരംഭിച്ചുവെന്നും ഭാവിയിൽ നമുക്ക് എന്തു ചെയ്യാനാകുമെന്ന് മനസിലാക്കുന്നതിലേക്കും നയിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.' ടെഡ്രോസ് കൂട്ടിച്ചേർത്തു.