soldiers

ന്യൂഡൽഹി: പ്രധാനമന്ത്രി ലഡാക്കിൽ പരിക്കേറ്റ സൈനികരെ സന്ദർശിച്ചതിനെ മോശമായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നതായി സൈന്യം. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനായി ചികിത്സകേന്ദ്രം ഒരുക്കിയെന്ന പ്രചാരണം തെറ്റാണെന്നാണ് സൈന്യം വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. പ്രധാനമന്ത്രി സൈനികരെ കണ്ടത് ലേയിലെ സൈനിക ആശുപത്രിയിൽ വച്ചാണെന്നും സൈന്യം വിശദീകരിച്ചു.

സൈനികർക്ക് ഏറ്റവും മികച്ച ചികിത്സ നൽകുന്നുണ്ടെന്നും ഫോട്ടോകളിൽ കാണിച്ചിരിക്കുന്ന ഹാൾ കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് വാർഡാക്കി മാറ്റിയെന്നും സൈന്യം അറിയിച്ചു. ലേയിലെ ജനറൽ ആശുപത്രി സന്ദർശിച്ച സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ച ആശുപത്രിയുടെ സൗകര്യത്തിന്റെ അവസ്ഥയെക്കുറിച്ച് ചില ഭാഗങ്ങളിൽ അപകീർത്തികരവും തെളിവില്ലാത്തതുമായ ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെന്നും അതിനാലാണ് വിശദീകരണ കുറിപ്പ് പുറത്തിറക്കിയതെന്നുമാണ് സൈന്യം പറയുന്നത്.

പ്രധാനമന്ത്രി മോദിയുടെ ലേ സന്ദർശനത്തിന്റെ ഫോട്ടോകൾ പുറത്തുവന്നപ്പോൾ, നിരവധി ആളുകൾ ഫോട്ടോകളിൽ കാണാവുന്ന സൗകര്യമുള്ള ഒരു ആശുപത്രിയാണോ അവിടെയുള്ളതെന്ന് സമൂഹ മാദ്ധ്യമങ്ങളിലൂടെ സംശയം പ്രകടിപ്പിച്ചിരുന്നു. ഫോട്ടോകളിൽ കാണിച്ചിരിക്കുന്നത് ഒരു കോൺഫറൻസ് ഹാളാണെന്നും ആശുപത്രിയല്ലെന്നും ചിലർ ആരോപിച്ചിരുന്നു.എന്നാൽ ലേ ആശുപത്രി കൊവിഡ് ആശുപത്രിയായി മാറിയതിനാൽ ആശുപത്രിയിലെ തന്നെയൊരു ഹാളിലാണ് ഈ സൗകര്യം ഒരുക്കിയതെന്നും ഇന്ത്യൻ സൈന്യം വ്യക്തമാക്കി.

സായുധ സേന അവരുടെ ഉദ്യോഗസ്ഥർക്ക് ഏറ്റവും മികച്ച ചികിത്സയാണ് നൽകുന്നത്. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം വീഡിയോ ഹാളായി ഉപയോഗിച്ചിരുന്ന ഹാളിനെ വാർഡാക്കി മാറ്റിയതാണെന്നും സൈന്യം വ്യക്തമാക്കി. കൊവിഡ് പ്രദേശങ്ങളിൽ നിന്ന് കപ്പലിൽ ലേയിലേക്ക് വന്നവരുടെ സുരക്ഷ ഉറപ്പാക്കാനായി ആശുപത്രിയിൽ താമസിപ്പിച്ചിട്ടുണ്ടെന്നും സൈന്യം അറിയിച്ചു.