money

സർവ്വസാധാരാണമായി പല ആവശ്യങ്ങൾക്കും നമ്മൾ വായ്പ എടുക്കാറുണ്ട്. എന്നാൽ എന്തിനും, ഏതിനും വായ്പയെ ആശ്രയിക്കുന്ന പ്രവണത നല്ലതല്ല. വായ്പയെടുക്കും മുമ്പ് നന്നായി ചിന്തിച്ച്, തിരിച്ചടവിന്റെ മാർഗങ്ങൾ കൂടി ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. ഒരു വായ്പ അടയ്കുന്നതിന് മറ്റൊരു വായ്പയെടുത്ത് കടക്കെണിയിൽ ചാടുന്നവർ നിരവധിയാണ്. വായ്പകളെ പറ്റി കൂടുതൽ അറിഞ്ഞാലൊ?

ഹ്രസ്വകാല വായ്പ

പെട്ടെന്ന് പണത്തിന്റെ ആവശ്യം വന്നാൽ ഈ വായ്പയെ പറ്റി ചിന്തിക്കാം. ഈ വായ്പയുടെ കാലാവധി പരമാവധി ഒരു വർഷമാണ്. സ്വർണപണയ വായ്പകൾ ഹ്രസ്വകാല വായ്പയാണ്. നാല് ശതമാനം പലിശ മാത്രമേ ഈ വായ്പയ്ക്കുള്ളുവെങ്കിലും, തിരിച്ചടവിനുള്ള സമയ പരിധി ഒരു വർഷം മാത്രമാണ്. എന്നാൽ കാർഷികേതര വായ്പകൾക്ക് പലിശ കൂടുതലാണ്. ഇത് വർഷാവർഷം പുതുക്കുന്നത് നല്ലതല്ല. ഇതേ തുക ഇതിനെക്കാൽ കുറഞ്ഞ പലിശയ്ക്ക് ലഭിക്കുന്ന ദീർഘകാല വായ്പകളുണ്ട്.

പിഎഫ് വായ്പകൾ

ജീവനക്കാർക്ക് ഗുണകരമായൊരു വായ്പയാണിത്. 12-13% പലിശ നൽകി വായ്പയെടുക്കുന്നതിനേക്കാൾ നല്ലത് പ്രൊവിഡൻസ് ഫണ്ടിൽ നിന്നും പിൻവലിക്കുന്നതാണ്. പിഎഫ് വായ്പ തിരിച്ചടയ്ക്കുമ്പോൾ നൽകുന്ന തുകയുടെ കൂടെ, ബാങ്കിൽ നിന്നും വായ്പയെടുക്കുമ്പോൾ കൊടുക്കേണ്ട പലിശകൂടി ചേർത്തടച്ചാൽ ഭാവിയിൽ ഗുണം ചെയ്യും. വലിയ തുകയാണെങ്കിൽ റീഫണ്ടബിൾ അഡ്വാൻസ് എടുക്കുന്നതാണ് നല്ലത്.

വിദ്യാഭ്യാസ വായ്പ

വിദ്യാഭ്യാസ വായ്പയുടെ പലിശയിളവ് പഠന കാലയളവിൽ മാത്രമേ ലഭിക്കുകയുള്ളു. കോഴ്സ് കാലാവധി കഴിഞ്ഞ് ആറ് മാസം വരെയാണ് പലിശയിളവ്. അതു കഴിഞ്ഞാൽ വായ്പത്തുകയ്ക്ക് പലിശ നൽകേണ്ടതുണ്ട്.

ഇൻഷുറൻസ് പരിരക്ഷ

അപ്രതീക്ഷിതമായി ജീവിതത്തിലുണ്ടാകുന്ന ചില സംഭവങ്ങൾ നമ്മളെ കെടക്കെണിയിലേയ്ക്ക് തള്ളി വിടും. ഇതിൽ നിന്നും ആശ്വാസം നേടുന്നതിന് ലൈഫ് ഇൻഷുറൻസ് പോളിസി വളരെയേറെ സഹായിക്കും. കുറഞ്ഞ പ്രീമിയത്തിൽ വായ്പയ്ക്ക് തുല്ല്യമായ ലൈഫ് ഇൻഷുറൻസ് പോളിസി ലഭിക്കും. ഇതിനു പുറമെ കുടുംബാങ്ങൾക്ക് മെഡിക്ളെയിം ഹെൽത്ത് ഇൻഷുറൻസ് എടുക്കുന്നത് ആരോഗ്യ സുരക്ഷയ്ക്ക് നല്ലതാണ്.

വായ്പയുടെ തിരിച്ചടവിൽ ശ്രദ്ധിക്കാൻ

ഭവന വായ്പയുടെ തിരിച്ചടവ് കാലാവധി നീട്ടിയാൽ ഇഎംഐ കുറയ്ക്കാം. വലിയ വായ്പ തുകയ്ക്ക് ഉയർന്ന തിരിച്ചടവ് കാലാവധി തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. ഏകദേശം 20-30 വർഷത്തെ തിരിച്ചടവ് കാലാവധി തിരഞ്ഞെടുക്കുന്നതാണ് ഉത്തമം.

വായ്പ തിരിച്ചടവ് കൃത്യസമയത്ത് തന്നെ അടയ്ക്കാൻ ആരംഭിക്കണം. ഇഎംഐ തുകയേക്കാൽ അധികം തുക അടയ്ക്കുന്നതും നല്ലതാണ്. തിരിച്ചടവിൽ മുടക്കം വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പലിശ ബാദ്ധ്യത കുറയ്ക്കാൻ പരമാവധി ശ്രമിക്കുക.

പലിശനിരക്ക് കൂടുമ്പോൾ പ്രതിമാസ തിരിച്ചടവ് തുക ഉയർത്തിക്കൊണ്ട് നിശ്ചിത കാലയളവിൽ വായ്പ അവസാനിപ്പിക്കാം. അധിക പലിശഭാരമില്ലാതെ തിരിച്ചടവ് കാലാവധി കൂട്ടുകയും ചെയ്യാം. എന്നാൽ കാലാവധി കൂടുന്നതോടെ തിരിച്ചടയ്ക്കേണ്ട പലിശ തുകയിൽ വ്യത്യാസം വരും.

പലിശ കുറവുള്ള ബാങ്കിലേയ്ക്ക് വായ്പ മാറ്റുന്നതും ഗുണകരമാണ്. ഒരു ബാങ്കിലെ വായ്പ മറ്റൊരു ബാങ്കിലേയ്ക്ക് മാറ്റുന്നതിനെ ടേക്ക് ഓവർ എന്നാണ് പറയുന്നത്. ടേക്ക് ഓവറിനെ പറ്റി വിശദമായി പഠിച്ച ശേഷം മാത്രം ഈ രീതിയിലേയ്ക്ക് മാറാൻ ശ്രദ്ധിക്കുക.

ഫ്ളോട്ടിങ്ങ് നിരക്കിലുള്ള വായ്പയാണ് നിങ്ങൾ എടുത്തിട്ടുള്ളതെങ്കിൽ വ്യവസ്ഥകൾക്ക് വിധേയമായി നിരക്കിലെ ഏറ്റക്കുറച്ചിലുകൾ വായ്പാനിരക്കിലും പ്രതിഫലിക്കും. നിരക്ക് കുറഞ്ഞാൽ പലിശനിരക്കിലും കുറവ് വരുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.

ശ്രദ്ധിക്കാൻ

വായ്പയുടെ മൂന്ന് ഗഡുക്കൾ തുടർച്ചയായി അടച്ചില്ലെങ്കിൽ ഈടുവയ്ക്കുന്ന വസ്തുവകകളോ കെട്ടിടമൊ ജപ്തി ചെയ്ത് ലേലം വയ്ക്കാൻ ഈ നിയമം അനുശാസിക്കുന്നു. ഒരു ലക്ഷം രൂപയ്ക്ക് താഴെയുള്ളതും, ഈടില്ലാത്തതുമായ വായ്പകൾക്കൊഴികെ ഈ നിയമം ബാധകമാണ്.

തിരിച്ചടവിന് കാലതാമസം വന്നാൽ ഈട് വച്ചിരിക്കുന്ന വസ്തുവിന്റെയൊ, കെട്ടിടത്തിന്റെയൊ ഒരു ഭാഗം വിൽക്കാനുള്ള അനുമതി തേടാം. റിവേഴ്സ് മോർട്ടിഗേജിന് അപേക്ഷയും നൽകാം. കെട്ടിടത്തിന്റെ ഒരു ഭാഗം വാടകയ്ക്ക് കൊടുത്ത് തിരിച്ചടവിനുള്ള തുക കണ്ടെത്തുകയും ചെയ്യാം. പിഴ പലിശ ഒഴിവാക്കാൻ ബാങ്കിന് അപേക്ഷ നൽകണം.