കൊവിഡിന് ശേഷം നമുക്ക് ഒരു വെല്ലുവിളി കൂടി നേരിട്ടാലോ? നിരവധി വെല്ലുവിളികൾ ഉയർത്തുന്ന ട്രെക്കിംഗ് നമുക്ക് സമ്മാനിക്കുന്നതാണ് ഹരിഹർ ഫോർട്ട്. മഹാരാഷ്ട്രയിലെ നാസിക്കിന് സമീപമുള്ള തൃമ്പകേശ്വറിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഒരു ഭീകരനായ കോട്ടയാണ് ഹരിഹർ ഫോർട്ട്. കുത്തനെയുള്ള 117 പടികളാണ് ശ്വാസമടക്കി പിടിച്ച് കയറേണ്ടത്.
ആകാശത്തെ തൊട്ട് നിൽക്കുന്ന ഒരു കുന്നിനെയാണ് ആദ്യ കാഴ്ചയിൽ നമ്മൾ കാണുന്നതെങ്കിലും ഒരു കോട്ട കൂടിയുണ്ട് അവിടെ. ആർക്കും ഒന്ന് കയറി നോക്കണം എന്ന് തോന്നാം.എന്നാൽ, ഒറ്റ നോട്ടത്തിൽ നിസ്സാരമായി തോന്നുമെങ്കിലും അത്ര നിസ്സാരമല്ല ഈ ഹരിഹർ ഫോർട്ട്.
കുത്തനെയുള്ള പടികളിലൂടെ പതുക്കെ വേണം കയറേണ്ടത്. വീതി കുറഞ്ഞ പടികളാണെങ്കിലും പിടിച്ച് കയറാനായി ചെറിയ പൊത്ത് രണ്ട് വശങ്ങളിലുമായി കൊത്തി വെച്ചിട്ടുണ്ടെങ്കിലും, തിരിഞ്ഞ് ഒന്ന് പുറകിലോട്ട് നോക്കിയാൽ ഉള്ള ധൈര്യം കൂടി നഷ്ടമാകും. എന്നാൽ, കോട്ടയിലേക്ക് എത്തി പെടാനും കുറച്ച് വെല്ലുവിളികൾ സഹിക്കേണ്ടി വരും. കാരണം, അൽപം ദുർഘടം പിടിച്ചതാണ് കോട്ടയിലേക്കുള്ള വഴി. കാരണം ഇവിടെ എത്താനായി പ്രത്യേകിച്ച് വഴിയൊന്നുമില്ല. പുല്ലുകൾ വകഞ്ഞ് മാറ്റി വഴിയുണ്ടാക്കി വേണം പോകേണ്ടത്.
ഒരു വിധത്തിൽ ആദ്യത്തെ സെറ്റ് പടികൾ കടന്നു കഴിഞ്ഞാൽ കാണുന്നത് ഒരു കവാടമാണ്. കവാടം കാണുമ്പോൾ ആശ്വാസമായിരിക്കില്ല ഉണ്ടാകുന്നത് മറിച്ച് ഇത്രയും നേരം മനസ്സിലുണ്ടായിരുന്ന പേടിയുടെ നൂറ് ഇരട്ടിയാണ്. കാരണം ഇത്രയും നേരം നടന്നു കയറിയ പടികളെക്കാൾ ഭയാനകമാണ് ഇനി നടന്ന് കയറേണ്ടത്.
അത് കടന്നാൽ മുകളിലെത്താം. അവിടെയാണ് യഥാർത്ഥ പ്രകൃതി സൗന്ദര്യം. ഇത്രയും നേരം നേരിട്ട എല്ലാ വെല്ലുവിളികൾക്കും ഒരു ആശ്വാസം. ഒരു കുന്നിൻ പുറവും പാറയിൽ കൊത്തിയ കുളങ്ങളുമാണ് അവിടെയുള്ള കാഴ്ച. 360 ഡിഗ്രി വ്യൂവിലാണ് കാഴ്ചകൾ. മുംബയ് നഗരത്തിന്റെയും വനങ്ങളുടെയും കാഴ്ചകളാണ് മറ്റൊന്ന്. പടികൾ കയറുന്ന സമയത്ത് പ്രതീക്ഷിക്കാതെ നമുക്ക് മുന്നിലേക്ക് കുറച്ച് വാനരപ്പടകളേയും പ്രതീക്ഷിക്കാം. ഒന്ന് പോകാൻ തോന്നിയേക്കാം എന്നാൽ വെല്ലുവിളികൾ ഇഷ്ടപ്പെടുന്നവർക്ക് മാത്രമാണ് ഹരിഹർ ഫോർട്ട്.