sudhakaran

തിരുവനന്തപുരം: യു.ഡി.എഫിന്റെ അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്ന് കെ.സുധാകരൻ എം.പി. എൽ.ഡി.എഫിന്റെ അഴിമതികൾ ഒന്നൊന്നായി പുറത്തുകൊണ്ടു വന്നത് ചെന്നിത്തലയാണെന്നും സുധാകരൻ പറഞ്ഞു. ഒരു സ്വകാര്യ ചാനൽ നടത്തിയ സർവെയെ വിമർശിച്ച് സംസാരിക്കുകായിരുന്നു അദ്ദേഹം.

ചാനൽ സർവെയിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഏറ്റവും കൂടുതൽ പേർ പിന്തുണച്ചത് ഉമ്മൻചാണ്ടിയെ ആയിരുന്നു. രണ്ടും മൂന്നും സ്ഥാനത്ത് യഥാക്രമം ചെന്നിത്തലയും മുല്ലപ്പള്ളിയും ആയിരുന്നു. എന്നാൽ മുൻ മുഖ്യമന്ത്രി ആയതിനാലാണ് ഉമ്മൻചാണ്ടിയെ ആളുകൾ സർവെയിൽ പിന്തുണച്ചതെന്നാണ് സുധാകരന്റെ വാദം. ചെന്നിത്തലയെ തരം താഴ്‌ത്തി കാണിക്കാനാണ് ചാനൽ സർവെ നടത്തിയതെന്നും സി.പി.എമ്മിന് വേണ്ടി കെട്ടിയുണ്ടാക്കിയ സർവെയാണ് ഇതെന്നും സുധാകരൻ ആരോപിച്ചു. പിണറായിക്കായി കോടികൾ ഒഴുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ അഴ്ചയിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരായിരിക്കും എന്നത് സംബന്ധിച്ച് വലിയതോതിൽ ചർച്ച നടന്നിരുന്നു. കെ.സി വേണുഗോപാൽ തുടക്കമിട്ട ചർച്ചയുടെ ചുവടുപിടിച്ച് ഉമ്മൻചാണ്ടിയും ബെന്നിബഹനാനും അടക്കമുള്ള നേതാക്കൾ രംഗത്തെത്തിയിരുന്നു. ചെന്നിത്തലയുടെ നേതൃത്വം അംഗീകരിക്കുമ്പോൾ പോലും മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും എന്നായിരുന്നു നേതാക്കളുടെ മറുപടി. അതേസമയം കെ.സുധാകരൻ ചെന്നിത്തലയ്ക്ക് വേണ്ടി പരസ്യമായി രംഗത്തു വന്ന സ്ഥിതിക്ക് വരും ദിവസങ്ങളിൽ കോൺഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയം കലങ്ങി മറിയുമെന്ന് ഉറപ്പായി.