monkey

ബാങ്കോക്ക്: തേങ്ങ പറിക്കാനായി തെങ്ങിൽ കയറ്റിവിടുന്നത് ആരെയാണെന്നോ... കുരങ്ങന്മാരെ. എവിടെയാണെന്നല്ലേ... അങ്ങ് തായ്‌ലൻഡിൽ. നല്ല പരിശീലനം കിട്ടിയ കുരങ്ങനാണെങ്കിൽ ഒരു ദിവസം ആയിരം തേങ്ങ വരെ പറിക്കും. കൗതുകമായി തുടങ്ങിയ സംഭവം പീഡനമായതോടെ ശക്തമായ ഇട‌പെടലുമായി രംഗത്തെത്തിയിരിക്കുകയാണ് മൃഗാവകാശ - സംരക്ഷണ സംഘടനയായ പീപ്പിൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്മെന്റ് ഒഫ് അനിമൽസ് എന്ന പീറ്റ. നാളീകേര ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന അറോയി ഡി, ചവോക് എന്നീ കമ്പനികൾക്കു നേരെയാണ് ശക്തമായ നിലപാടുമായി പീറ്റ എത്തിയിരിക്കുന്നത്. കാട്ടിൽ നിന്ന് പിടികൂടുന്ന കുരങ്ങുകളെയാണ് ഇത്തരത്തിൽ ഉപയോഗിക്കുന്നതെന്ന് പീറ്റ പറയുന്നു. ഇത്തരത്തിൽ കുരങ്ങന്മാരെ ഉപയോഗിക്കുന്ന എട്ട് ഫാമുകളാണ് തായ്‌ലൻഡിൽ കണ്ടെത്തിയത്. ചങ്ങലകൾ ഉപയോഗിച്ച് പൂട്ടിയിടുന്ന കുരങ്ങുകൾ രക്ഷപെടാതിരിക്കാൻ കൂടുകളിൽ പൂട്ടിയിടുന്നുമുണ്ട്. തെങ്ങിൽ കയറ്റാൻ നേരം കട്ടിയുള്ള ചരടു കൊണ്ട് കുരങ്ങിനെ ബന്ധിപ്പിക്കും. ഇത്തരത്തിൽ നിരവധി കുരങ്ങുകളാണ് ഈ ഫാമിൽ പീഡിപ്പിക്കപ്പെടുന്നത്. തേങ്ങ ശേഖരിക്കാൻ മറ്റു മാർഗങ്ങൾ സ്വീകരിക്കണമെന്നും പീറ്റ ആവശ്യപ്പെടുന്നു.

പീറ്റ നിലപാടുകൾ കർശനമാക്കിയതോടെ അത്തരം കമ്പനികളുടെ ഭക്ഷ്യോത്പന്നങ്ങൾ വേണ്ടെന്ന് വച്ചത് 15,000 ത്തിലധികം ഷോപ്പുകളാണ്. ബ്രിട്ടൻ ആസ്ഥാനമായുള്ള വെയിട്രോസ്, ഒകാഡോ, ബൂട്ട്സ് തുടങ്ങി ആറോളം കമ്പനികളാണ് തായ്‌ലൻഡിൽ നിന്നുള്ള തേങ്ങ ഉത്പന്നങ്ങൾ വാങ്ങില്ലെന്ന് വ്യക്തമാക്കി.

പീറ്റയുടെ ആരോപണവും കമ്പനികളുടെ നിലപാടും വെട്ടിലാക്കിയത് തായ്ലാൻഡിലെ വൻകിട ബിസിനസുകാരായ ടെസ്കോയെയും മോറിസൺ ചെയിനിനെയുമാണ്. തങ്ങളുടെ സ്ഥാപനത്തിൽ അത്തരം ഒരു പ്രവൃത്തി നടക്കുന്നില്ലെന്നും അത്തരം രീതികളെ തങ്ങൾ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഇരു കമ്പനികളുടേയും വക്താക്കൾ അറിയിച്ചു.