ലണ്ടൻ: ലോകത്ത് ഇപ്പോൾ ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രായം കൂടിയ പൂച്ച എന്ന റെക്കോർഡിനുടമയായിരുന്ന റബിൾ വിടവാങ്ങി. 31 വയസായിരുന്നു റബിളിന്റെ പ്രായം. ഓറഞ്ചും വെള്ളയും കലർന്ന മെയ്ൻ കൂൺ ഇനത്തിൽപ്പെട്ട റബിളിനെ ഇംഗ്ലണ്ടുകാരിയായിരുന്ന മിഷേൽ ഹെറിറ്റേജ് ആണ് വളർത്തിയിരുന്നത്. മിഷേലിന്റെ 20ാം പിറന്നാൾ ദിനത്തിൽ സമ്മാനമായി ലഭിച്ചതാണ് റബിളിനെ. മിഷേലിന് ഇപ്പോൾ 52 വയസുണ്ട്. 31 ആണ് റബിളിന്റെ പ്രായമെങ്കിലും പൂച്ച വർഷമനുസരിച്ച് റബിളിന്റെ പ്രായം 150 ആണ്. ! 2019 മേയിലാണ് റബിളിനെ ലോകത്തെ ഏറ്റവും പ്രായം കൂടിയ പൂച്ചയായി പ്രഖ്യാപിച്ചത്. പ്രായം കൂടിയതിന്റെ അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്ന റബിൾ തീരെ അവശനായിരുന്നു. ഇതിനു മുമ്പ് അമേരിക്കയിലെ ടെക്സസിൽ ജീവിച്ചിരുന്ന സയാമീസ് ഇനത്തിൽപ്പെട്ട സ്കൂട്ടർ എന്ന പൂച്ചയായിരുന്നു ലോകത്തെ ഏറ്റവും പ്രായം കൂടിയ പൂച്ച എന്ന ഗിന്നസ് റെക്കോർഡിനുടമ. 2016ൽ 30ാം വയസിൽ സ്കൂട്ടർ വിടവാങ്ങി. ഗിന്നസ് റെക്കോർഡിന്റെ കണക്കനുസരിച്ച് അറിയപ്പെടുന്നതിൽ ലോകത്ത് ഏറ്റവും കൂടുതൽ കാലം ജീവിച്ചത് ക്രിം പഫ് എന്ന പൂച്ചയാണ്. 2005ൽ മരിക്കുമ്പോൾ 38 വയസായിരുന്നു ക്രിം പഫിന്റെ പ്രായം.