lin-dan

ചൈനീസ് ബാഡ്മിന്റൺ താരം ലിൻ ഡാൻ വിരമിച്ചു

ബെയ്ജിംഗ്: ചൈനീസ് ബാഡ്മിന്റൺ ഇതിഹാസം ലിൻ ഡാൻ പ്രൊഫഷണൽ കരിയറിൽ നിന്ന് വിരമിച്ചു. രണ്ടു പതിറ്റാണ്ടോളം ബാഡ്മിന്റൺ കോർട്ടിൽ നിറഞ്ഞുനിന്ന് ചരിത്ര നേട്ടങ്ങൾ സ്വന്തമാക്കിയാണ് ഈ 37-കാരൻ പടിയിറങ്ങുന്നത്.

രണ്ടു തവണ ഒളിമ്പിക്‌സ് സ്വർണം നേടിയ അദ്ദേഹം അഞ്ചു തവണ ലോക ചാമ്പ്യനുമായിട്ടുണ്ട്.തുടർച്ചയായ രണ്ട് ഒളിമ്പിക്സുകളിൽ ചാമ്പ്യനായ ഏക പുരുഷ ബാഡ്മിന്റൺ താരവുമാണ് ബാഡ്മിന്റണിലെ മേജർ കിരീടങ്ങളെല്ലാം സ്വന്തമാക്കിയ താരമാണ്. 2008-ലെ ബെയ്ജിംഗ് ഒളിമ്പിക്‌സിലും 2012-ലെ ലണ്ടൻ ഒളിമ്പിക്‌സിലുമാണ് അദ്ദേഹം സ്വർണ മെഡൽ നേടിയത്. കൊവിഡിനെ തുടർന്ന് ടോക്കിയോ ഒളിമ്പിക്‌സ് അനിശ്ചിതത്വത്തിലായതോടെയാണ് ലിൻ ഡാൻ വിരമിക്കാൻ തീരുമാനിച്ചത്.

ആൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിൽ ആറു സ്വർണ നേട്ടം സ്വന്തമായുള്ള അദ്ദേഹം 28 വയസ്സിനിടെ ലോകത്തെ ഒമ്പത് പ്രധാന ടൂർണമെന്റുകളും ജയിച്ച് സൂപ്പർ ഗ്രാൻസ്ലാം സ്വന്തമാക്കിയ താരം കൂടിയാണ്. ഇതോടെ 'സൂപ്പർ ഡാൻ' എന്ന വിളിപ്പേരും കിട്ടി. കരിയറിലാകെ 66 കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.

കോർട്ടിൽ ലിൻ ഡാനിന്റെ ഏറ്റവും വലിയ എതിരാളിയും പുറത്ത് അടുത്ത സുഹൃത്തുമായിരുന്ന മലേഷ്യയുടെ ലീ ചോംഗ് വെയ് വിരമിച്ച് അധികം വൈകാതെയാണ് ഡാനും കളമൊഴിയുന്നത്.ആരോഗ്യപരമായ കാരണങ്ങളാൽ കഴിഞ്ഞ വർഷം ജൂണിൽ ലീ ചോംഗ് വെയ് കരിയറിന് വിരാമമിട്ടിരുന്നു. ഇരുവരും മുഖാമുഖം വരുന്ന പോരാട്ടം ബാഡ്മിന്റണിലെ ക്ലാസിക്ക് മത്സരങ്ങളെന്നാണ് വിശേഷിപ്പിച്ചിരുന്നത്.

ഇന്നലെ വിരമിക്കൽ പ്രഖ്യാപിച്ച ലിൻ ഡാന് ട്വിറ്ററിലൂടെ ലീ ചോംഗ് വെയ് ആശംസയറിയിച്ചു. ഈ ദിവസം വരുമായിരുന്നുവെന്ന് നമുക്ക് അറിയാമായിരുന്നുവെന്ന് കുറിച്ച അദ്ദേഹം ഡാൻ സുന്ദരമായി തിരശ്ശീല താഴ്ത്തിയെന്നും കൂട്ടിച്ചേർത്തു. ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.2008ലെയും 2012ലെയും ഒളിമ്പിക്‌സിലുകളുടെ ഫൈനലിൽ ഡാൻ മറികടന്നത് ലീയെ ആയിരുന്നു. എന്നാൽ, 2016 ലെ റിയോ ഒളിമ്പിക്‌സ് സെമിയിൽ ഡാനെ വീഴ്ത്തി ലീ പകരം വീട്ടി. പക്ഷേ അക്കുറിയും സ്വർണം നേടാൻ ലീയ്ക്ക് കഴിഞ്ഞിരുന്നില്ല.

''ജീവിതത്തിലെ ഉയർച്ചതാഴ്ചകളിൽ എന്റെ കുടുംബവും പരിശീലകരും ടീം അംഗങ്ങളും ആരാധകരും എന്നോടൊപ്പമുണ്ടായിരുന്നു. ബാഡ്മിന്റണിനായി എന്റെ എല്ലാം സമർപ്പിച്ചിട്ടുണ്ട്. എനിക്കിപ്പോൾ 37 വയസായി. എന്റെ ശാരീരിക ക്ഷമതക്കുറവും വേദനകളും ഇനിയും പോരാടാൻ എന്നെ അനുവദിക്കുന്നില്ല.'' - ലിൻ ഡാൻ

നമ്മൾ ഏറ്റുമുട്ടിയ വേദികളിലെല്ലാം നീയായിരുന്നു രാജാവ്. ഇപ്പോൾ വിരമിക്കുമ്പോഴും രാജാവായിത്തന്നെ നീ മടങ്ങുന്നു. ആശംസകൾ ഡാൻ.

- ലീ ചോംഗ് വെയ് .

ലിൻ ഡാന്റെ മെഡൽ വേട്ട

ഒളിമ്പിക്സ് സ്വർണം 2008, 2012 ലോക ചാമ്പ്യൻഷിപ്പ് സ്വർണം 2006, 2007, 2009, 2011, 2013 ലോക ചാമ്പ്യൻഷിപ്പ് വെള്ളി 2005, 2017 ലോകകപ്പ് സ്വർണം 2005, 2006 സുദിർമാൻ കപ്പ് സ്വർണം 2005, 2007, 2009, 2011, 2015 ‌ തോമസ് കപ്പ് സ്വർണം 2004, 2006, 2008, 2010, 2012, 2018 ഏഷ്യൻ ഗെയിംസ് സ്വർണം 2006, 2010, 2014, 2018 ഏഷ്യൻ ചാമ്പ്യൻഷിപ്പ് സ്വർണം 2010, 2011, 2014, 2015 799 -മത്സരങ്ങൾ 666 -വിജയങ്ങൾ 133 - തോൽവികൾ 66 - കിരീടങ്ങൾ 25 - റണ്ണർ അപ്പ് പ്രണോയ്‌യുടെ പ്രിയ എതിരാളി അഞ്ചുതവണ ലിൻ ഡാനെ നേരിട്ടപ്പോൾ മൂന്ന് തവണയും വിജയിച്ച താരമാണ് മലയാളിയായ എച്ച്.എസ്. പ്രണോയ്. മുൻ ലോക ഒന്നാം നമ്പർ താരമാണെങ്കിലും ലിൻ ഡാനെ പലപ്പോഴും വിറപ്പിക്കാൻ പ്രണോയ്ക്ക് കഴിഞ്ഞിരുന്നു. 2015 ലെ മലേഷ്യ ഒാപ്പണിലാണ് പ്രണോയ് ആദ്യം ലിൻ ഡാനെ നേരിടുന്നത്. അന്ന് പ്രീക്വാർട്ടറിൽ 21-15, 21-14ന് ഡാൻ പ്രണോയ്‌യെ കീഴടക്കി. 2015 ഒക്ടോബറിലെ ഫ്രഞ്ച് ഒാപ്പണിലാണ് പ്രണോയ് ആദ്യമായി ലിൻ ഡാനെ അട്ടിമറിക്കുന്നത്. രണ്ടാം റൗണ്ടിൽ 14-21, 21-11, 21-17 നായിരുന്നു പ്രണോയ്‌യുടെ വിജയം. 2018 ലെ ഇന്തോനേഷ്യ ഒാപ്പണിൽ വീണ്ടും പ്രണോയ്‌യുടെ വിജയം. അന്നത്തെ സ്കോർ 21-15, 9-21, 21-14. 2019 ലെ ആസ്ട്രേലിയൻ ഒാപ്പണിൽ ലിൻ ഡാൻ പ്രണോയ്‌യെ 21-18, 21-19 ന് കീഴടക്കി. 2019 ആഗസ്റ്റിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിലാണ് ഇരുവരും അവസാനമായി എതിരിട്ടത്. അന്ന് പ്രണോയ് വിജയിച്ചത് 21-11, 13-21, 21-7 എന്ന സ്കോറിന്. കൊറിയ ഒാപ്പൺ , ജപ്പാൻ ഒാപ്പൺ, ഡെൻമാർക്ക് ഒാപ്പൺ, ചൈന ഒാപ്പൺ, ഹോംഗ്കോംഗ് ഒാപ്പൺ, സ്വിസ് ഒാപ്പൺ, , ആൾ ഇംഗ്ളണ്ട്, മലേഷ്യ ഒാപ്പൺ, , ചൈനാ മാസ്റ്റേഴ്സ്, ചൈനീസ് തായ്‌പേയ് ഒാപ്പൺ, മക്കാവു ഒാപ്പൺ, തായ്‌ലൻഡ് ഒാപ്പൺ, സൂപ്പർ സിരീസ് ഫൈനൽസ്, ആസ്ട്രേലിയൻ ഒാപ്പൺ, ബ്രസീൽ ഒാപ്പൺ, ന്യൂസിലാൻഡ് ഒാപ്പൺ, തായ്‌ലാൻഡ് മാസ്റ്റേഴ്സ്, കൊറിയ മാസ്റ്റേഴ്സ് എന്നീ ബാഡ്മിന്റൺ ടൂർണമെന്റുകളിൽ കിരീടം നേടിയ താരം.