who

ജെനീവ: കൊവിഡ് മഹാമാരിക്ക് കാരണമായ സാർസ് കോവ്-2 വൈറസിന്റെ ഉറവിടം അന്വേഷിക്കാൻ ചൈനയിലേക്ക് വിദഗ്ദ്ധ സംഘത്തെ അയയ്ക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന. അടുത്ത ആഴ്ച സംഘം ചൈനയിലെത്തും. ചൈനയിലെ ലാബിൽനിന്നാണ് വൈറസ് ഉണ്ടായതെന്ന അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങളുടെ ആരോപണങ്ങൾക്കിടെയാണ് ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനം വന്നിരിക്കുന്നത്. 'വൈറസിന്റെ ഉറവിടം കണ്ടെത്തേണ്ടത് വളരെ, വളരെ പ്രധാനമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഇത് ശാസ്ത്രമാണ്, പൊതുജനാരോഗ്യമാണ്. വൈറസിന്റെ ആവിർഭാവം ഉൾപ്പടെയുള്ള കാര്യങ്ങളെ കുറിച്ച് പൂർണമായി മനസിലാക്കിയാൽ വൈറസിനെതിരെ വളരെ ശക്തമായി നമുക്ക് പോരാടാനാകും.' ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം പറഞ്ഞു. 'ഞങ്ങൾ അടുത്ത ആഴ്ച ഒരു സംഘത്തെ ചൈനയിലേക്ക് അയയ്ക്കുന്നുണ്ട്. അത് വൈറസ് വ്യാപനം എങ്ങനെ ആരംഭിച്ചുവെന്നും ഭാവിയിൽ നമുക്ക് എന്തു ചെയ്യാനാകുമെന്ന് മനസിലാക്കുന്നതിലേക്കും നയിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.' ടെഡ്രോസ് കൂട്ടിച്ചേർത്തു.