റിയാദ്: കൊവിഡ് മുക്തരായവരുടെ പ്ലാസ്മ ഉപയോഗിച്ച് നൂറിലധികം പേർക്ക് ചികിത്സ നൽകിയതായി സൗദി ആരോഗ്യമന്ത്രാലയം. രാജ്യത്തെ പ്രധാന ആശുപത്രികളിലും ഗവേഷണ കേന്ദ്രങ്ങളിലുമുള്ള പഠനത്തിന്റെ ഭാഗമായാണ് ഇത്തരത്തിൽ പ്ലാസ്മ ചികിത്സ നടത്തിയത്. കൊവിഡ് ബാധിച്ച് ചികിത്സയ്ക്ക് ശേഷം സുഖം പ്രാപിച്ച 512 പേരിൽ നിന്നാണ് പ്ലാസ്മ ശേഖരിച്ചത്. ഏപ്രിൽ ആദ്യവാരത്തിലാണ് സൗദിയിൽ പ്ലാസ്മ ചികിത്സയ്ക്ക് അനുമുതി നൽകിയത്. ആരോഗ്യ മന്ത്രാലയം, നാഷണൽ ഗാർഡ് ആശുപത്രികൾ, കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ, ആംഡ് ഫോഴ്സസ് ഹോസ്പിറ്റൽ, യൂണിവേഴ്സിറ്റി ഹോസ്പിറ്റലുകൾ, ജോൺ ഹോപ്കിൻസ് അറാംകോ ഹെൽത്ത്കെയർ, സ്വകാര്യ മേഖല എന്നിവിടങ്ങളിൽ നിന്നുള്ള സംഘമാണ് ഇതിനായി നിയോഗിക്കപ്പെട്ടത്. ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്തോ സാമൂഹിക മാദ്ധ്യമങ്ങൾ, ഇ - മെയിൽ, ഫോൺ എന്നിവ വഴി ബന്ധപ്പെട്ടോ ആണ് കൊവിഡ് മുക്തരായവർ പ്ലാസ്മ ദാനത്തിന് തയ്യാറാവേണ്ടത്. രാജ്യത്തിനകത്തും പുറത്തുമായി 14,000ത്തോളം പേർ പ്ലാസ്മ ദാന ഗവേഷണത്തിൽ താത്പ്പര്യം പ്രകടിപ്പിച്ചിരുന്നു.