sourav-ganguly

മുംബയ് : ആസ്ട്രേലിയൻ പരിശീലകൻ ഗ്രെഗ് ചാപ്പലും മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയും തമ്മിലുള്ള ഉടക്കിന്റെ കഥ ഇന്ത്യൻ ക്രിക്കറ്റിൽ ഏറെ കോളിളക്കം സൃഷ്ടിച്ചതാണ്. ചാപ്പലുമായുള്ള അടി ഇന്ത്യൻ ടീമിൽ നിന്ന് തെറിക്കുന്നതിൽ വരെയെത്തിയെങ്കിൽ മറ്റൊരു ആസ്ട്രേലിയൻ കോച്ച് കാരണം ഐ.പി.എൽ ക്യാപ്ടൻസി ഗാംഗുലിക്ക് നഷ്ടപ്പെടുത്തിയതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.

ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്ടൻ സ്ഥാനത്തു നിന്ന് സൗരവ് ഗാംഗുലിയെ പുറത്താക്കാൻ ആസ്‌ട്രേലിയക്കാരനായ കോച്ച് ജോൺ ബുക്കാനൻ ശ്രമിച്ചിരുന്നുവെന്നാണ് മുൻഇന്ത്യൻ താരം ആകാശ് ചോപ്ര പറയുന്നത്. 2008-ൽ ഐ.പി.എല്ലിന്റെആദ്യ സീസണിൽ കൊൽക്കത്ത താരമായിരുന്നു ചോപ്ര. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് ഇപ്പോൾ കമന്റേറ്ററായ ചോപ്ര ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്.

ഐ.പി.എല്ലിന്റെ ആദ്യ സീസണിൽ ഗാംഗുലി നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റനായപ്പോൾ ജോൺ ബുക്കാനനായിരുന്നു പരിശീലകൻ. റിക്കി പോണ്ടിംഗും ടീമിലുണ്ടായിരുന്നു. തുടക്കത്തിൽ ഇരുവരും തമ്മിലുള്ള ബന്ധത്തിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ ദിവസങ്ങൾ പിന്നിടുന്തോറും ബന്ധം വഷളായിക്കൊണ്ടിരുന്നു.

2003-ൽ ലോകകപ്പ് ഫൈനലിൽ ഗാംഗുലി നയിച്ച ഇന്ത്യയെ തോൽപ്പിച്ച് കിരീടം നേടിയ ആസ്‌ട്രേലിയൻ ടീമിന്റെ പരിശീലകനായിരുന്ന ബുക്കാനന്റെയും ഗാംഗുലിയുടെയും ശൈലികൾ വ്യത്യസ്തമായിരുന്നുവെന്നും ഇതാണ് അഭിപ്രായവ്യത്യാസങ്ങളിലേക്ക് നയിച്ചതെന്നും ചോപ്ര ചൂണ്ടിക്കാട്ടി.

ഇതിനിടെ ഗാംഗുലിയെ ക്യാപ്ടൻ സ്ഥാനത്തു നിന്ന് മാറ്റാൻ ബുക്കാനൻ ശ്രമിച്ചു. ആദ്യ സീസണിൽ പക്ഷേ അത് നടന്നില്ല. രണ്ടാം സീസണിൽ ടീമിൽവ്യത്യസ്ത ക്യാപ്ടന്മാരെ പരീക്ഷിക്കണമെന്ന ബുക്കാനന്റെ നിർദേശവും ഫലം കണ്ടില്ല. 2009-ൽ ഗംഗുലി - ബുക്കാനൻ പ്രശ്‌നം രൂക്ഷമായപ്പോൾ ഗാംഗുലിക്ക് പകരം ബ്രണ്ടൻ മക്കല്ലം ക്യാപ്ടനായി. എന്നാൽ ഗാംഗുലിക്ക് കീഴിൽ ആദ്യ സീസണിൽ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത കൊൽക്കത്ത രണ്ടാം സീസണിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തേക്ക് വീണു. ഇതോടെ ബുക്കാനനെ പുറത്താക്കിയെന്നും ഗാംഗുലി ക്യാപ്ടന്‍ സ്ഥാനത്തേക്ക് മടങ്ങിയെത്തിയെന്നും ചോപ്ര വ്യക്തമാക്കി.