swine-flu

ബീജിംഗ് : അടുത്തിടെ ചൈനയിൽ കണ്ടെത്തിയ പന്നികളിൽ കാണപ്പെടുന്ന എച്ച്1 എൻ 1 ഗണത്തിൽ ഉൾപ്പെടുന്ന ജി 4 വൈറസ് പുതിയ ഇനം വൈറസ് അല്ലെന്നും മനുഷ്യരെയോ മൃഗങ്ങളെയോ വേഗത്തിൽ പിടികൂടുന്നതല്ലെന്നും ചൈന. ചൈനീസ് കാർഷിക മന്ത്രാലയത്തിന്റേതാണ് വിശദീകരണം. കഴിഞ്ഞാഴ്ച പുറത്തു വന്ന വാർത്തകളെ തള്ളുന്ന തരത്തിലാണ് ചൈനയുടെ പുതിയ വിശദീകരണം.

കഴിഞ്ഞാഴ്ച യു.എസ് ശാസ്ത്ര ജേർണലായ പ്രൊസീഡിംഗ്സ് ഒഫ് ദ നാഷണൽ അക്കാഡമി ഒഫ് സയൻസസിൽ ( പി.എൻ.എ.എസ് ) ചൈനീസ് ശാസ്ത്രജ്ഞരുടെ സംഘമാണ് പുതിയ തരം പന്നിപ്പനി വൈറസിനെ കണ്ടെത്തിയതായി വെളിപ്പെടുത്തിയത്. ജി 4 എന്ന് പേരിട്ടിരിക്കുന്ന വൈറസ് മനുഷ്യന് അപകടമാണെന്നും മഹാമാരിയായി ഭവിക്കാൻ സാദ്ധ്യതയുള്ളതായും ഗവേഷകർ മുന്നറിയിപ്പ് നൽകിയിരുന്നു.

എന്നാൽ ഗവേഷകരുടെ പഠനത്തെ മാദ്ധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചുവെന്നാണ് ചൈനീസ് കൃഷിമന്ത്രാലയം പറയുന്നത്. പഠന റിപ്പോർട്ട് അപര്യാപ്തമാണെന്നും ഇത്തരം വൈറസുകളുടെ സാന്നിദ്ധ്യം നിലവിൽ ആശങ്കാജനകമായ അന്തരീക്ഷം സൃഷ്ടിച്ചിട്ടില്ലെന്നും ചൈനീസ് അധികൃതർ പറയുന്നു.

രാജ്യത്തെ പ്രമുഖ പകർച്ചവ്യാധി വിദഗ്ദ്ധർ ഉൾപ്പെടെയുള്ളവരുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് കൃഷിമന്ത്രാലയത്തിന്റെ വിശദീകരണം. ജി 4 വൈറസ് പുതിയ ഇനമല്ലെന്നും 2011 മുതൽ ലോകാരോഗ്യ സംഘടനയും ചൈനീസ് ഏജൻസികളും സമാനമായ വൈറസ് സ്ട്രെയിനെ നിരീക്ഷിച്ചു വരുന്നുണ്ടെന്നും ലോകാരോഗ്യ സംഘടനയിലെ ഒരു മുതിർന്ന പ്രതിനിധിയെ ഉദ്ധരിച്ച് റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. കൂടാതെ നേരത്തെ പഠന റിപ്പോർട്ട് പുറത്തുവിട്ട ചൈനീസ് ഗവേഷകർ തന്നെ ജി 4 വൈറസ് മനുഷ്യ ശരീരത്തിന് ഭീഷണിയാകുന്ന തരത്തിൽ വ്യാപിക്കില്ലെന്ന് സമ്മതിച്ചതായും കൃഷിമന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.