വാഷിംഗ്ടൺ: ചൈനയുമായുള്ള തർക്കം രൂക്ഷമായി നിലനിൽക്കെ ചൈനീസ് കടലിലേക്ക് രണ്ട് വിമാനവാഹിനി കപ്പലുകളെ അയച്ച് യു.എസ്. പ്രദേശത്ത് ചൈനീസ് സൈന്യത്തിന്റെ അഭ്യാസപ്രകടനങ്ങൾ നടക്കുന്നതിനിടെയാണിത്. യു.എസ്.എസ്. റൊണാൾഡ് റീഗനും യു.എസ്.എസ്. നിമിറ്റ്‌സുമാണ് സൈനികാഭ്യാസങ്ങൾക്കായി വിന്യസിക്കുന്നത്. 'പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ഞങ്ങളുടെ പങ്കാളികൾക്കും സഖ്യകക്ഷികൾക്കും വ്യക്തമായ സൂചന കാണിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം.' യു.എസ്. റിയർ അഡ്മിറൽ ജോർജ് എം.വൈകോഫ് പറഞ്ഞതായി യു.എസ്. മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൈനയുടെ അഭ്യാസപ്രകടനങ്ങൾക്കുള്ള പ്രതികരണമല്ല ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, ദക്ഷിണ ചൈന കടലിൽ എവിടെയാണ് യു.എസ്. അഭ്യാസപ്രകടനങ്ങൾ നടത്തുകയെന്ന് വ്യക്തമാക്കിയിട്ടില്ല. രണ്ട് വിമാനവാഹിനി കപ്പലുകൾക്കൊപ്പം നാല് യുദ്ധകപ്പലുകളുമുണ്ടാകുമെന്നും കൂടാതെ ചുറ്റും യുദ്ധവിമാനങ്ങളുമുണ്ടാകുമെന്നും വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. ഫിലിപ്പൈൻ കടലിലും ചൈന കടലിലും യു.എസ്. സൈനികാഭ്യാസം നടത്തുമെന്നാണ് റിപ്പോർട്ടുകൾ.