കൊച്ചി: അന്താരാഷ്‌ട്ര സഹകരണ ദിനത്തോട് അനുബന്ധിച്ച് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഏറ്രവും മികച്ച അർബൻ ബാങ്കുകളുടെ പട്ടികയിൽ തുടർച്ചയായ മൂന്നാം വർഷവും ഒന്നാംസ്ഥാനം കരസ്ഥമാക്കി തൃപ്പൂണിത്തുറ പീപ്പിൾസ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക്. 1917ൽ തൃപ്പൂണിത്തുറയിൽ പ്രവർത്തനം തുടങ്ങിയ ബാങ്കിന്റെ 103-ാം വർഷമാണിത്. എളിയരീതിയിൽ പ്രവർത്തനം ആരംഭിച്ച ബാങ്കിന് ഇപ്പോൾ 858 കോടി രൂപ നിക്ഷേപവും 596 കോടി രൂപയുടെ വായ്‌പയുമുണ്ട്.
കൊവിഡും ലോക്ക്ഡൗണും സൃഷ്‌ടിച്ച സാമ്പത്തിക ആഘാതം മറികടക്കാൻ ഉപഭോക്താക്കൾക്കായി അർബൻ ബാങ്ക് പ്രഖ്യാപിച്ച, നാലു ശതമാനം മാത്രം പലിശനിരക്കുള്ള സ്വർണപ്പണയ വായ്‌പയ്ക്ക് മികച്ച പ്രതികരണം ലഭിച്ചിരുന്നു. കുട്ടികളുടെ ഓൺലൈൻ പഠനത്തിനായി പലിശരഹിത വായ്‌പയും കുടുംബശ്രീ അംഗങ്ങൾക്കായി മുഖ്യമന്ത്രിയുടെ സഹായഹസ്‌തം വായ്‌പയും ബാങ്ക് നടപ്പാക്കിയിരുന്നു. സി.എൻ. സുന്ദരൻ ചെയർമാനായ ഡയറക്‌ടർ ബോർഡാണ് ബാങ്കിനെ നയിക്കുന്നത്.
കണയന്നൂർ താലൂക്ക്, കൊച്ചി താലൂക്കിലെ എടവനക്കാട്, എളങ്കുന്നപ്പുഴ, ഞാറയ്ക്കൽ, നായരമ്പലം, കുഴുപ്പള്ളി, പള്ളിപ്പുറം, കുന്നത്തുനാട്ടിലെ വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിലുമാണ് ബാങ്കിന്റെ സാന്നിദ്ധ്യം.