stadium

ജയ്പൂർ : ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം എന്ന ഖ്യാതിയോടെ ഗുജറാത്തിലെ അഹമ്മദാബാദിനു സമീപമുള്ള മൊട്ടേരയിൽ പണിതുയർത്തിയ സർദാർ പട്ടേൽ സ്റ്റേഡിയത്തിനു പിന്നാലെ ഇന്ത്യയിൽ വീണ്ടുമൊരു കൂറ്റൻ സ്റ്റേഡിയം വരുന്നു. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ക്രിക്കറ്റ് സ്റ്റേഡിയമായി രാജസ്ഥാനിലെ ജയ്പൂരിലാണ് ഇത് നിർമിക്കുന്നത്.
കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിയുണ്ടെങ്കിലും നാലു മാസത്തിനുള്ളിൽ സ്റ്റേഡിയം നിർമാണം ആരംഭിക്കുമെന്ന് രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി. 30,000 പേർക്ക് ഇരിക്കാവുന്ന സവായ് മാൻസിംഗ് സ്റ്റേഡിയത്തിലാണ് നിലവിൽ ജയ്പൂരിലെ മത്സരങ്ങൾ നടക്കുന്നത്.

63 ഏക്കറിൽ പണിതുയർത്തിയതാണ് മൊട്ടേരയിലെ കൂറ്റൻ സ്റ്റേഡിയമെങ്കിൽ, ജയ്പൂരിലെ സ്റ്റേഡിയം 100 ഏക്കറോളം സ്ഥലത്താണ് നിർമിക്കുന്നത്. 75,000ത്തോളം പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിന് പ്രതീക്ഷിക്കുന്ന ചെലവ് ഏതാണ്ട് 350 കോടി രൂപയാണ്.

45,000 പേർക്ക് ഇരിക്കാവുന്ന തരത്തിലാണ് ആദ്യ ഘട്ട നിർമാണം. രണ്ടാം ഘട്ടത്തിൽ ഇതു വിപുലീകരിക്കും. രണ്ടു വർഷമാണ് നിർമാണ കാലാവധി. നഗരത്തിൽനിന്ന് 25 കിലോമീറ്റർ മാറി ജയ്പുർ–ഡൽഹി ഹൈവേയോടു ചേർന്ന് ചോൻപ് ഗ്രാമത്തിലാണ് സ്റ്റേഡിയത്തിന് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. നിർമാണം നാലു മാസത്തിനുള്ളിൽ ആരംഭിക്കുമെന്ന് രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി മഹേന്ദ്ര ശർമ വ്യക്തമാക്കി.

മൊട്ടേരയിലെ സർദാർ പട്ടേൽ സ്റ്റേഡിയം (സീറ്റിംഗ് കപ്പാസിറ്റി – 1.10 ലക്ഷം), ഓസ്ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് (സീറ്റിംഗ് കപ്പാസിറ്റി – 1.02 ലക്ഷം) എന്നിവ കഴിഞ്ഞാൽ ലോകത്തെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാകും ജയ്പുരിൽ നിർമിക്കുന്നത്. ഇൻഡോർ ഗെയിംസിനുള്ള സൗകര്യങ്ങൾ സ്റ്റേഡിയത്തിലുണ്ടാകും. സ്പോർട്സ് ട്രെയിനിംഗ് അക്കാദമികൾ, ക്ലബ് ഹൗസ് എന്നിവയ്ക്കു പുറമെ 4,000 വാഹനങ്ങൾക്ക് ഒരേസമയം പാർക്ക് ചെയ്യാനുള്ള സംവിധാനവും സ്റ്റേഡിയത്തിൽ ഒരുക്കും. രഞ്ജി മത്സരങ്ങൾ കൂടി ലക്ഷ്യമിട്ട് രണ്ട് പരിശീലന ഗ്രൗണ്ടുകളുമുണ്ടാകും. കാണികൾക്കായി രണ്ട് റസ്റ്ററന്റുകൾ, കളിക്കാർക്കായി 30 പ്രാക്ടീസ് നെറ്റ്സ്, 250 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന പ്രസ് കോൺഫറൻസ് റൂം എന്നിവയും ഉണ്ടാകും.

സ്റ്റേഡിയം നിർമാണത്തിന് ബി.സി.സി.ഐ രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷന് 90 കോടി രൂപ നൽകും. ഇതിനു പുറമെ 100 കോടിയുടെ പ്രത്യേക സഹായം അസോസിയേഷൻ ബിസിസിഐയോടു തേടും. 100 കോടി രൂപ വായ്പയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്റ്റേഡിയത്തിലെ കോർപറ്റേറ്റ് ബോക്സുകൾ വിറ്റ് 60 കോടി രൂപ സമാഹരിക്കാമെന്നാണ് പ്രതീക്ഷയെന്നും സെക്രട്ടറി മഹേന്ദ്ര ശർമ വ്യക്തമാക്കി.