covaxine-

ന്യൂഡൽഹി : കൊവിഡ് വാക്സിൻ ആഗസ്റ്റ് രണ്ടാംവാരം വിപണിയിലെത്തിക്കാൻ പരീക്ഷണ നടപടികരൾ വേഗത്തിലാക്കണമെന്ന നിർദ്ദേശത്തിൽ വിശദീകരണവുമായി ഐ.സി.എം.ആർ. രാജ്യാന്തര മാനദണ്ഡങ്ങൾ പ്രകാരമാണ് പരീക്ഷണം മുന്നോട്ട് പോകുന്നതെന്നാണ് ഐ.സി.എം.ആർ നൽകുന്ന വിശദീകരണം.. മനുഷ്യരിലും മൃഗങ്ങളിലും ഒരേസമയം പരീക്ഷണം നടത്താമെന്നും ഐ.സി.എം.ആർ പറയുന്നു. ഇതിന് ചട്ടങ്ങളുണ്ടെന്നും അവർ വ്യക്തമാക്കി.

കൊവാക്‌സിൻ ആഗസ്റ്റിൽ വിപണിയിലെത്തിക്കുന്നതിന് നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഐ.സി.എം.ആർ ഗവേഷണ സ്ഥാപനങ്ങൾക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെ ആരോഗ്യവിദഗ്ദ്ധർ വിമർശനവുമായി രംഗത്ത് വന്നിരുന്നു. വാക്‌സിൻ പരീക്ഷണങ്ങൾക്ക് വേണ്ടത്ര സമയം അനുവദിക്കണമെന്നും അനാവശ്യസമ്മർദ്ദം ഗവേഷണങ്ങളെ ബാധിക്കുമെന്നും വിമർശനമുയർന്നിരുന്നു. രാജ്യത്ത് വാക്‌സിൻ ഗവേഷണത്തിലേർപ്പെട്ടിരിക്കുന്ന ഭാരത് ബയോടെക് അടക്കം 12 സ്ഥാപനങ്ങൾക്കാണ് ഐ.സി.എം.ആർ കത്തയച്ചത്.

ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക്കുമായും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായും ചേർന്ന് ഐ.,സി.എം.ആർ നിർമിക്കുന്ന വാക്‌സിനാണ് കൊവാക്‌സിൻ. മൃഗങ്ങളിലടക്കമുള്ള ആദ്യഘട്ട പരീക്ഷണം വിജകയരമായി പൂർത്തിയാക്കിയ കൊവാക്‌സിൻ രണ്ടാം ഘട്ടമായി മനുഷ്യരിൽ പരീക്ഷിക്കാൻ ഡ്രഗ്‌സ് കൺട്രോളർ ജനറൽ അനുമതി നൽകിയിരുന്നു. മനുഷ്യരിൽ ആദ്യമായി വൈറസ് കുത്തിവച്ചശേഷം മൂന്ന് ഘട്ടങ്ങളായി നിരീക്ഷണ പരീക്ഷണങ്ങൾ നടത്തേണ്ടതുണ്ട്. ഈ മാസം ആദ്യവാരം മനുഷ്യരിൽ പരീക്ഷണങ്ങൾ ആരംഭിച്ചാലും കൃത്യമായ ഫലം ആഗസ്റ്റിൽ ലഭിക്കാനിടയില്ല. ഇതിനെത്തുടർ‌ന്നാണ് വിവാദമുയർന്നത്.