vi

മുംബയ്: ഡി.വൈ.എസ്.പി അടക്കം എട്ടു പൊലീസുകാരെ എൻകൗണ്ടറിലൂടെ കൊലപ്പെടുത്തി ഒളിവിൽ പോയ കേസിലെ മുഖ്യപ്രതി വികാസ് ദുബെയുടെ ബംഗ്ളാവ് കാൺപൂർ ജില്ലാ ഭരണകൂടം പൊളിച്ചുകളഞ്ഞു. ഇന്നലെയാണ് ജെ.സി.ബി ഉപയോഗിച്ച് കെട്ടിടം പൂർണമായും പൊളിച്ചത്. കഴിഞ്ഞ ദിവസം ദുബെയുടെ ലഖ്നൗ കൃഷ്ണനഗറിലെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തി. ദുബെയ്ക്കായി അന്വേഷണം ഉൗർജിതമാക്കിയതോടൊപ്പം അയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 50000 രൂപ പാരിതോഷികവും ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ റെയ്ഡ് വിവരം ദുബെയ്ക്ക് ചോർത്തി നൽകിയ പൊലീസുകാരനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.

അവനെ അങ്ങ് കൊന്നു കളഞ്ഞേക്ക് സാറേ..

പൊലീസുകാരെ തന്റെ മകൻ കൊന്നതറിഞ്ഞ് ദുബെയുടെ അമ്മ സരളാദേവി പറഞ്ഞ വാക്കുകളാണിത്. നിരപരാധികളായ പൊലീസുകാരെയാണ് അവൻ കൊന്നത്. എൻകൗണ്ടറിലൂടെ അവനെയും അങ്ങ് കൊന്നു കളഞ്ഞേക്കൂ. അതിന്റെ പേരിൽ ഒരിക്കലും ഞാൻ വിഷമിക്കില്ല. മകൻ എവിടെയാണെന്ന് ഒരു വിവരവുമില്ല. കഴിഞ്ഞ ഏപ്രിലിലാണ് തന്നെ കാണാനായി എത്തിയത്. എൻകൗണ്ടറിനെക്കുറിച്ചുള്ള വാർത്ത ടി.വിയിൽ കണ്ടിരുന്നു. പൊലീസിൽ കീഴടങ്ങുന്നതാണ് വികാസിന് നല്ലത്. വികാസ് ഉറപ്പായും ശിക്ഷിക്കപ്പെടണം. രാഷ്ട്രീയക്കാർക്കൊപ്പം ചേർന്നതോടെയാണ് വികാസ് കുറ്റവാളിയായത്. എം.എൽ.എ തിരഞ്ഞെടുപ്പും ലക്ഷ്യമായിരുന്നു. കഴിഞ്ഞ നാലു മാസമായി മകനെ കണ്ടിട്ടില്ല. അവൻ കാരണം നിരവധി പ്രശ്നങ്ങളാണ് നേരിടുന്നതെന്നും സരളാദേവി പറഞ്ഞു. മറ്റൊരു മകനായ ദീപ് പ്രകാശിനൊപ്പം കൃഷ്ണ നഗറിലാണ് സരളാദേവി താമസിക്കുന്നത്.