ships

ന്യൂഡൽഹി: കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ നടപ്പാക്കിയ ലോക്ക്ഡൗൺ മൂലം,​ രാജ്യത്തെ മേജർ തുറമുഖങ്ങളിലെ ചരക്കുനീക്കം നടപ്പു വർഷത്തെ (2020-21)​ ആദ്യ പാദത്തിൽ (ഏപ്രിൽ-ജൂൺ)​ 19.68 ശതമാനം കുറഞ്ഞു. 12 മേജർ തുറമുഖങ്ങളും ചേർന്ന് 141.9 മില്യൺ ടൺ ചരക്കാണ് കഴിഞ്ഞപാദത്തിൽ കൈകാര്യം ചെയ്‌തതെന്ന് ഇന്ത്യൻ പോർട്‌സ് അസോസിയേഷൻ (ഐ.പി.എ)​ വ്യക്തമാക്കി. മുൻ വർഷത്തെ സമാനപാദത്തിൽ ചരക്കുനീക്കം 176.7 മില്യൺ ടണ്ണായിരുന്നു.

പെട്രോളിയം ഉത്‌പന്നങ്ങൾ,​ കൽക്കരി,​ കണ്ടെയ്‌നർ നീക്കം എന്നിവ ഇടിവ് രേഖപ്പെടുത്തി. മൊത്തം കണ്ടെയ്‌നർ നീക്കത്തിൽ മാത്രം 32.28 ശതമാനം ഇടിവുണ്ട്. ക്രൂഡോയിൽ ഉത്‌പന്നങ്ങൾ,​ എൽ.എൻ.ജി.,​ എൽ.പി.ജി എന്നിവ അടങ്ങുന്ന പെട്രോളിയം നീക്കത്തിൽ ഇടിവ് 14.73 ശതമാനം. അതേസമയം,​ ഇരുമ്പയിര് 18.83 ശതമാനവും വളം 28.60 ശതമാനവും വളർച്ച കുറിച്ചു. മൊർമുഗാവ് (21.87 ശതമാനം)​,​ ന്യൂമാംഗ്ളൂർ (4.02 ശതമാനം)​ എന്നീ തുറമുഖങ്ങൾ കഴിഞ്ഞപാദത്തിൽ വളർച്ച നേടി. ചെന്നൈ,​ കൊൽക്കത്ത,​ കാമരാജർ (എന്നോർ)​ എന്നിവയാണ് ഏറ്റവും വലിയ നഷ്‌ടം രേഖപ്പെടുത്തിയത്; 39 ശതമാനം വീതം. 33.78 ശതമാനമാണ് കൊച്ചി തുറമുഖത്തിന്റെ ഇടിവ്.