jayasurya

യുവനടൻ ജയസൂര്യയെ നായകനാക്കി ജി. പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ചിത്രമായ 'വെള്ള'ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ജയസൂര്യയ്ക്ക് സംസ്ഥാന അവാർഡ് നേടിക്കൊടുത്ത 'ക്യാപ്റ്റൻ'ന് ശേഷമാണ് പ്രജേഷ് സെൻ വീണ്ടും മറ്റൊരു ചിത്രവുമായി വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. 'മറ്റെവിടെയും തിരഞ്ഞുപോകേണ്ട... നമുക്കിടയിൽ കാണും ഇതുപോലൊരു മനുഷ്യൻ....' എന്ന കുറിപ്പിന്റെ അകമ്പടിയോടെ ജയസൂര്യ തന്നെയാണ് പോസ്റ്റർ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.

മുഷിഞ്ഞ രൂപത്തിൽ, കൈയ്യിൽ മദ്യകുപ്പിയുമായി നിൽക്കുന്ന ജയസൂര്യയെയാണ് പോസ്റ്ററിൽ കാണുന്നത്. അമിത മദ്യപാനം ആണ് ചിത്രം പ്രമേയമാക്കുന്നത് എന്ന സൂചനയാണ് ചിത്രം നൽകുന്നത്. ജയസൂര്യയെ കൂടാതെ സംയുക്താ മേനോൻ, സിദ്ദിക്ക്, ഇന്ദ്രൻസ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, സ്നേഹ പലിയേരി, ഇടവേള ബാബു, ജോണി ആന്റണി, വെട്ടുക്കിളി പ്രകാശൻ, നിർമൽ പാലാഴി തുടങ്ങിയവർക്കൊപ്പം എന്നിവർക്കൊപ്പം മുപ്പതോളം പുതുമുഖങ്ങളും സിനിമയുടെ ഭാഗമാകുന്നുണ്ട്.

പ്രജേഷ് സെൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. റോബി വര്‍ഗ്ഗീസ് രാജ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ബി കെ ഹരിനാരായണന്‍,നിധേഷ്‌ നടേരി,ഫൗസിയ അബൂബക്കര്‍ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം നൽകിയിരിക്കുന്നു. എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ബിജിത്ത് ബാല. പ്രൊജക്റ്റ് ഡിസെെന്‍, ബാദുഷ.