ന്യൂഡൽഹി: രാജ്യത്തെ ആദ്യ കോർപ്പറേറ്ര് കടപ്പത്ര എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടായ ഭാരത് ബോണ്ട് ഇ.ടി.എഫിന്റെ രണ്ടാംപതിപ്പ് കേന്ദ്രസർക്കാർ 14ന് അവതരിപ്പിക്കും. 14,000 കോടി രൂപയുടെ സമാഹരണമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. അഞ്ചുവർഷം, 11 വർഷം എന്നിങ്ങനെ മെച്യൂരിറ്റി കാലയളവുള്ള കടപ്പത്രങ്ങളാണ് പുറത്തിറക്കുന്നത്. ജൂലായ് 17ന് സബ്‌സ്‌ക്രിപ്‌ഷൻ (അപേക്ഷിക്കാനുള്ള തീയതി) അവസാനിക്കുമെന്ന് ഫണ്ട് മാനേജർമാരായ ഈഡൽവീസ് എ.എം.സി പറഞ്ഞു.
കഴിഞ്ഞ ജനുവരിയിൽ പുറത്തിറക്കിയ ഒന്നാംപതിപ്പ് വൻ വിജയമായിരുന്നു. 7,000 കോടി രൂപയായിരുന്നു ലക്ഷ്യമെങ്കിലും 12,400 കോടി രൂപ സമാഹരിച്ചു. 2023ൽ കാലാവധി അവസാനിക്കുന്ന മൂന്നുവർഷ മെച്യൂരിറ്റിയും 2030ൽ കാലാവധി തീരുന്ന 10 വർഷ മെച്യൂരിറ്റിയുമുള്ള കാലയളവുകളാണ് ഈ ബോണ്ടിനുള്ളത്. ആയിരം രൂപയായിരുന്നു കുറഞ്ഞ നിക്ഷേപ തുക. പ്രാഥമികമായി 3,000 കോടി രൂപ സമാഹരിക്കുന്നത് ലക്ഷ്യമിട്ടാണ് രണ്ടാംഘട്ട ബോണ്ടുകൾ അവതരിപ്പിക്കുന്നത്. പിന്നീട്, ഡിമാൻഡ് പരിഗണിച്ച് 'ഗ്രീൻ ഷൂ" ഓപ്‌ഷനിലൂടെ 11,000 കോടി രൂപയുടെ കടപ്പത്രങ്ങളും പുറത്തിറക്കും.
ഉയർന്ന ഡിമാൻഡ് ഉണ്ടെങ്കിൽ കൂടുതൽ കടപ്പത്രങ്ങളിറക്കി, അധിക സമാഹരണം നടത്താൻ അനുവദിക്കുന്ന ഓപ്ഷനാണിത്. പൊതുമേഖലാ സ്ഥാപനങ്ങളിലെ 'എ.എ.എ" റേറ്രിംഗുള്ള കടപ്പത്രങ്ങളാണ് രണ്ടാം പതിപ്പിലും ലഭ്യമാക്കുക. അഞ്ചുവർഷ കാലാവധിയുള്ള ബോണ്ടുകളുടെ മെച്യൂരിറ്റി കാലാവധി 2025 ഏപ്രിലും 10 വർഷ ബോണ്ടിന്റേത് 2031 ഏപ്രിലും ആയിരിക്കും. ഡിമാറ്റ് അക്കൗണ്ട് ഇല്ലാത്തവർക്കായി, ഇതേ മെച്യൂരിറ്റി കാലയളവുകളുള്ള ബോണ്ടുകളുമായി ഭാരത് ബോണ്ട് ഫണ്ട്‌സ് ഒഫ് ഫണ്ട്‌സ് (എഫ്.ഒ.എഫ്) പദ്ധതിയും അവതരിപ്പിക്കും. സാധാരണക്കാരെയും കടപ്പത്ര വിപണിയിലേക്ക് ആകർഷിക്കുകയും പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ബാങ്ക് വായ്‌പയ്ക്ക് പുറമേ മൂലധനം കണ്ടെത്താൻ പുത്തൻ വഴി ഒരുക്കുകയും ലക്ഷ്യമിട്ടാണ് കേന്ദ്രം ഭാരത് ബോണ്ട് ഇ.ടി.എഫിന് രൂപം നൽകിയത്.
ഗോൾഡ് ബോണ്ട്:
വില ഗ്രാമിന് ₹4,852
കേന്ദ്രസർക്കാരിന്റെ പുതിയ സ്വർണ ബോണ്ട് വിതരണത്തിൽ ഗ്രാമിന് 4,852 രൂപയായി വില നിശ്‌ചയിച്ചുവെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. സോവറിൻ ഗോൾഡ് ബോണ്ട് സ്‌കീം നാലാംഘട്ടത്തിന്റെ വിതരണം നാളെ ആരംഭിച്ച് പത്തിന് സമാപിക്കും. വ്യക്തിക്ക് ഒരു ഗ്രാം മുതൽ നാലുകിലോ വരെ വാങ്ങാം. ഹിന്ദു അവിഭക്ത കുടുംബത്തിന് (എച്ച്.യു.എഫ്) നാലു കിലോയും ട്രസ്‌റ്റുകൾക്ക് 20 കിലോയും പരമാവധി വാങ്ങാം.