ന്യൂഡല്‍ഹി:ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ഉത്പന്നമായ ഫെയര്‍ ആന്‍ഡ് ലവ്‌ലി ഇനിമുതല്‍ 'ഗ്ലോ ആന്‍ഡ് ലവ്‌ലി' എന്ന പേരില്‍ അറിയപ്പെടും.പുതിയ പേരിലുള്ള ക്രീം അടുത്ത മാസം മുതല്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കി തുടങ്ങുമെന്ന് എച്ച്.യു.എല്‍ വ്യാഴാഴ്ച അറിയിച്ചു.പുരുഷന്മാര്‍ക്കുള്ള സൗന്ദര്യവര്‍ധക ക്രീമിന്റെ പേരും മാറ്റിയിട്ടുണ്ട്. 'ഗ്ലോ ആന്‍ഡ് ഹാന്‍ഡ്‌സം' എന്ന പേരിലാണ് ഇനിമുതല്‍ ഫെയര്‍ ആന്‍ഡ് ഹാന്‍ഡ്‌സം അറിയപ്പെടുക. ഉത്പന്നത്തിന്റെ പേരിലുള്ള 'ഫെയര്‍' എന്ന വാക്ക് ഇനി ഉപയോഗിക്കില്ലെന്ന് ഒരാഴ്ച മുമ്പ് കമ്പനി അറിയിച്ചിരുന്നു. തൊലിയുടെ നിറം വെളുപ്പിക്കുമെന്ന അവകാശവാദവുമായി വിൽപ്പന നടത്തിയിരുന്ന ഫെയര്‍ ആന്‍ഡ് ലവ്‌ലി വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ഉത്പന്നത്തില്‍നിന്ന് ഫെയർ എന്ന വാക്ക് എടുത്തുമാറ്റാന്‍ കമ്പനി തീരുമാനിച്ചത്.
അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ലോയിഡിനെ പോലീസുകാരന്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ലോകമെമ്പാടും 'ബ്ലാക്ക് ലൈഫ്‌സ് മാറ്റര്‍' എന്ന പേരില്‍ പ്രതിഷേധം ശക്തമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ലോകമെമ്പാടുമുള്ള കോസ്‌മെറ്റിക് ബ്രാന്‍ഡുകള്‍ക്കെതിരെ, പ്രത്യേകിച്ച് ചര്‍മ്മത്തിന്റെ തിളക്കം കൂട്ടുന്നതിന് സഹായിക്കുമെന്ന അവകാശവാദമുന്നയിച്ച് വില്‍പന നടത്തുന്ന ഉത്പന്നങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ സൗന്ദര്യവര്‍ധക വസ്തുക്കളില്‍നിന്ന് 'ഫെയര്‍' എന്ന വാക്ക് എടുത്തുമാറ്റുമെന്ന് പ്രഖ്യാപിച്ച് പ്രമുഖ കമ്പനികള്‍ രംഗത്തെത്തിയിരുന്നു. ഫെയര്‍നെസ് ക്രീമുകളായ ന്യൂട്രോജെന, ക്ലീന്‍ ആന്‍ഡ് ക്ലിയര്‍ എന്നീ ബ്രാന്‍ഡുകള്‍ നിര്‍ത്തലാക്കുമെന്ന് ജോണ്‍സണ്‍ & ജോണ്‍സണ്‍ പ്രഖ്യാപിച്ചിരുന്നു. ഇതുകൂടാതെ, പ്രമുഖ കോസ്‌മെറ്റിക് ബ്രാന്‍ഡായ ഗാര്‍ണിയറിന്റെ ഉത്പാദകരായ ലോറിയലും ഉത്പന്നങ്ങളില്‍നിന്ന് വൈറ്റ്, ഫെയര്‍ എന്നീ വാക്കുകള്‍ ഒഴിവാക്കുമെന്ന് അറിയിച്ചിരുന്നു.