മുംബയ് : മുംബയിലും താനെയിലും ശക്തമായ മഴ. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. വിവിധ റോഡുകളിൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. മുംബയിൽ നേരത്തെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. മഹാരാഷ്‌ട്രയിലെ റായ്ഗഡ്, രത്നഗിരി ജില്ലകളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന 24 മണിക്കൂറിനിടെ മുംബയ്‌യിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. മുംബയ് തീരപ്രദേശത്ത് ജാഗ്രതാ നിർദ്ദേശം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെ മുതൽ താനെയിൽ 100 മില്ലീമീറ്ററിലധികം മഴ ലഭിച്ചു. വടക്കൻ കൊങ്കൺ മേഖലയിലും മഴ ശക്തമായേക്കും. പലയിടത്തും മരങ്ങൾ കടപുഴകി വീണതായി റിപ്പോർട്ടുകൾ വരുന്നുണ്ടെങ്കിലും ഇതേവരെ ആർക്കും പരിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല.