ജനീവ: കൊവിഡിന്റെ ഉറവിടം കണ്ടെത്താൻ ലോകാരോഗ്യ സംഘടന ചൈനയിലേക്ക് എത്തുന്നു. കൊവിഡ് മഹാമാരിക്ക് കാരണമായ വൈറസ് ചൈനയിലെ ലാബില്‍ നിന്നാണ് ഉദ്ഭവിച്ചതെന്ന ആരോപണങ്ങൾക്കിടെയാണ് ഉറവിടം അന്വേഷിക്കാന്‍ ലോകാരോഗ്യ സംഘടന വിദഗ്ധ സംഘത്തെ രാജ്യത്തേക്ക് അയക്കുന്നത്.
വൈറസിന്റെ ആവിർഭാവം ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് പൂര്‍ണമായി മനസിലാക്കിയാല്‍ വൈറസിനെതിരെ വളരെ ശക്തമായി പോരാടാനാകുമെന്നും അതിനാല്‍ വൈറസിന്റെ ഉറവിടം കണ്ടെത്തേണ്ടത് വളരെ പ്രധാനമാണെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗബ്രിയേസ് വിശദീകരിച്ചു.
വൈറസ് എങ്ങനെ ആരംഭിച്ചുവെന്നും തുടർന്ന് എന്ത് ചെയ്യാനാകുമെന്ന് മനസിലാക്കുന്നതിനുമായി അടുത്ത ആഴ്ച ഒരു ടീമിനെ ചൈനയിലേക്ക് അയയ്ക്കുമെന്ന് അദേഹം വ്യക്തമാക്കി. ചൈനയിലെ ലാബില്‍ നിന്നാണ് വൈറസ് ണ്ടായതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നേരത്തെ ആരോപണം ഉയര്‍ത്തിയിരുന്നു. ഇതുവരെ ലോകത്താകമാനം ഒരു കോടിയിലധികം ആളുകളെയാണ് വൈറസ് ബാധിച്ചത്.