karunakaran

തിരുവനന്തപുരം: ഏഴു പതിറ്റാണ്ട് കാലം കേരള രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും നിറഞ്ഞുനിന്ന സംഭവബഹുലമായ ജീവിതത്തിനുടമയായ കെ.കരുണാകരന്‍റെ നൂറ്റിരണ്ടാം ജന്മദിനമാണ് ഇന്ന്. പ്രാദേശിക ദേശീയ തലങ്ങളിൽ മുടിചൂടാമനന്മാരായ നിരവധി നേതാക്കൾ വ്യത്യ‌സ്ത ഗുണവിശേഷങ്ങൾ കൊണ്ട് പ്രഗത്ഭരായെങ്കിലും ലീഡർ എന്ന പദത്തിന് ആളും അർത്ഥവും നൽകിയ ഏക നേതാവ് കെ.കരുണാകരൻ എന്ന രാഷ്ട്രീയ ചാണക്യൻ മാത്രമാണ്. രാഷ്ട്രീയ പോരാട്ടത്തിന്‍റെ മണ്ണായ കണ്ണൂരിലെ ചിറക്കൽ എന്ന ഗ്രാമത്തിൽ 1918ൽ ജനിച്ച കരുണാകരനെ ജന്മദിനത്തിൽ മകൾ പദ്‌മജ വേണുഗോപാൽ കേരളകൗമുദി ഓൺലൈനിന് വേണ്ടി ഓർത്തെടുക്കുന്നു.

ലീഡർ പോയിട്ട് പത്ത് വർഷം ആവാൻ പോവുകയാണ്. അച്ഛൻ ഇല്ലാത്ത കാലം എങ്ങനെയാണ് ഓർത്തെടുക്കുന്നത് ?

ജനങ്ങൾക്കിടയിൽ കെ.കരുണാകരൻ എന്ന വ്യക്തി മരിച്ചിട്ടില്ലെന്ന് ഇപ്പോഴും തോന്നാറുണ്ട്. എന്ത് വരുമ്പോഴും അച്ഛനെ താരതമ്യപ്പെടുത്തി പലരും സംസാരിക്കാറുണ്ട്. ലീഡർ ഉണ്ടായിരുന്നെങ്കിൽ, ഈ സമയത്ത് ലീഡർ ആയിരുന്നെങ്കിൽ അങ്ങനെ പലതും. നല്ല കാര്യങ്ങൾ ചെയ്‌താൽ ജനങ്ങൾ എന്നും ഓർക്കും എന്നതിന്‍റെ തെളിവാണത്. നല്ല പേരും ആൾക്കാരുടെ സ്‌നേഹവും ബാക്കിവച്ചാണ് അദ്ദേഹം പോയത്. ഞങ്ങൾക്ക് അദ്ദേഹം നൽകിയിട്ട് പോയ ഏറ്റവും വലിയ സമ്പാദ്യവും അതാണ്.

അദ്ദേഹം ജീവിച്ചിരുന്ന സമയത്ത് ജന്മദിനങ്ങൾ ആഘോഷിക്കാൻ സമയം കിട്ടാറുണ്ടായിരുന്നോ?

ആഘോഷങ്ങൾ ഒരുപാട് ഇഷ്‌ടപ്പെട്ടിരുന്ന ആളായിരുന്നു അച്ഛൻ. അദ്ദേഹത്തിന്‍റെ ജന്മദിനങ്ങളെക്കാൾ മക്കളുടെയും കൊച്ചുമക്കളുടെയും ജന്മദിനങ്ങൾ ആഘോഷിക്കാനായിരുന്നു ഇഷ്‌ടം. എല്ലാ വർഷവും കലണ്ടർ കിട്ടിയാലുടൻ എല്ലാവരുടെയും ജന്മദിനങ്ങൾ അദ്ദേഹം മാർക്ക് ചെയ്‌തിടും. തുലാ മാസത്തിലെ തിരുവോണമാണ് എന്‍റെ ജന്മനാൾ. അപ്പോൾ തുലാ മാസം ഒന്നാം തീയതി ആകുമ്പോൾ തന്നെ ഈ മാസമാണ് മോളെ ജന്മദിനമെന്ന് സ്റ്റാഫിനോടൊക്കെ പറയും. അത് ഇങ്ങനെ അവരെ എപ്പോഴും ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കും.

തിരക്കിനിടയിൽ അച്ഛൻ മറന്നുപോയാലും സ്റ്റാഫിലുള്ളവർ ഓർമ്മിപ്പിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഞങ്ങളുടെയൊരു വിശ്വാസ പ്രകാരം ശനിയാഴ്ച പിറന്നാൾ വന്നാൽ അച്ഛനും അമ്മയ്ക്കും ദോഷമാണെന്നാണ്. അച്ഛൻ ജീവിച്ചിരുന്നപ്പോഴുള്ള എന്‍റെ അവസാന പിറന്നാൾ വന്നത് ശനിയാഴ്ച ആയിരുന്നു. എനിക്കത് ഭയങ്കര പേടിയും സങ്കടവുമായി. അതുകൊണ്ട് തന്നെ ജന്മദിനമാണെന്ന് ഞാൻ അച്ഛനെ ഓർമ്മിപ്പിക്കാൻ പോയില്ല. സ്റ്റാഫിനോടെല്ലാം ഓർമ്മിപ്പിക്കരുതെന്നും പറഞ്ഞു. എന്നാൽ അന്ന് വീട്ടിൽ വന്ന അച്ഛന്‍റെ സഹോദരന്‍റെ മകൻ വല്യച്ഛാ ഇന്നല്ലേ പപ്പി ചേച്ചിയുടെ ബർത്ത്ഡേയെന്ന് പറഞ്ഞു.

അതുകേട്ടതും അച്ഛന് വലിയ സങ്കടം വന്നു. കുറച്ച് കഴിഞ്ഞ് എന്നെ വിളിച്ചിട്ട് ജന്മനാൾ നീ എന്നോട് പറയേണ്ടാന്ന് പറഞ്ഞല്ലേയെന്ന് വളരെ സങ്കടത്തോടെ പറഞ്ഞു. അപ്പോഴേക്കും ശനിയാഴ്ച വിഷയം ഞാൻ അച്ഛന് മുന്നിലേക്ക് അവതരിപ്പിച്ചു. നീ നോക്കിക്കോ നിന്‍റെ അടുത്ത ജന്മദിനത്തിൽ ഞാൻ ഉണ്ടാവില്ലെന്ന് അച്ഛൻ കരഞ്ഞുകൊണ്ട് പറഞ്ഞു. അതെന്‍റെ മനസിൽ ഇന്നും വലിയ വേദനയായി അവശേഷിക്കുകയാണ്. അതിനു ശേഷം എന്‍റെ ജന്മദിനം ആഘോഷിക്കാൻ അച്ഛൻ ഉണ്ടായിരുന്നില്ല. ആ ഡിസംബറിലാണ് അച്ഛൻ പോയത്.

കൊച്ചുമക്കളൊക്കെ മുത്തച്ഛനെ എങ്ങനെയാണ് ഓർക്കുന്നത് ?

കൊച്ചുമക്കളെല്ലാം അദ്ദേഹത്തിന്‍റെ സ്നേഹം അനുഭവിച്ച് വളർന്നവരാണ്. അച്ഛനെ ഓർക്കുമ്പോൾ എന്‍റെ മോൻ ഇപ്പോഴും കരയാറുണ്ട്. നാല് കൊച്ചുമക്കളിൽ അച്ഛന് ഏറ്റവും ഇഷ്‌ടം അവനോടായിരുന്നു. അവന്‍റെ പേരും കരുണാകരൻ എന്നാണ്, കരുൺ എന്നാണ് വിളിക്കുന്നത്. വലിയൊരു പക്ഷപാതിത്വം അച്ഛൻ അവനോട് കാണിക്കാറുണ്ടായിരുന്നു. അവനും അച്ഛന്‍റെ പേരുളളത് കൊണ്ടല്ലേ ഈ സ്‌നേഹമെന്ന് ഞാൻ ചോദിക്കുമ്പോൾ അവൻ നല്ല മോനല്ലേയെന്നായിരിക്കും തിരിച്ച് പറയുക. ഇടയ്ക്കിടെ എന്‍റെ മകൾ അച്ഛനോട് പറയും നാല് ചെറുമക്കളിൽ ഞാനേ ഉള്ളൂ പെണ്ണായിട്ടെന്ന്. അപ്പോൾ എല്ലാ ചെറുമക്കളും മുത്തച്ഛന് ഒരുപോലെയല്ലേ എന്ന് പറയാറുണ്ടായിരുന്നു. എന്നാൽ തന്നെയും അവനോട് അദ്ദേഹത്തിന് ഒത്തിരി ഇഷ്‌ടമായിരുന്നു.

ലീഡർ പോയി കഴിഞ്ഞ് അദ്ദേഹത്തിന്‍റെ എല്ലാ ജന്മദിനത്തിലും ചരമദിനത്തിലും പലരും അദ്ദേഹത്തോട് മാപ്പ് ചോദിക്കുന്നതും തെറ്റുകൾ ഏറ്റു പറയുന്നതും സ്ഥിരം കാഴ്ചയാണ്. ഇതൊക്കെ കാണുമ്പോൾ എന്താണ് തോന്നാറുള്ളത്?

ഞങ്ങൾക്ക് ആരോടും ദേഷ്യമൊന്നുമില്ല. കാരണം അന്ന് ഇവർ എതിർത്തതൊക്കെ കണ്ടിട്ട് അച്ഛൻ വിഷമിച്ചിട്ടില്ല. വളരെ കൂളായി രാഷ്ട്രീയത്തിന്‍റെ ഭാഗമായാണ് അച്ഛൻ ഇതിനെയൊക്കെ കണ്ടിരുന്നത്. അതുകൊണ്ട് തന്നെ അവർ ക്ഷമ പറയുമ്പോഴും അന്നുണ്ടായിരുന്ന അതേ വികാരം തന്നെയാണ് ഞങ്ങൾക്ക് ഇന്നുമുണ്ടാവാറുള്ളത്. ഞങ്ങളാരും വീട്ടിൽ രാഷ്ട്രീയം സംസാരിച്ചിരുന്നില്ല. അങ്ങനെയുള്ള ഞാനും മുരളിയേട്ടനുമൊക്കെ എങ്ങനെയാണ് രാഷ്ട്രീയത്തിൽ എത്തിപ്പെട്ടതെന്ന് ഞാൻ അത്ഭുതത്തോടെയാണ് ഇന്നും ഓർക്കാറുള്ളത്. പിന്നെ കുട്ടിക്കാലം തൊട്ടുതന്നെ രാഷ്ട്രീയം മാത്രം കണ്ടു വളർന്നത് കൊണ്ടു തന്നെയായിരിക്കും. ഞങ്ങൾക്ക് വേറൊരു ഫീൽഡിനെപ്പറ്റിയും അറിയുമായിരുന്നില്ലലോ....

ഈ കൊവിഡ് കാലത്ത് ജന്മദിന ആഘോഷം എന്തെങ്കിലുമുണ്ടോ ?

ഇത്തവണ ആഘോഷങ്ങളൊന്നുമില്ല. അച്ഛന്‍റെയും അമ്മയുടെയും ശവകുടീരത്തിൽ വിളക്ക് കത്തിക്കും. ഞാനും മകനും ഒന്നു രണ്ട് ബന്ധുക്കളും മാത്രമാണ് ഇവിടെയുള്ളത്. അല്ലെങ്കിൽ രാവിലെ എഴുന്നൂറ് പേർക്കൊക്കെ പ്രഭാത ഭക്ഷണം ഒരുക്കാറുണ്ടായിരുന്നു. അച്ഛന്‍റെ ഏറ്റവും ഇഷ്‌ടപ്പെട്ട ദൈവമായ ഗുരുവായൂരപ്പൻ പോലും ഈ കൊവിഡ് കാലത്ത് ആരേയും കാണാതെ സങ്കടപ്പെട്ടിരിക്കയല്ലേ. അതുകൊണ്ട് തന്നെ ഈ ജന്മദിനത്തിൽ ആരുമില്ലാത്തതും ആഘോഷിക്കാത്തതും അച്ഛനും ഫീൽ ചെയ്യില്ലെന്നാണ് ഞാൻ മനസിൽ ആശ്വസിക്കുന്നത്.

ഈ കൊവിഡ് കാലത്തും രാഷ്ട്രീയ നേതാക്കൾ യാതൊരു പ്രതിപക്ഷ ബഹുമാനവുമില്ലാതെയാണ് പരസ്പരം സംസാരിക്കുന്നത്. ഈ സമയത്തെല്ലാം പലരും ഓർക്കുന്നത് കരുണാകരനും ഇ.കെ നായനാരും തമ്മിലുള്ള ആത്മബന്ധത്തെപ്പറ്റിയാണ്. അതൊന്ന് ഓർത്തെടുക്കാമോ ?

രാഷ്ട്രീയമായി അകൽച്ചയുണ്ടായിരുന്നെങ്കിലും അച്ഛനും നായനാർ സാറും തമ്മിൽ വലിയ സ്നേഹമായിരുന്നു. അവർ രണ്ട് പേരും രണ്ട് നല്ല മനസിന് ഉടമകളാണ്. ഒരു നല്ല മനുഷ്യന് മാത്രമെ പ്രതിപക്ഷ ബഹുമാനം പുലർത്താൻ പറ്റുകയുള്ളൂ. എത്ര കളിയാക്കി പറഞ്ഞാലും മനസിനെ വേദനിപ്പിക്കുന്ന ഒന്നും നായനാർ സാർ പറഞ്ഞിരുന്നില്ല. വോൻ അങ്ങനെയാണ് വോൻ നുണയനാണ് എന്നൊക്കെ അച്ഛനെപ്പറ്റി പറയുമ്പോഴും അതിലൊക്കെ തമാശയുണ്ടായിരുന്നു. അച്ഛൻ തിരിച്ച് അങ്ങോട്ടും അങ്ങനെ തന്നെയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ എതിരാളികളെ ഒരിക്കലും വ്യക്തിഹത്യ നടത്തരുതെന്ന് അച്ഛൻ എപ്പോഴും പറയാറുണ്ടായിരുന്നു.

എന്നാൽ ഇന്ന് ഇവരെല്ലാം കൂടി ഞങ്ങളെ വ്യക്തിഹത്യ നടത്തേണ്ട ഒരു ഘട്ടത്തിൽ എത്തിച്ചിരിക്കുകയാണ്. കെ.പി.സി.സി അദ്ധ്യക്ഷന്‍റെ മരിച്ച് മണ്ണടിഞ്ഞ അച്ഛനെപ്പറ്റി എന്തൊക്കെയാണ് വളരെ മോശമായി സി.പി.എമ്മുകാർ പറയുന്നത്. അപ്പോൾ ഞങ്ങൾക്കും തിരിച്ച് പ്രതികരിക്കേണ്ടി വരും. എന്നാൽ വ്യക്തിപരമായി ഓരോരുത്തരെയും എതിർക്കുമ്പോഴും മനസിൽ അച്ഛന്‍റെയടുത്ത് ഞാൻ മാപ്പ് പറഞ്ഞുകൊണ്ടാണ് അത് ചെയ്യാറുള്ളത്. ജീവിച്ചിരിക്കുമ്പോഴൊക്കെ അച്ഛൻ പറയുമായിരുന്നു ആണുങ്ങൾ രാഷ്ട്രീയത്തിൽ ഇറങ്ങിയതിന് വീട്ടിലിരിക്കുന്ന ഭാര്യയും മക്കളുമൊക്കെ എന്ത് പിഴച്ചെന്ന്.

അച്ഛൻ മരിച്ച ശേഷം അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപോയ നിമിഷം ഏതൊക്കെയാണ് ?

ഓരോ നിമിഷവും അത് തോന്നാറുണ്ട്. ഓരോന്ന് കാണുമ്പോഴും ഇപ്പോൾ അച്ഛൻ ഉണ്ടായിരുന്നെങ്കിൽ എന്ത് പറയുമായിരുന്നുവെന്ന് തോന്നാറുണ്ട്. അച്ഛനെ ഏറ്റവും കൂടുതൽ വേട്ടയാടിയത് പത്രക്കാരാണ്. എന്നാൽ അച്ഛൻ ഏറ്റവും കൂടുതൽ കമ്പനി ആയിരുന്നതും പത്രക്കാരോടായിരുന്നു. ചില ദിവസങ്ങൾ അവരിൽ ആരെങ്കിലുമൊക്കെ വീട്ടിൽ വരുമ്പോൾ എന്താ ഇന്ന് ഒന്നും കിട്ടിയില്ലേയെന്ന് ചോദിക്കും. അവർ ഇല്ലാന്ന് പറയുമ്പോൾ എന്നാ ഓരു കാര്യം ചെയ്യ് വൈകുന്നേരം നാല് മണിയാകുമ്പോൾ എല്ലാവരേയും കൂട്ടി വരാൻ പറയും. എന്നിട്ട് അവർക്ക് ഒരാഴ്ചക്കുള്ളതെല്ലാം കൊടുത്ത് കണ്ണടച്ചിരുന്ന് ചിരിക്കും. ഇതു കണ്ടിട്ട് വഴിയേ പോകുന്ന വയ്യാവേലി എന്തിനാ അച്ഛാ തലയിലെടുത്ത് വയ്ക്കുന്നതെന്നും മനസമാധാനത്തോടെ ഉറങ്ങേണ്ടെയെന്നും ഞാൻ അച്ഛനോട് ചോദിക്കാറുണ്ടായിരുന്നു. എന്നാൽ മനസമാധാനം ഉണ്ടെങ്കിൽ എനിക്ക് ഉറക്കം വരില്ലയെന്നായിരിക്കും അച്ഛൻ പറയുന്നത്. ഒരു കുത്തിതിരിപ്പൊക്കെ ഉണ്ടാക്കിയാൽ അച്ഛൻ സന്തോഷത്തോടെ കിടന്നുറങ്ങും.

അച്ഛൻ ഉണ്ടായിരുന്നെങ്കിൽ രാഷ്ട്രീയ ജീവിതത്തിൽ ഇതിനെക്കാളൊക്കെ ഉയർച്ച ഉണ്ടാവുമായിരുന്നില്ലേ ?

അച്ഛൻ എന്നെ അങ്ങനെ സഹായിച്ചിട്ടൊന്നുമില്ല. കാരണം ഞാൻ ഇല്ലാത്തപ്പോഴും നിങ്ങൾ ജീവിക്കണമെന്ന് അച്ഛൻ മുമ്പേ പറയുമായിരുന്നു. അതുകൊണ്ട് തന്നെയാണ് ഇപ്പോഴും ഫൈറ്റ് ചെയ്‌ത് രാഷ്ട്രീയത്തിൽ നിൽക്കാനുള്ള ധൈര്യം എനിക്ക് കിട്ടിയത്.

എന്നാൽ അദ്ദേഹം ഒരു സമയത്ത് ഏറ്റവും കൂടുതൽ പഴി കേട്ടതും ആക്ഷപിക്കപ്പെട്ടതുമൊക്കെ മക്കളുടെ പേരിലായിരുന്നു ?

ആ പറഞ്ഞവരൊക്കെ ഇന്ന് മക്കൾക്ക് വേണ്ടി എന്തൊക്കെയാ ചെയ്യുന്നതെന്ന് നമ്മൾ കാണുന്നുണ്ടല്ലോ. ഈ ചോദ്യത്തന് ഉത്തരമില്ല. പകരം അവർ മക്കൾക്ക് വേണ്ടി ചെയ്യുന്നത് ചൂണ്ടികാണിക്കാനേ പറ്റുകയുള്ളൂ. എനിക്ക് വേണ്ടിയോ മുരളിയേട്ടന് വേണ്ടിയോ പേഴ്‌സണലായി അദ്ദേഹം ഒന്നും ചെയ്‌തിട്ടില്ല. മുരളിയേട്ടനെ രാഷ്ട്രീയമായി സഹായിച്ചിട്ടുണ്ട്. എന്നാൽ ഇന്നത്തെ പല നേതാക്കന്മാരും അങ്ങനെയല്ല. അവർ മക്കളുടെ പേഴ്‌സണൽ ആവശ്യങ്ങൾക്ക് വേണ്ടി എന്തും ചെയ്യും.

കോൺഗ്രസിൽ ഇപ്പോൾ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെപ്പറ്റി വലിയ ചർച്ചകൾ നടക്കുകയാണ്. ആ ചർച്ചകൾക്ക് ഒപ്പം കൂടാനുണ്ടോ ?

ഒരു തിരഞ്ഞെടുപ്പിന് മൂന്ന് മാസം മുമ്പാണ് അഭിപ്രായ രൂപീകരണം ഉണ്ടാകുന്നത്. അച്ഛൻ എപ്പോഴും പറയാറുണ്ടായിരുന്നു. നമ്മൾ എന്തൊക്കെ നല്ല കാര്യം ചെയ്‌താലും തിരഞ്ഞെടുപ്പിന് മൂന്ന് മാസം മുമ്പ് ഒരു മോശം കാര്യം ചെയ്‌താൽ ‌ജനം അതേ ഓർക്കൂവെന്ന്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെപ്പറ്റിയുള്ള ചർച്ചകൾക്ക് ഇപ്പോൾ യാതൊരു പ്രസക്തിയുമില്ല. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവെന്ന നിലയിൽ നല്ല രീതിയിലാണ് പ്രവർത്തിക്കുന്നത്. പിന്നെ മുഖ്യമന്ത്രി ആരെന്നൊക്കെ ഹൈക്കമാൻഡ് തീരുമാനിക്കും. നമ്മുടെ പാർട്ടിയിൽ ഹൈക്കമാൻഡ് വലിയൊരു ഘടകം തന്നെയാണ്.

മക്കളെക്കാളും ശിഷ്യന്മാരെ സ്നേഹിച്ച ഒരു രാഷ്ട്രീയ നേതാവാണ് കരുണാകരൻ. നിങ്ങൾക്ക് കിട്ടേണ്ട സ്നേഹമൊക്കെ അവർക്ക് കൊടുക്കുന്നത് കാണുമ്പോൾ അസൂയ തോന്നിയിട്ടുണ്ടോ ?

അങ്ങനെയൊന്നും എനിക്ക് തോന്നിയിട്ടില്ല. അച്ഛന്‍റെ ശിഷ്യന്മാരെല്ലാം ഞങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. രമേശ് ചെന്നിത്തലയായാലും കാർത്തികേയൻ സാറായാലും കെ.സി വേണുഗോപാലായാലും അവരൊക്കെ ഞങ്ങളുടെ വീട്ടിൽ വളർന്ന കുട്ടികളെ പോലെയായിരുന്നു. അവരോടുള്ള സ്നേഹവും സൗഹൃദവുമൊക്കെ ഞാൻ മനസിൽ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്.