covid-19

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ, രോഗബാധിത പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ഉറവിടമറിയാത്ത കേസുകളുടെ എണ്ണം വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ വെള്ളനാട് ടൗണിലും, കണ്ണമ്പള്ളിയിലും, പാളയം മാർക്കറ്റിനോട് ചേർന്നുള്ള വാണിജ്യ മേഖലയിലും നിയന്ത്രണമേർപ്പെടുത്തി. അത്യാവശ്യങ്ങൾക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് ജില്ലാ കളക്ടർ നിർദേശം നൽകി.കഴിഞ്ഞ ദിവസം ജില്ലയിൽ നാല് പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

എറണാകുളം ജില്ലയിലും സ്ഥിതി അതീവ ഗുരുതരമാണ്. ഉറവിടമറിയാത്ത കേസുകൾ വർദ്ധിക്കുകയാണ്. ഇന്നലെ ആറ് പേർക്കാണ് സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചത്. ഈ സാഹചര്യം തുടർന്നാൽ ട്രിപ്പിൾ ലോക്ക്‌ ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.

അതേസമയം, പകർച്ചവ്യാധി നിയമ ഭേദഗതി വിജ്ഞാപനം സർക്കാർ പുറത്തിറക്കി. ഇതുപ്രകാരം പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും വാഹന യാത്രയിലും മൂക്കും വായും മൂടുന്ന തരത്തിൽ മുഖാവരണം ധരിക്കണം, മുൻകൂർ അനുമതി വാങ്ങാതെ സമരവും ഘോഷയാത്രയും പോലുള്ള കൂടിച്ചേരലുകൾ പാടില്ല, വിവാഹത്തിന് ഒരേ സമയം 50 പേരും,മരണാനന്തര ചടങ്ങുകളിൽ ഇരുപത് പേരും മാത്രമേ പങ്കെടുക്കാവൂ, പൊതുസ്ഥലങ്ങളിൽ തുപ്പരുത്. ഈ വ്യവസ്ഥകൾ ലംഘിക്കുന്നവർ പകർച്ചവ്യാധി ഓർഡിനൻസ് പ്രകാരം ശിക്ഷ അനുഭവിക്കേണ്ടി വരും.ഒരുവർഷം വരെയോ മറിച്ചൊരു വിജ്ഞാപനം ഇറങ്ങുന്നതുവരെയോ ആണ് നിയന്ത്രണം.