തിരുവനന്തപുരം:നഗരം അഗ്നിപർവതത്തിന് മുകളിലാണെന്നും എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാമെന്നും മന്ത്രി കടകംപളളി സുരേന്ദ്രൻ പറഞ്ഞു. കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. ''സമൂഹവ്യാപനം ഉണ്ടാവില്ലെന്ന് കരുതുന്നില്ല. ഉണ്ടായാൽ മറച്ചുവയ്ക്കില്ല. സർക്കാർ തന്നെ ആദ്യം പറയും. രോഗം സ്ഥിരീകരിച്ച കുമരിച്ചന്തയിലെ മത്സ്യ വില്പനക്കാരന് കന്യാകുമാരിയുമായി ബന്ധമുണ്ട്. രോഗം സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയായ മെഡിക്കൽ റെപ്രസെന്റേറ്റീവിന് നിരവധി ഡോക്ടർമാരുമായി ബന്ധമുണ്ട് ഡെലിവറിബോയിക്ക് രോഗം സ്ഥിരീകരിച്ചതോടെ നഗരത്തിലെ മുഴുവൻ ഭക്ഷണ വിതരണക്കാർക്കും ആന്റിജൻ പരിശോധന രണ്ടുദിവസത്തിനുള്ളിൽ നടത്തും. ഇന്നും നാളെയും പരിശോധനകൾ കൂട്ടും. തലസ്ഥാനത്തെ ആശുപത്രികൾ എല്ലാ സാഹചര്യങ്ങൾ നേരിടാനും സജ്ജമാണ് ''- മന്ത്രി പറഞ്ഞു.
തിരുവനന്തപുരം ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗ ബാധിതരാവുന്നവരുടെ എണ്ണം കൂടുകയാണ്. ഇതിനെത്തുടർന്ന് നിന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്. ഉറവിടമറിയാത്ത കേസുകളുടെ എണ്ണം വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ വെള്ളനാട് ടൗണിലും, കണ്ണമ്പള്ളിയിലും, പാളയം മാർക്കറ്റിനോട് ചേർന്നുള്ള വാണിജ്യ മേഖലയിലും നിയന്ത്രണമേർപ്പെടുത്തി. അത്യാവശ്യങ്ങൾക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് ജില്ലാ കളക്ടർ നിർദേശം നൽകി.കഴിഞ്ഞ് ദിവസം ജില്ലയിൽ നാല് പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
എറണാകുളം ജില്ലയിലും സ്ഥിതി അതീവ ഗുരുതരമാണ്. ഉറവിടമറിയാത്ത കേസുകൾ വർദ്ധിക്കുകയാണ്. ഇന്നലെ ആറ് പേർക്കാണ് സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചത്. ഈ സാഹചര്യം തുടർന്നാൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.