-covid-

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധന. 24 മണിക്കൂറിനിടെ 24,​850 പേർക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയിൽ 613 പേര്‍ മരിക്കുകയും ചെയ്തു. രോഗികൾ 6,73,165 ആയതോടെ ഇന്ത്യ റഷ്യയ്ക്കു തൊട്ടുപിന്നിലെത്തി. ലോകത്ത് മൂന്നാം സ്ഥാനത്തുള്ള റഷ്യയിൽ രോഗികൾ 6,74,515 ആണ്. ഇതുവരെയുളള പ്രതിദിന കണക്കുകളില്‍ ഏറ്റവും ഉയര്‍ന്നതാണ് ഇന്നത്തേത്.

19,268 പേരാണ് കൊവിഡിനെ തുടര്‍ന്ന് ഇതുവരെ മരിച്ചത്. 4.09 ലക്ഷം ആളുകള്‍ രോഗമുക്തി നേടിയതായും 2.44 ലക്ഷം പേര്‍ നിലവില്‍ ചികിത്സയിലുളളതായും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ മാത്രം 2.48 ലക്ഷം പരിശോധനകളാണ് നടത്തിയത്. രാജ്യത്ത് ഇതുവരെ 97.89 ലക്ഷം സാംപിളുകള്‍ പരിശോധിച്ചതായും ഐ.സി.എം.ആര്‍ അറിയിച്ചു.

രാജ്യത്ത് മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ രോ​ഗികൾ. മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നു. 2,00,064 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡിനെ തുടർന്ന് ഇതുവരെ 8,671 പേരാണ് മഹാരാഷ്ട്രയിൽ മരിച്ചത്. മഹാരാഷ്ട്രയില്‍ ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മുംബയില്‍ ഇതുവരെ 82,814 പേര്‍ക്കാണ് രോ​ഗം സ്ഥിരീകരിച്ചത്.