india-chian

ന്യൂഡൽഹി: ഗൽവാനിൽ ചൈനീസ് സൈനികർ വെള്ളപ്പൊക്ക ഭീഷണിയിലെന്ന് റിപ്പോർട്ട്. ഇതുമൂലം ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമി ഇവിടെ നിന്നും മാറേണ്ടിവരുമെന്ന് സൂചന. മഞ്ഞുവീഴ്ചയുള്ള, അക്സായി ചിൻ പ്രദേശത്ത് നിന്ന് ഉത്ഭവിക്കുന്ന ഗൽവാൻ നദിയുടെ ജലനിരപ്പ് കുത്തനെ ഉയർന്നതായി ഒരു മുതിർന്ന സൈനിക മേധാവി പറഞ്ഞു.

'വളരെ വേഗത്തിലാണ് മഞ്ഞ് ഉരുകുന്നത്. നദീതീരത്തെ ഏത് സ്ഥാനവും അപകടകരമാണ്,' മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. ഉപഗ്രഹങ്ങൾ വഴിയും, ഡ്രോൺ വഴിയുമൊക്കെ ലഭിച്ച വിവരങ്ങൾ നദീതീരത്ത് സ്ഥിതിചെയ്യുന്ന ചൈനീസ് സൈനികരുടെ താവളങ്ങൾക്ക് പിൻവശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായതായി സൂചിപ്പിച്ചു.

ഗാൽവാൻ, ഗോഗ്ര, ഹോട്ട് സ്പ്രിംഗ്സ്, പാങ്കോംഗ് എന്നിവിടങ്ങളിൽ ഇപ്പോഴുള്ള സ്ഥാനങ്ങളിൽ ചൈനീസ് സൈനികർ തുടരുന്നത് പ്രയാസമുള്ള കാര്യമാണന്ന് മിലിട്ടറി കമാൻഡർ പറഞ്ഞു. ഇത് ദീർഘകാലാടിസ്ഥാനത്തിൽ അപ്രാപ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.


ഇന്ത്യ- ചൈന പ്രശ്നത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് ദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി ഗൽവാൻ താഴ്‌വര സന്ദർശിച്ചിരുന്നു. മുൻകൂട്ടി അറിയിക്കാതെയായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർശനം. സൈനികരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും, സാഹചര്യം വിലയിരുത്തുകയുമായിരുന്നു ലക്ഷ്യം. ജൂൺ 15ന് ലഡാക്കിലുണ്ടായ സംഘർഷത്തിന് ശേഷം ആദ്യമായിട്ടാണ് മന്ത്രിസഭാ സുരക്ഷാ സമിതിയിൽ നിന്നൊരംഗം അതിർത്തിയിലേക്ക് എത്തിയത്.