" ബാലു...തിരുവല്ല ,മീന്തലക്കര ഇരട്ടക്കൊല അറിഞ്ഞില്ലേ?
പൊലീസ് ഒന്നും ചെയ്യുന്നില്ലെന്നാണ് കേട്ടത്. ബാലു അങ്ങോട്ടു പോകണം.അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കണം. ഫോൺ ഞാൻ ഗോപിയ്ക് കൊടുക്കാം." -ആലപ്പുഴ ക്രൈം ഡിറ്റാച്ച്മെന്റ് ഡി.വൈ.എസ്.പി കെ.എൻ.ബാലിന് വന്ന ആ ഫോൺ കോൾ അന്നത്തെ ആഭ്യന്തരമന്ത്രി ടി.കെ.രാമകൃഷ്ണന്റേതായിരുന്നു. ഗോപി ആലപ്പുഴ എസ്.പി,.ടി.പി.ഗോപിനാഥനും.ആഭ്യന്തരമന്ത്രി വിളിച്ചു ചേർത്ത എസ്.പി.മാരുടെ കോൺഫറൻസിനു പോയതായിരുന്നു ഗോപിനാഥൻ.
കാലം 1980,ഒക്ടോബർ 6
രാത്രി സമയം ഒമ്പതു മണിയോടടുത്തിരുന്നു കേരളത്തെ നടുക്കിയ തിരുവല്ല മീന്തലക്കര കരിക്കിൻവില്ല ഇരട്ടക്കൊലപാതകം നടക്കുമ്പോൾ. കുവൈറ്റിൽ നിന്ന് നാട്ടിലെത്തി വിശ്രമജീവിതം നയിച്ചിരുന്ന കെ.സി.ജോർജും(65) ഭാര്യ റേച്ചൽ ജോർജും ( 56 ) വീട്ടിൽ കൊല്ലപ്പെട്ട നിലയിലായിരുന്നു. വീട്ടിൽ പാർട്ട്ടൈം ജോലിക്കാരിയായിരുന്ന അയൽക്കാരി ഗൗരി ഏഴാം തീയതി രാവിലെ എത്തിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടത്.
ആഭ്യന്തരമന്ത്രിയുടെയും എസ്.പിയുടെയും നിർദ്ദേശം ലഭിച്ചതോടെ ബാൽ തിരുവല്ലയിലേക്ക് പോയി. ഏഴാം തീയതിയായിരുന്നു മന്ത്രി വിളിച്ചത്. അന്ന് ആലപ്പുഴ ജില്ലയിലാണ് തിരുവല്ല. പത്തനംതിട്ട ജില്ലയായിട്ടില്ല. കടത്തു കടന്നുവേണം തിരുവല്ലയിലെത്താൻ. ബാൽ രാത്രി ഒമ്പതു മണിയോടെ സ്റ്റേഷനിലെത്തുമ്പോൾ ചെങ്ങന്നൂർ എ.എസ്.പി സിബി മാത്യൂസും സ്റ്റേഷൻ സി.ഐ എ.കെ.ആചാരിയും അവിടെ കാത്തിരിപ്പുണ്ടായിരുന്നു.(പിൽക്കാലത്ത് പ്രസിദ്ധനായ സിബിമാത്യൂസിന്റെ ആദ്യ പോസ്റ്റിംഗായിരുന്നു ) ബാൽ എത്തിയപ്പോഴേക്കും കൊല നടന്ന് 24 മണിക്കൂർ പിന്നിട്ടിരുന്നു.
എന്താണ് പ്ളാൻ ഓഫ് ആക്ഷൻ? എന്ന ബാലിന്റെ ചോദ്യത്തിന് മറുപടിയില്ലായിരുന്നു. പ്രമാദമായ പല കേസുകളും തെളിയിച്ച് പ്രമുഖ കുറ്റാന്വേഷകനെന്ന് പേരെടുത്ത പൊലീസ് ഓഫീസറായിരുന്നു ബാൽ. ആ കഥ ബാൽ പറഞ്ഞു. അന്വേഷണത്തിന്റെ മേൽനോട്ടം വഹിച്ച് പ്രതികളെ കുടുക്കിയിട്ടും ഒരു റിവാർഡ് പോലും ലഭിക്കാതെ പോയതിന്റെ കഥ. താൻ ചെയ്ത കാര്യങ്ങളുടെ ക്രെഡിറ്റ് മറ്റുള്ളവർ കൊണ്ടുപോയ കഥ.
എട്ടാം തീയതി രാവിലെ ബാൽ സംഭവസ്ഥലം സന്ദർശിച്ചു.കൊലപാതകമാണെന്നതിന്റെ വ്യക്തമായ തെളിവുകൾ ക്രൈം സീനിൽ പ്രകടമായിരുന്നു. രക്തത്തിൽ ചവുട്ടി നടന്നതിന്റെയും,വിദേശ നിർമ്മിത ചെരുപ്പിന്റെയും കാർപോർച്ചിലെ മണലിൽ വാഹനം വന്നുപോയതിന്റെയും പാടുകൾ.പക്ഷേ പ്രതികളാരായിരിക്കുമെന്നതിന്റെ സൂചനകളൊന്നും ഉണ്ടായിരുന്നില്ല. ജോർജ് -റേച്ചൽ ദമ്പതികൾക്ക് കുട്ടികളില്ല. സഹോദരങ്ങളടക്കമുള്ള ബന്ധുക്കളുമായി അടുപ്പം പുലർത്തിയിരുന്നുമില്ല. മരിച്ചു കിടക്കുന്നത് ആദ്യം കണ്ട ജോലിക്കാരി ഗൗരി മാത്രമാണ് ഏകസാക്ഷി.
ബാൽ പ്ളാൻ ഓഫ് ആക്ഷൻ തയ്യാറാക്കി.ആറ് ടീമുകൾ ഉണ്ടാക്കി.ഒരു ടീമിൽ ഒരു എസ്.ഐ,ഒരു ഹെഡ് കോൺസ്റ്റബിൾ,രണ്ട് കോൺസ്റ്റബിൾ,ഒരു ജീപ്പ് വീതം. ഇതിനു പുറമെ ഈ ടീമുകളുടെ പ്രവർത്തനത്തെ നിരീക്ഷിക്കാനും ബാലിന്റെയൊപ്പം ഒരു ടീമിനെയും നിറുത്തി.എ.എസ്.പിയും സി.ഐയും എസ്.പിയുടെയും ബാലിന്റെയും നിർദ്ദേശങ്ങളനുസരിച്ച് പ്രവർത്തിക്കുന്നുണ്ടായിരുന്നു. അടുത്ത ദിവസം എസ്.പി.ഗോപിനാഥനും എത്തി. ടീമുകൾ മാറി മാറി പലരെയും ചോദ്യം ചെയ്തു.ഗൗരിയേയും. അവരിൽ നിന്ന് കൂടുതലായി ഒന്നും കിട്ടിയില്ല. ഗൗരി ഭയചകിതയായിരുന്നു. നാലാം ദിവസം ബാൽ കരിക്കിൻവില്ലയ്ക്കു പിറകിലുള്ള ഗൗരിയുടെ വീട്ടിൽ ചെന്നു. അപ്പോൾ കൊച്ചിൻ ഷിപ്പ്‌യാർഡിൽ ജോലിചെയ്യുന്ന ഗൗരിയുടെ സഹോദരൻ ഗോപാലകൃഷ്ണൻ അവിടെ വന്നത് സഹായകമായി. " ചേച്ചി ആരെയും പേടിക്കേണ്ടെന്നും സാറിനോട് സത്യം പറയാനും " അയാൾ ആവശ്യപ്പെട്ടു. ഇത്രയും പണവും ബന്തവസും ഉള്ളവരെ കൊല്ലാൻ മടിക്കാത്തവർ തങ്ങളെയും കൊല്ലുമെന്നായിരുന്നു ഗൗരിയുടെ ഭയം. പേടിക്കേണ്ടെന്ന ബാലിന്റെ വാക്കുകൾ ഗൗരി വിശ്വസിച്ചു.നാലു ദിവസങ്ങൾ പിന്നിട്ട ആ വൈകുന്നേരം ഗൗരി കരിക്കിൻവില്ല കൊലക്കേസിലെ നിർണായക തെളിവ് ബാലിനോട് വെളിപ്പെടുത്തി. " എന്നും രാവിലെയും വൈകിട്ടും ഏതാനും മണിക്കൂർ വീതമായിരുന്നു ഗൗരിയുടെ ജോലി. ആറിനു രാത്രി എട്ടര മണിയായികാണും. പണിതീർത്ത് ഗൗരി ഇറങ്ങാൻ തുടങ്ങുകയായിരുന്നു. അപ്പോഴാണ് ഒരു കാർ വന്നു നിന്നത്. റേച്ചൽ വാതിലിലേക്ക് പോയി. ചിരിയും സംസാരവും കേട്ടു. ഗൗരിയോട് ചായയ്ക്ക് വെള്ളം തിളപ്പിക്കാൻ പറഞ്ഞു. അച്ചായന്റെ കൊച്ചമ്മയുടെ മകളുടെ മകനും കൂട്ടുകാരുമാണെന്നും മദ്രാസിൽ പഠിക്കുന്ന കൊച്ചനാണെന്നും റേച്ചൽ ഗൗരിയോട് പറഞ്ഞു. (മദ്രാസിലെ മോനെന്നത് സിനിമയിലെ ഭേദഗതിയായിരുന്നു).
റെനിജോർജ്, സുഹൃത്തുക്കളായ മലേഷ്യക്കാരൻ ഗുണശേഖരൻ, മൗറീഷ്യസുകാരൻ ഗുലാം മുഹമ്മദ്, കെനിയക്കാരൻ കിബ് ലോ ഡാനിയേൽ എന്നിവരായിരുന്നു പ്രതികൾ.പക്ഷേ ഇവരിലേക്ക് എങ്ങനെ എത്തിച്ചേരും? റേച്ചലിന്റെ പത്തനംതിട്ട വടശേരിക്കരയിലുള്ള ബന്ധുവിൽ നിന്നാണ് റെനിയെക്കുറിച്ചുള്ള വിവരം കിട്ടിയത്. ഉടൻതന്നെ എസ്.ഐ അബ്ദുൾകരീമിന്റെ നേതൃത്വത്തിലുള്ള സംഘത്തെയും സി.ഐ.എ.കെ.ആചാരിയേയും മദ്രാസിലേക്ക് അയച്ചു. ഗോപാലകൃഷ്ണൻ എന്നൊരു എസ്.ഐയും പോയി. എത്തിയ ദിവസം തന്നെ റെനിയുൾപ്പെടെ മൂന്നുപേരും വലയിലായി. കിബ് ലോ പിന്നീട് കിൽപ്പോക്ക് സ്റ്റേഷനിൽ കീഴടങ്ങി.
ബന്ധുവാണെങ്കിലും റെനി ജോർജ് മുമ്പ് രണ്ട് തവണ മാത്രമേ ജോർജിനെയും റേച്ചലിനെയും കണ്ടിരുന്നുള്ളൂ. തിരുവല്ലയിൽ റെനിയുടെ ബന്ധു ആശുപത്രിയിൽ കിടന്നപ്പോൾ ജോർജും റേച്ചലും അവിടെ ചെന്നിരുന്നു. അപ്പോഴാണ് റെനിയെ ആദ്യമായി കാണുന്നത്. അന്ന് ഇവർ കൊണ്ടുചെന്ന ഫ്ളാസ്ക് ആശുപത്രിയിൽ മറന്നുവച്ച് പോയി. രോഗിയെ ഡിസ്ചാർജ്ജ് ചെയ്തപ്പോൾ തിരികെ പോകുന്നവഴിക്ക് റെനി അത് കൊണ്ടു കൊടുത്തു.എപ്പോഴും സർവാഭരണ വിഭൂഷിതയായി നടക്കുന്ന പ്രകൃതക്കാരിയായിരുന്നു റേച്ചൽ. വലിയ പണക്കാരായിരിക്കുമെന്ന ധാരണ റെനിക്കുണ്ടായിരുന്നു. അങ്ങനെയാണ് മയക്കുമരുന്നിന് അഡിക്ടായ സുഹൃത്തുക്കളെയും കൂട്ടി കരിക്കിൻ വില്ലയിലെത്തിയത്. പണം അടിച്ചു മാറ്റുകയെന്നതല്ലാതെ കൊലപാതകം ആദ്യ അജണ്ടയിലില്ലായിരുന്നു. പൊലീസ് പറഞ്ഞതനുരിച്ച് ക്രൈം ഇങ്ങനെ.-"ജോർജ് വായിക്കുന്ന പുസ്തകം നോക്കാനെന്ന വ്യാജേന റെനി പിറകിൽ പോയി നിന്നു. കിബ്ലോയെ അവിടേക്ക് വിളിച്ചു. കത്തികൊണ്ട് കുത്താൻ കിബ് ലോയോട് പറഞ്ഞു. കിബ് ലോ അറച്ചപ്പോൾ കത്തി വാങ്ങി റെനി നിരവധി തവണ കുത്തി. റേച്ചലിന്റെ നെറ്റിയിൽ കിബ് ലോ കുപ്പികൊണ്ട് അടിച്ചു.ബോധമില്ലാതെ വീണ റേച്ചലിൽ നിന്ന് ഞരക്കം കേട്ടപ്പോൾ അടുക്കളയിലുണ്ടായിരുന്ന കറിക്കത്തി എടുത്തുകൊണ്ടു വന്ന് കിബ് ലോ റേച്ചലിന്റെ വയറിൽ കുത്തിയിറക്കി. കത്തി അതുപോലെ ഇരിപ്പുണ്ടായിരുന്നു. മറ്റേക്കത്തി അവർ പോകുന്ന വഴിക്ക് ഉപേക്ഷിച്ചു."
യഥാർത്ഥത്തിൽ കോടീശ്വരരായിരുന്നില്ല കരിക്കിൻവില്ലയിലെ ദമ്പതികൾ. തിരുവല്ലയിലെ രണ്ട് ബാങ്കുകളിലായി ഇരുവരുടെയും ജോയിന്റ് അക്കൗണ്ടുകളിലായി അഞ്ചുലക്ഷം രൂപയും ,താമസിക്കുന്ന വീടും വീടിനു പിറകിൽ അഞ്ചേക്കർ വരുന്ന റബ്ബർ തോട്ടവുമായിരുന്നു ആകെയുള്ള സ്വത്ത്. റേച്ചലിന്റെ ശരീരത്തിലെ ആഭരണങ്ങൾ മുഴുവൻ പ്രതികളെടുത്തിരുന്നു. രണ്ട് റോളക്സ് വാച്ചുകളും ടേപ്പ് റെക്കോർഡറും കവർന്നു. പണം വീട്ടിൽ സൂക്ഷിക്കുന്ന പ്രകൃതക്കാരനായിരുന്നില്ല ജോർജ്. ഒരെതിർപ്പുമില്ലാതെ പ്രതികൾ കുറ്റം സമ്മതിച്ചു. പ്രതികൾ പിടിയിലായതോടെ, ക്രെഡിറ്റിനു മത്സരിക്കാൻ താത്പര്യമില്ലാത്തതിനാൽ ബാൽ ആലപ്പുഴയ്ക്കു മടങ്ങി. സിബി മാത്യൂസാണ് കുറ്റപത്രം സമർപ്പിച്ചത്. വിചാരണ കോട്ടയം സെഷൻസ് കോടതിയിലായിരുന്നു. ജസ്റ്റിസ് ശ്രീധരൻ മൂന്ന് ജീവപര്യന്തം വീതം ഒരുമിച്ചനുഭവിക്കണമെന്ന വ്യവസ്ഥയിൽ പ്രതികളെ ശിക്ഷിച്ചു.
കരിക്കിൻവില്ല കൊലപാതകം പ്രശസ്ത സംവിധായകൻ ശശികുമാർ മദ്രാസിലെ മോൻ എന്ന പേരിൽ സിനിമയാക്കി. ബാലുമായി ചർച്ച നടത്തിയാണ് തിരക്കഥ തയ്യാറാക്കിയത്. ശശികുമാറിന്റെ അഭ്യർത്ഥന പ്രകാരം മന്ത്രി ടി.കെ.രാമകൃഷ്ണനിൽ നിന്ന് അനുവാദം വാങ്ങി ബാൽ അന്വേഷണ ഉദ്യോഗസ്ഥനായി ചിത്രത്തിൽ മുഴുനീള വേഷം ചെയ്തു. പൊലീസ് സർവീസിലുള്ള പലരും അന്നും ഇന്നും സിനിമയിൽ അഭിനയിക്കുന്നുണ്ടങ്കിലും ബാലിന് തുടർന്ന് അഭിനയിക്കാനുള്ള അനുമതി അസൂയാലുക്കളായ ചിലർ പാരവച്ച് റദ്ദാക്കിച്ചു. അഞ്ച് ചിത്രങ്ങളുടെ ഓഫർ നിലവിലുള്ളപ്പോഴായിരുന്നു അത്. വിധി വന്നപ്പോൾ ബാലിന് റിവാർഡ് നൽകുമെന്ന് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന വയലാർ രവി പറഞ്ഞെങ്കിലും നേരത്തെ സൂചിപ്പിച്ചവരുടെ പാരകൾ മൂലം അത് തട്ടിപ്പോയി. സിനിമയിൽ അഭിനയിച്ചതിന്റെ പേരുപറഞ്ഞായിരുന്നു പാര.
ശിക്ഷകഴിഞ്ഞിറങ്ങിയപ്പോൾ വിദേശികളായ പ്രതികൾ അവരുടെ രാജ്യങ്ങളിലേക്ക് പോയി. റെനി മാനസാന്തരപ്പെടുകയും സുവിശേഷ പ്രവർത്തനങ്ങളിൽ സജീവമാവുകയും ചെയ്തു. ബാലിന്റെ പേർ മാത്രമല്ല എസ്.പി ഗോപിനാഥിന്റെ പേരും പിന്നീട് കരിക്കിൻ വില്ലയുമായി ചേർത്ത് പറഞ്ഞില്ല. കേരള പൊലീസ് കണ്ട ഏറ്റവും സത്യസന്ധനായ ഓഫീസർമാരിലൊരാളായിരുന്ന ഗോപിനാഥ് പിൽക്കാലത്ത് തിരുവനന്തപുരത്ത് ഡി.ഐ.ജിയായിരിക്കെ സ്വയം വെടിവച്ച് മരിച്ചു.
ചരിത്രം പലപ്പോഴും തെറ്റായി രേഖപ്പെടുത്താറുണ്ട്. കരിക്കിൻവില്ല കേസന്വേഷണത്തെക്കുറിച്ച് വിക്കിപീഡിയ നോക്കിയാൽ ബാലിന്റെയോ,ഗോപിനാഥിന്റെയോ പേരില്ല. കേസിൽ പ്രതികളെ തൂക്കിക്കൊല്ലാൻ ആലപ്പുഴ സെഷൻസ് കോടതി ശിക്ഷിച്ചുവെന്നും പിൽക്കാലത്ത് ജീവപര്യന്തമാക്കി ശിക്ഷ കുറച്ചുവെന്നുമൊക്കെ അതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാം തെറ്റായ വിവരങ്ങൾ.കേരളത്തിലെ അഞ്ച് ജില്ലകളിൽ എസ്.പിയായ ചരിത്രമുള്ള ബാൽ കോട്ടയം എസ്.പിയായി 1995 നവംബറിലാണ് സർവീസിൽ നിന്ന് വിരമിച്ചത്. കരിക്കിൻവില്ല സംഭവം നടന്നിട്ട് നാല്പത് വർഷമാകുന്നു. കേസിലെ നിർണായക സാക്ഷിയായ ഗൗരി കഴിഞ്ഞയാഴ്ച മരിച്ചു. കേസിന്റെ മായാത്ത ചരിത്രവുമായി ബാൽ വടക്കൻ പരവൂരിലുണ്ട്.