kanam

തിരുവനന്തപുരം: സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തി. ''1965ലെ ചരിത്രം കോടിയേരി ഒന്നുകൂടി വായിച്ചുനോക്കണം. വരുകയും പോവുകയും ചെയ്യുന്നവരെ സ്വീകരിക്കുകയല്ല വേണ്ടത്. മുന്നണിയുടെ അടിത്തറ വികസിപ്പിക്കുന്നത് ഇങ്ങനെയല്ല.

സംസ്ഥാനത്ത് തുടർ ഭരണ സാധ്യതയുണ്ട്. അതിനെ ദുർബലപ്പെടുത്തരുത്. ജോസ് പക്ഷം വിലപേശുന്ന പാർട്ടിയാണ്. സാമൂഹ്യ അകലം പാലിക്കേണ്ട സമയമാണിത് ''- കാനം പറഞ്ഞു. 1965ലെ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ ഫലം ഓർമ്മിപ്പിച്ചായിരുന്നു കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ കാനം രാജേന്ദ്രന്റെ നേരത്തേയുളള പ്രതികരണങ്ങൾക്ക് കോടിയേരി മറുപടി കൊടുത്ത്.

ജോസ് കെ മാണിയെ ഇടതുമുന്നണിയിലെടുക്കുന്നതിനോട് തുടക്കത്തിലേ സി പി ഐയ്ക്ക് കടുത്ത എതിർപ്പായിരുന്നു. അവശ നിലയിലായവരുടെ വെന്റിലേഷനല്ല ഇടതുമുന്നണിയെന്നാണായിരുന്നു കാനം ഇതുസംബന്ധിച്ച് ആദ്യം പ്രതികരിച്ചത്. അതേസമയം ജാേസ് കെ മാണി പക്ഷത്തെ സഹകരിപ്പിക്കുന്ന കാര്യത്തിൽ എൽ ഡി എഫിലെ സി പി ഐ ഒഴികെയു‌ള‌ള കക്ഷികളുമായി സി പി എം ധാരണയിലെത്തിയതായാണ് സൂചന. ഇവർക്കാർക്കും ജോസ് കെ മാണിയെ സഹകരിപ്പിക്കുന്നതിൽ എതിർപ്പില്ല. അതിനാൽ സി പി ഐയുടെ എതിർപ്പും ക്രമേണ ഇല്ലാതാവുമെന്നാണ് അവർ കരുതുന്നത്. ആദ്യം തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ സഹകരണവും തുടർന്ന് മുന്നണി പ്രവേശനം എന്ന ധാരണയിലാണ് സി പി എമ്മും ജോസ് കെ മാണിയും എത്തിയതെന്നാണ് റിപ്പോർട്ട്.