ആഡംബരത്തിന്റെ വേലിക്കെട്ടുകൾ തകർത്തെറിഞ്ഞ് ബി.എം.ഡബ്ള്യു ഒരുക്കുന്ന പുത്തൻ മോഡലാണ് 8-സീരീസിലെ ഗോൾഡൻ തണ്ടർ എഡിഷൻ. 8-സീരീസിലെ കൂപ്പേ മുതൽ ഗ്രാൻഡ് കൂപ്പേ വരെ, 840ഐ മുതൽ എം850ഐ എക്‌സ് ഡ്രൈവ് വരെ എല്ലാ മോഡലുകൾക്കും ഗോൾഡൻ തണ്ടർ എന്ന സ്‌പെഷ്യൽ വ്യക്തിഗത എഡിഷനുണ്ടാകും.
ജർമ്മനിയിലെ ഡിൻഗോൾഫിംഗ് പ്ളാന്റിൽ നിന്ന് സെപ്‌തംബർ മുതൽ ഗോൾഡൻ തണ്ടർ എഡിഷൻ പുറത്തിറങ്ങും. ബി.എം.ഡബ്ള്യുവിന്റെ എക്‌സ്‌ക്ളുസീവ് ഇൻഡിവിജ്വൽ ഡിസൈൻ മാത്രമല്ല, അത്യാധുനിക ഫീച്ചറുകൾ ഉൾപ്പെടെ ഒട്ടേറെ പുതുമകളാൽ സമ്പന്നമാണ് ഈ സ്‌പെഷ്യൽ എഡിഷൻ. കറുപ്പഴകുള്ള ബോഡിയിൽ സ്വർണം മനോഹരമായി അണിഞ്ഞാണ് ഈ പുത്തൻ താരം എത്തുന്നതെന്ന കൗതുകവുമുണ്ട്.
സഫയർ ബ്ളാക്ക് മെറ്റാലിക്, ഫ്രോസൺ ബ്ളാക്ക് മെറ്റാലിക് നിറഭേദങ്ങളാണുള്ളത്. പുറത്ത്, റിയർവ്യൂ മിറർ കാപ്പ്, 20-ഇഞ്ച് എം ലൈറ്ര് അലോയ് വീലുകൾ, എം റിയർ സ്പോയിലർ എന്നിവ സ്വർണം പൂശിയിരിക്കുന്നു. ഇരുവശത്തെയും ബമ്പറുകളിലും കാണാം പൊന്നഴക്. കറുപ്പിനോട് ചേർന്നുനിൽക്കുന്നവിധം പുറംമോടിയിൽ ഹൈ ഗ്ളോസ് ഷാഡോ ലൈൻ കാണാം. എം സ്‌പോർട്‌സ് ബ്രേക്ക് സിസ്‌റ്റത്തിന് ബ്ളാക്ക് ബ്രേക്ക് കാലിപ്പറുകളും നൽകിയിരിക്കുന്നു. അകത്തളത്തിൽ, ബ്ളാക്ക് മെറീനോ ലെതർ സീറ്റുകൾ കാണാം. മുൻനിരയിലെ ഹെഡ്‌റെസ്‌റ്രിൽ 'എഡിഷൻ ഗോൾഡൻ തണ്ടർ" എന്ന് എഴുതിയിട്ടുണ്ട്.
അകത്തളത്തിലും സ്വർണത്തിന്റെ സാന്നിദ്ധ്യം കാണാം. ബോവേഴ്‌സ് ആൻഡ് വിൽകിൻസ് ഡയമണ്ട് സറൗണ്ട് സിസ്‌റ്റമാണ് മറ്റൊരു ആകർഷണം. സ്‌റ്രാൻഡേർഡ് മോഡലുകളിലെ ക്രോം പൂർണമായി തന്നെ മാറ്രിനിറുത്തിയാണ്, ഗോൾഡൻ തണ്ടർ എഡിഷനിൽ കറുപ്പിന് ബി.എം.ഡബ്ള്യു കൂടുതൽ പ്രാധാന്യം കൊടുത്തിട്ടുള്ളത്. ബ്രേക്ക് കാലിപ്പർ കറുപ്പാക്കിയതാണ് ഇതിൽ ശ്രദ്ധേയം. അകത്തളത്തിൽ, അലുമിനിയം മെഷ് - എഫക്‌റ്ര് ഗോൾഡ് ട്രിം സെന്റർ കൺസോളിനെ മനോഹരമാക്കുന്നു.
കരവിരുത് നിറയുന്ന, ക്രാഫ്‌റ്റഡ് ക്ളാരിറ്റി ഗ്ളാസ് ഗിയർ സെലക്‌ടറും കൂടി ചേരുമ്പോൾ ഈ ലക്ഷ്വറി സ്പോർട്‌സ് കാറിന്റെ അകത്തളം കൂടുതൽ പ്രീമിയം ഫീൽ സമ്മാനിക്കും. എം സ്‌പോർട്‌സ് പാക്കേജ്, സ്‌റ്റാൻഡേർഡായി തന്നെയാണ് ഗോൾഡൻ തണ്ടർ എഡിഷനിൽ ബി.എം.ഡബ്ള്യു ലഭ്യമാക്കുന്നത്.
പൊന്നിൽ കുളിച്ച്
ഗോൾഡൻ തണ്ടർ എഡിഷനുള്ളത് ബി.എം.ഡബ്ള്യുവിന്റെ രണ്ട് എക്‌സ്ക്ളുസീവ് പെയിന്റ് ഓപ്ഷനുകൾ
എം സ്‌പോർട്‌സ് ബ്രേക്ക് സിസ്‌റ്റം ഉൾപ്പെടുന്ന എം സ്‌പോർട്‌സ് പാക്കേജ്
അകളത്തിൽ ബി.എം.ഡബ്ള്യുവിന്റെ ഉന്നത നിലവാരമുള്ള ഇൻഡിവിജ്വൽ എക്വിപ്‌മെന്റ്
റിയർവ്യൂ മിറർ കാപ്പുകൾ, റിയർ സ്‌പോയിലർ, ബമ്പറുകൾ, 20-ഇഞ്ച് എം ലൈറ്ര് അലോയ് വീലുകൾ എന്നിവയിൽ സ്വർണം പൂശിയിരിക്കുന്നു
₹1.55Cr
ഗോൾഡൻ തണ്ടർ എഡിഷന്റെ വില, എൻജിൻ എന്നിവ ബി.എം.ഡബ്ള്യു വെളിപ്പെടുത്തിയിട്ടില്ല. നേരത്തെ പുറത്തിറക്കിയ 840ഐ ഗ്രാൻ കൂപ്പേ, 840ഐ ഗ്രാൻ കൂപ്പേ എം സ്‌പോർട്ട് എന്നിവയുടെ വില 1.30 കോടി മുതൽ 1.55 കോടി രൂപവരെ ആയിരുന്നു. ഇതിലും ഉയർന്ന വില 'സ്വർണ എഡിഷന്" പ്രതീക്ഷിക്കാം.