ഇന്ത്യയിൽ ഏറ്രവുമധികം വിറ്റഴിയുന്ന കാർ എന്ന പട്ടം തിരിച്ചുപിടിച്ച് മാരുതി സുസുക്കി ഓൾട്ടോ. വർഷങ്ങളായി കുത്തകയാക്കിവച്ച ഒന്നാംസ്ഥാനം, കൊവിഡിന്റെയും ലോക്ക്ഡൗണിന്റെയും പശ്‌ചാത്തലത്തിൽ ബദ്ധവൈരിയായ ഹ്യുണ്ടായിയുടെ ക്രെറ്റ മേയിൽ പിടിച്ചെടുത്തിരുന്നു. 7,298 യൂണിറ്റുകളുടെ വില്പനയുമായാണ് ഓൾട്ടോ വീണ്ടും ടോപ് സീറ്രിലേക്ക് ഇരച്ചുകയറിയത്. ക്രെറ്റയ്ക്ക് 7,207 യൂണിറ്റുകളുടെ വില്പനയുമായി രണ്ടാംസ്ഥാനം.
ഇടക്കാലത്ത് ഡിസയർ, ബലേനോ, സ്വിഫ്‌റ്ര്, വാഗൺആർ എന്നീ സ്വന്തം മോഡലുകളും ഓൾട്ടോയെ പിന്നിലാക്കിയിരുന്നെങ്കിലും ഒന്നാംസ്ഥാനം മറ്റൊരു കമ്പനിക്ക് മാരുതി വിട്ടുകൊടുത്തിരുന്നില്ല. പക്ഷേ, മേയിൽ കൊവിഡ് താളംതെറ്റിച്ചു. 15 വർഷം തുടർച്ചയായി പ്രതിമാസ വില്പനയിൽ ഒന്നാമതായിരുന്നു ഓൾട്ടോ. 2018ൽ ഓൾട്ടോ കിരീടം ഡിസയറിന് വച്ചുമാറി. പിന്നീടാണ് ചില മാസങ്ങളൽ ബലേനോയും സ്വിഫ്‌റ്റും വാഗൺആറും ആ കിരീടത്തിൽ മുത്തമിട്ടത്; മേയിൽ ഹ്യുണ്ടായ് ക്രെറ്റയും.
ക്രെറ്റയുടെ 'കസിൻ" സെൽറ്റോസ് 7,114 യൂണിറ്റുകളുടെ വില്പനയുമായി കഴിഞ്ഞമാസം മൂന്നാംസ്ഥാനം നേടിയെന്ന പ്രത്യേകതയുമുണ്ട്. മാരുതി ഡിസയർ, വാഗൺആർ എന്നിവയെയാണ് സെൽറ്രോസ് മറികടന്നത്. ഹ്യുണ്ടായിയുടെ ഉപകമ്പനിയായ കിയയുടെ ആദ്യ ഇന്ത്യൻ മോഡലാണ് സെൽറ്റോസ്. വാഗൺആർ നാലാമതും ഡിസയർ അഞ്ചാമതുമാണ്.