വളർച്ചാനിർണയ ഘടകങ്ങൾ മെച്ചപ്പെട്ടതിന്റെ പിൻബലത്തിൽ ഓഹരി വിപണികൾ നേട്ടക്കുതിപ്പ് തുടരുകയാണ്. കഴിഞ്ഞമാസത്തെ അപേക്ഷിച്ച് പ്രവർത്തനങ്ങൾ സ്ഥിരതയാർജിച്ചു. മോശം സമയം കഴിഞ്ഞെന്ന് പറയാം. മാനുഫാക്ചറിംഗ് പർച്ചേസ് ഇൻഡക്സ് (പി.എം.ഐ) മേയിലെ 30.8ൽ നിന്ന് ജൂണിൽ 37.5 ആകുമെന്നാണ് പ്രതീക്ഷിച്ചത്; എന്നാൽ, കണക്കുകൂട്ടൽ തെറ്രിച്ച് അത് 47.2 ആയി കൂടുതൽ മെച്ചപ്പെട്ടു.
വാഹന വില്പന സാമാന്യം മെച്ചപ്പെട്ടു. വരുംമാസങ്ങളിൽ കൂടുതൽ ഉണർവ് പ്രതീക്ഷിക്കുന്നു. ബാങ്കിംഗ്, എഫ്.എം.സി.ജി, ഐ.ടി എന്നിവയാണ് മെച്ചപ്പെട്ട പ്രകടനം നടത്തിയ മറ്ര് മേഖലകൾ. സാമ്പത്തികമേഖല കൂടുതൽ തുറക്കുമ്പോൾ വളർച്ചയും മെച്ചപ്പെട്ട ആസ്തി നിലവാരവും പ്രതീക്ഷിച്ചാണ് ബാങ്കിംഗ് മേഖല ഉണർവ് നേടിയത്. ആഭ്യന്തര വില്പന സജീവമാകുന്നതും കടൽവഴിയുള്ള വ്യാപാരങ്ങൾ തിരിച്ചുവന്നതും രൂപയുടെ വിലയിടിവും എഫ്.എം.സി.ജിക്കും ഐ.ടിക്കും നേട്ടമായി.
ഇന്ത്യയിലും വിദേശത്തും വൈറസ് വ്യാപനത്തിന്റെ വർദ്ധന സാമ്പത്തിക വീണ്ടെടുപ്പ് മന്ദഗതിയിലാക്കിയേക്കും. മാന്ദ്യം ഒഴിയുകയാണെന്ന പ്രതീക്ഷയും വാക്സിൻ കണ്ടെത്താൻ ഇന്ത്യയും മറ്റു രാജ്യങ്ങളും കാഴ്ചവയ്ക്കുന്ന പുരോഗതിയും കരുത്താകുമെങ്കിലും സാമ്പത്തികമായുള്ള തിരിച്ചുവരവ് ഹ്രസ്വകാലത്തേക്ക് എങ്കിലും തടയപ്പെടും.
അമേരിക്കയും കൊവിഡും
അമേരിക്കയുടെ നിലവിലെ സ്ഥിതി ആഗോളവിപണിയെ സ്വാധീനിച്ചിട്ടുണ്ട്. എങ്കിലും, ജൂണിൽ 48 ലക്ഷം പേർക്ക് പുതുതായി ജോലി ലഭിച്ചത് ആശ്വാസമാണ്. 30 ലക്ഷം തൊഴിലുകളാണ് പ്രതീക്ഷിച്ചിരുന്നത്. മാന്ദ്യത്തിന്റെ ആഴത്തിലുള്ള പ്രശ്നങ്ങൾ ശമിച്ചുതുടങ്ങിയെന്ന് കരുതുന്നു. അമേരിക്കൻ വിപണികളൊക്കെ തുറന്നു തുടങ്ങി. അതേസമയം, ഇതു വൈറസ് വ്യാപനം കൂടാനിടയാക്കുമോ എന്ന ആശങ്കയുണ്ട്.
വാഹന വിപണി
വാഹന വില്പന ഓരോ മാസവും മെച്ചപ്പെടുകയാണ് ഇന്ത്യയിൽ. പൊതുഗതാഗതം ഉപേക്ഷിക്കാനുള്ള ജനങ്ങളുടെ താത്പര്യമാണ് ഇതിന്റെ അനുകൂലഘടകം. എന്നാൽ, സാമ്പത്തിക അനിശ്ചിതത്വം തുടരുന്നതിനാൽ കൊവിഡിന് മുമ്പത്തെ സ്ഥിതിയിലേക്ക് അതിവേഗം തിരിച്ചെത്തുമെന്ന് പറയാനാവില്ല.
ഉത്സവകാല ഡിമാൻഡ്, അടിസ്ഥാനസൗകര്യ വികസനം എന്നിവ വിപണിക്ക് ആവേശമായേക്കും. മികച്ച മൺസൂണും ഉയർന്ന ജലലഭ്യതയും മെച്ചപ്പെട്ട ഖാരിഫ് വിളവുകളും കരുത്താകും.
ചെറുകിട ഓഹരികൾ
ഇടത്തരം, ചെറുകിട ഓഹരികളാണ് കഴിഞ്ഞ മൂന്നുമാസത്തിൽ ഏറ്രവും മികച്ച പ്രകടനം നടത്തിയത്. ചില വിഭാഗങ്ങൾ 50 ശതമാനം വരെ വളർന്നു. എന്നാൽ, ഇതു നിലനിറുത്തുക പ്രയാസമാണ്. വിപണിയിൽ പെട്ടെന്നൊരു പതനം പ്രതീക്ഷിക്കുന്നില്ല. എങ്കിലും, ജാഗ്രത അനിവാര്യമാണ്. ദീർഘകാല ലക്ഷ്യത്തിലേക്ക് കടക്കുംമുമ്പ് ചെറിയ ഇടവേള നല്ലതാണ്.
നിഫ്റ്റിയുടെ ഭാവി
സാങ്കേതിക വിശകലന പ്രകാരം നിഫ്റ്റി 50ന്റെ മികച്ച ലക്ഷ്യം 10,650ന്റെ വിശ്വാസ യോഗ്യമായ ബ്രേക്കപ്പിനുശേഷം 10,900 ആണ്. മോശം സ്ഥിതിയാകട്ടെ 10250ന്റെ പിന്തുണയോടെ 10,000.
(ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)