കാൺപൂർ: ഉത്തർപ്രദേശിലെ കൊടുംകുറ്റവാളി വികാസ് ദുബെയുടെ ഉറ്റ അനുയായിയെ പൊലീസ് പിടികൂടി. ദയാശങ്കർ അഗ്നിഹോത്രിയാണ് പിടിയിലായത്. കഴിഞ്ഞദിവസം എട്ടുപൊലീസുകാരെ വധിച്ച സംഘത്തിൽ ഇയാളും ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇന്നു പുലർച്ചെ രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ കാലിൽ വെടിവച്ചാണ് പിടികൂടിയത്.
കല്യാൺപൂർ മേഖലയിൽ ദയാശങ്കർ എത്തിയിട്ടുണ്ടെന്ന വിവരത്തെത്തുടർന്ന് പുലർച്ചെ നാലരയാേടെ പൊലീസ് സ്ഥലത്തെത്തി. ഈ സമയം രക്ഷപ്പെടാനായി ദയാശങ്കർ പൊലീസിനുനേരെ വെടിയുതിർത്തു. തുടർന്ന് പൊലീസ് ഇയാളുടെ കാലിന് വെടിവച്ച് കീഴ്പ്പെടുത്തുകയായിരുന്നു. നാടൻ താേക്കുൾപ്പെടെയുളള ആയുധങ്ങളും പിടിച്ചെടുത്തു.ഇയാളിൽ നിന്ന് പല സുപ്രധാന വിവരങ്ങളും കിട്ടിയെന്നാണ് പൊലീസ് പറയുന്നത്.
വികാസ് ദുബെയെ പിടികൂടാൻ പൊലീസ് വരുന്നുവെന്ന വിവരം വളരെ നേരത്തേ തന്നെ സംഘത്തിന് കിട്ടിയിരുന്നെന്നും ചൗബേയ്‌പുർ പൊലീസ് സ്റ്റേഷനിൽ നിന്നാണ് വിവരങ്ങൾ ലഭിച്ചതെന്നും ഇയാൾ പറഞ്ഞു. ഇങ്ങനെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ആസൂത്രണത്തിലാണ് പൊലീസ് സംഘത്തിന് കനത്ത ആൾനാശം വരുത്താൻ ഗുണ്ടാസംഘത്തിന് കഴിഞ്ഞത്.
എന്നാൽ ദുബെ എവിടെയാണെന്ന് ഇതുവരെയും പൊലീസിന് ഒരു സൂചനയും ലഭിച്ചിട്ടില്ല. അതിനിടെ ദുബയെക്കുറിച്ച് വിവരം നൽകുന്നവർക്കുളള പ്രതിഫലം ഒരുലക്ഷം രൂപയാക്കി ഉയർത്തിയിട്ടുണ്ട്. നേരത്തേ ഇത് അമ്പതിനായിരം രൂപയായിരുന്നു. ഇയാളുടെ സംഘത്തിലെ മറ്റുളളവരെപ്പറ്റു വിവരം നൽകുന്നവർക്ക് 25,000 രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.കഴിഞ്ഞദിവസം ദുബേയുടെ ബംഗ്‌ളാവും വാഹനങ്ങളും പൊലീസ് തകർത്തിരുന്നു. പൊലീസ് സംഘത്തെ തടയാൻ റോഡിൽ ദുബേ നിറുത്തിയിട്ട അതേ ജെ സി ബി ഉപയോഗിച്ചാണ് വാഹനങ്ങളും ബംഗ‌്‌ളാവും തകർത്തത്.