ടോക്കിയോ: തെക്കൻ ജപ്പാനിൽ കനത്തമഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 16 പേർ മരിച്ചു. പന്ത്രണ്ടിലധികം പേരെ കാണാതായി. തെക്കൻ ജപ്പാനിലെ ക്യുഷു പ്രദേശത്താണ് അപ്രതീക്ഷിതമായ മണ്ണിടിച്ചിലും മഴയും വെള്ളപ്പൊക്കവും ജനങ്ങളെ വലച്ചത്. മണ്ണിടിച്ചിലിൽ ഒട്ടേറെ വീടുകൾ തകർന്നു. ഒരു പ്രദേശത്തെ മുഴുവൻ വീടുകളും ഒലിച്ചുപോയി. പ്രളയബാധിത പ്രദേശങ്ങളിൽ എത്ര പേർ കുടുങ്ങിക്കിടക്കുന്നുവെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. കുമ നദിയുടെ കരയാകെ മഴയിൽ ഇടിഞ്ഞുതാണത് അപകടത്തിന്റെ വ്യാപ്തി ഉയർത്തി. നദിയിൽ നിന്നൊലിച്ചെത്തിയ വെള്ളം ഹിറ്റൊയോഷ്കി പട്ടണത്തെയാകെ മുക്കി. അവിടെയുളള വൃദ്ധസദനത്തിലുണ്ടായിരുന്ന പതിന്നാലു പേർക്കാണ് വെള്ളപ്പൊക്കത്തിൽ ജീവൻ നഷ്ടമായത്. രാത്രിയിൽ മഴ കനത്തതിനെത്തുടർന്ന് കുമമോട്ടോ, കഗോഷിമ നഗരങ്ങളിലെ 75,000ത്തിലധികം നിവാസികൾ തങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി. മരണനിരക്ക് ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. 200000 പേരെ മാറ്റി പാർപ്പിച്ചതായും 10,000 പ്രതിരോധ സൈനികരെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചതായും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ പറഞ്ഞു. ഈ പ്രദേശത്ത് ഇത്രയധികം മഴ രേഖപ്പെടുത്തുന്നത് ഇതാദ്യമായാണെന്ന് ജപ്പാനിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. 2018ലും സമാനമായ രീതിയിൽ ജപ്പാനിൽ വെള്ളപ്പൊക്കമുണ്ടായി. അന്ന് 200 ഓളം പേരാണ് മരിച്ചത്.