കൊച്ചി: കൊവിഡിനെ തുടർന്നുളള കടുത്ത സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് സിനിമാ മേഖലയെ രക്ഷപ്പെടുത്താൻ താരങ്ങൾ പ്രതിഫലം കുറയ്ക്കുന്ന കാര്യത്തിൽ തീരുമാനമായി. ഇന്നുനടന്ന 'അമ്മ'യുടെ നിർവാഹക സമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്. 50 ശതമാനം വരെ പ്രതിഫലം കുറയ്ക്കാൻ തയ്യാറാണെന്ന് അമ്മ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ അറിയിക്കും.
കൊവിഡ് മൂലമുളള പ്രതിസന്ധി കണക്കിലെടുത്ത് സൂപ്പർ താരങ്ങൾ ഉൾപ്പെടെയുളളവർ പ്രതിഫലം പകുതിയെങ്കിലും കുറയ്ക്കണമെന്നായിരുന്നു നിർമ്മാതാക്കളുടെ ആവശ്യം. ചലച്ചിത്ര സംഘടനകളുമായി ചർച്ചചെയ്യാതെ ഇത്തരമൊരു ആവശ്യം നിർമ്മാതാക്കൾ ഉന്നയിച്ചതിനെതിരെ അമ്മയിൽ നിന്ന് എതിർപ്പുയർന്നിരുന്നു. അതിനാലാണ് നിർവാഹക സമിതിയോഗം കൂടിയതും തീരുമാനമെടുത്തതും.
യോഗം നടന്ന ഹോട്ടൽ സ്ഥിതിചെയ്യുന്ന ചക്കരപ്പറമ്പ് കണ്ടെയ്ൻമെന്റ് സോണായതിനാൽ യോഗം നിറുത്തിവച്ചു. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം ഹോട്ടൽ അടപ്പിക്കുകയും ചെയ്തു. അതേസമയം കണ്ടെയ്ൻമെന്റ് സോണിൽ യോഗം നടത്തിയതിനെതിരെ ഹോട്ടലിനുമുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. ചില പ്രവർത്തകർ ഹോട്ടലിനുളളിൽ കടന്നു എന്നും റിപ്പോർട്ടുണ്ട്.