earl

ലണ്ടൻ: പ്രശസ്ത ബ്രിട്ടീഷ് സിനിമാ താരം ഏൾ കാമറൂൺ വാർദ്ധക്യസഹജമായ അസുഖങ്ങൾ മൂലം അന്തരിച്ചു. 102 വയസായിരുന്നു. 1951ൽ റിലീസായ പൂൾ ഒഫ് ലണ്ടനിലൂടെയാണ് തിയേറ്റർ ആർട്ടിസ്റ്റായ കാമറൂൺ ചലച്ചിത്ര ലോകത്ത് എത്തുന്നത്. അക്കാലത്ത് ആദ്യമായായിരുന്നു ഒരു കറുത്ത വംശജനായ നടന് ബ്രിട്ടീഷ് സിനിമ നായകതുല്യമായ കഥാപാത്രം നൽകുന്നത്. ചിത്രത്തിലെ കാമറൂണിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തു. ക്രിസ്റ്റഫർ നോളന്റെ ഇൻസെപ്ഷനിലും നിക്കോൾ കിഡ്മാൻ, സീൻപെൻ എന്നിവർക്കൊപ്പം ദ ഇന്റർപ്രെറ്ററിലും കാമറൂൺ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

ദ ക്വീൻ, തണ്ടർബോൾ, ഡോക്ടർ ഹൂ എന്നിവയാണ് കാമറൂണിന്റെ മറ്റ് പ്രശസ്ത ചിത്രങ്ങൾ. 1960 ൽ ബി.ബി.സി സംപ്രേഷണം ചെയ്ത ദ ഡാർക്ക്മാൻ ടെലിവിഷൻ പരമ്പരയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു. 1917ആഗസ്റ്റ് എട്ടിന് ബെർമുഡയിലെ പെംബ്രോക്കിൽ ജനിച്ച കാമറൂൺ ചെറുപ്പത്തിൽ ബ്രിട്ടീഷ് മർച്ചന്റ് നേവിയിൽ ചേർന്നു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമാണ് അഭിനയ ലോകത്തേക്ക് തിരിഞ്ഞത്. 2009ൽ സി.ബി.ഇ അവാർഡ് നേടിയിട്ടുണ്ട്. രണ്ട് തവണ വിവാഹിതനായ കാമറൂണിന്റെ അദ്യ ഭാര്യ ഓഡ്രി ഗൊഡോസ്കിയാണ്. ഇവരുടെ മരണശേഷം, ബാർബറയെ വിവാഹം ചെയ്തു. ആറു മക്കളുണ്ട്. കുറച്ച് വർഷങ്ങളായി അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു.