kim

വാഷിംഗ്ടൺ: വരുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ താനും ഒരു സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ച് ഗായകൻ കാന്യെ വെസ്റ്റ്. തന്റെ ട്വിറ്റർ പേജിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. "ദൈവത്തിൽ വിശ്വസിച്ചുകൊണ്ട് നമ്മുടെ കാഴ്ചപ്പാടുകളെ ഏകീകരിച്ചുകൊണ്ട് അമേരിക്കയെ പടുത്തുയർത്താം. അതിനായി ഞാനും പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക്" എന്നായിരുന്നു കാന്യെ തന്റെ ട്വിറ്ററിൽ കുറിച്ചത്. അമേരിക്കൻ പതാകയ്ക്കൊപ്പം ഒരു ആശ്ചര്യ ചിഹ്നവും വിഷൻ 2020 എന്ന ഹാഷ്ടാഗും കാന്യെ ട്വീറ്റിനൊപ്പം ചേർത്തിട്ടുണ്ട്. കാന്യെയുടെ ഭാര്യയും മോഡലുമായ കിം കർദാഷിയാൻ അമേരിക്കൻ പതാക മറുപടിയായി പോസ്റ്റ് ചെയ്തിട്ടുണ്ട്. ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്‍കും കാന്യെയ്‍ക്ക് പിന്തുണ അറിയിച്ചു.

കാന്യെയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതോടെ ഇരുവരുടെയും ആരാധകർ ആവേശത്തിലാണ്. കാന്യെയെ പ്രസിഡന്റായും കിമ്മിനെ പ്രഥമ വനിതയായും സങ്കൽപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആരാധകർ. ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലും ഇരുവരെയും പിന്തുടരുന്നവരുടെ എണ്ണത്തിലും വർദ്ധനയുണ്ട്.

പക്ഷേ പ്രസിഡന്റായി മത്സരിക്കണമെങ്കിൽ ചില കടമ്പകൾ കാന്യെയ്ക്ക് കടക്കണം. പ്രാഥമിക മത്സരത്തിൽ സ്വതന്ത്രന്മാരെ മത്സരിപ്പിക്കുകയെന്നത് അതാത് സ്റ്റേറ്റുകളുടെ അധികാര പരിധിയിൽ വരുന്ന വിഷയമാണ്. അക്കാര്യത്തിൽ തീരുമാനമെടുക്കാനുള്ള തീയതി സംബന്ധിച്ച് അന്തിമ തീരുമാനം ഇതുവരെ ആയിട്ടില്ല. കൊവിഡിന്റെ പശ്ചാത്തലത്തിൽ തീരുമാനം നീണ്ടുപോവുകയാണ്.

അഞ്ചു കൊല്ലം മുൻപ് പ്രഖ്യാപനം

താൻ 2020ൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അഞ്ചു വർഷം മുൻപു തന്നെ കാന്യെ വെസ്റ്റ് പറഞ്ഞിരുന്നു. 2015 ൽ നടന്ന എം.ടി.വി മ്യൂസിക് അവാർഡ് നിശയിലാണ് കാന്യെ തന്റെ ഇക്കാര്യം പറഞ്ഞത്. എന്നാൽ കഴിഞ്ഞ വർഷം താൻ മത്സരിക്കുക 2024ൽ ആയിരിക്കുമെന്നും പറഞ്ഞിരുന്നു. അമേരിക്കൻ പ്രസിഡന്റായ ഡൊണാൾഡ് ട്രംപിന്റെയും തിരഞ്ഞെടുപ്പിലെ ട്രംപിന്റെ മുഖ്യ എതിരാളി ജോ ബൈഡന്റെയും അടുത്ത സുഹൃത്താണ് കാന്യെ. താരം തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചാൽ മത്സരം കൊഴുക്കുമെന്നുറപ്പാണ്