
വാഷിംഗ്ടൺ: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5.33 ലക്ഷമായി. രോഗികൾ 1.14 കോടിയായി. 64.34 ലക്ഷം പേർ രോഗവിമുക്തരായി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 212,000 ലക്ഷം കേസുകളും 4489 മരണവും ലോകത്ത് റിപ്പോർട്ട് ചെയ്തു. കൊവിഡ് വ്യാപനം ആരംഭിച്ച ശേഷം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധാ നിരക്കാണിതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
ബ്രസീലിൽ മാത്രം 1111 പേർ മരിച്ചു. രാജ്യത്ത് രോഗികൾ 15 ലക്ഷവും മരണം 64000ഉം കടന്നു. അമേരിക്കയിൽ രോഗികൾ 29.36 ലക്ഷമായി. ആകെ മരണം - 1.32 ലക്ഷം. സ്പെയിൻ, ആസ്ട്രേലിയ എന്നീ രാജ്യങ്ങൾ രണ്ടാംഘട്ട വ്യാപന ഭീതിയിലാണ്. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കാറ്റലോണിയ മേഖലയിലാണ്. പ്രദേശത്ത് ശനിയാഴ്ച മുതൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. വെസ്റ്റ് ബാഴ്‍സലോണയിലെ സെർജിയയിലും കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലവിൽ വന്നു. ആളുകൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് നിർദ്ദേശമുണ്ട്. സെർജിയയിൽ മാത്രം 400 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. രണ്ട് പേർ മരിച്ചു.
ആസ്ട്രേലിയയിലെ വിക്റ്റോറിയയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 108 പേർ രോഗികളായി. രോഗബാധ രൂക്ഷമായ മെൽബൻ നഗരത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്.
റഷ്യയിൽ ഇന്നലെയും 6000ത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. ആകെ രോഗികൾ - 6.81 ലക്ഷം. മരണം - 10,027. പ്രതിദിന മരണം ഇതുവരെയും 200 കവിഞ്ഞിട്ടില്ല.
 കൊവിഡ് രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ടതിനെ തുടർന്ന് ഖാന പ്രസിഡന്റ് സ്വയം ഐസൊലേഷനിൽ പ്രവേശിച്ചു.
 പ്രശസ്ത ഈജിപ്ഷ്യൻ സിനിമ താരം രാഗാ അൽ ഗെഡാവി കൊവിഡ് ബാധിച്ച് മരിച്ചു. 81 വയസായിരുന്നു.
 ചൈനയിൽ എട്ട് പുതിയ കേസുകൾ.