മലപ്പുറം: പത്തുലക്ഷം രൂപയുടെ കളളനോട്ടുമായി മൂന്നുപേർ പിടിയിൽ. പാണ്ടിക്കാട് സ്വദേശി അമീർ ഖാൻ, കരുവാരക്കുണ്ട് സ്വദേശി മൊയ്തീൻകുട്ടി, തുവ്വൂർ സ്വദേശി ബഷീർ എന്നിവരാണ് കൊണ്ടോട്ടിയിൽ പിടിയിലായത്. വാഹന പരിശോധനയ്ക്കിടെയാണ് ഇവരെ പിടികൂടിയത്. 2000, 500 രൂപകളുടെ കളളനോട്ടുകളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്ത്. ഇവർ സഞ്ചരിച്ച കാറും നോട്ടടി യന്ത്രവും പിടിച്ചെടുത്തിട്ടുണ്ട്.അമീർഖാനാണ് സംഘത്തിലെ പ്രധാനി.
രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ മൂവർ സംഘം നേരത്തേ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇന്നുരാവിലെ കളളനോട്ടുമായി സംഘം എത്തുന്നുണ്ടെന്ന് വിവരം ലഭിച്ചതോടെ പൊലീസ് വാഹനപരിശോധന നടത്തി. ഇതിനിടെയാണ് ഇവർ പിടിയിലായത്. സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളിൽ ഇവർ വൻതോതിൽ കളളനോട്ടുകൾ വിതരണം ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. മൂവരെയും പൊലീസ് കൂടുതൽ ചോദ്യം ചെയ്യുകയാണ്. ഇവർക്കുപിന്നിൽ വൻ സംഘമുണ്ടെന്നാണ് കരുതുന്നത്.